ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ അറസ്റ്റ് നിഷേധിച്ച് പോലീസ്; പ്രതികാര നടപടിയെന്ന് മാലിക്
ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു. സിബിഐ സമൻസ് അയച്ചതിന് പിന്നാലെ, അദ്ദേഹത്തെ പിന്തുണച്ച് ആർകെ പുരത്ത് സംഘടിപ്പിച്ച കർഷകരുടെ ഖാപ് യോഗം റദ്ദാക്കുകയും സത്യപാൽ മാലിക് ഉൾപ്പെടെയുളളവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
യോഗത്തിന് മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് കർഷകനേതാക്കളെയും മാലിക്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു എന്നാണ് കർഷകർ ആരോപിക്കുന്നത്. യോഗത്തിന്, ലോക്കൽ പോലീസും ആർഡബ്ല്യുഎയും അനുമതി നിഷേധിച്ചിരുന്നു. ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള 36 പ്രമുഖ ഖാപ്പുകളുടെ നേതാക്കൻമാരാണ് പഞ്ചായത്ത് യോഗം കൂടാൻ തീരുമാനിച്ചത്.
ആർകെ പുരത്ത് ഖാപ് പ്രധാൻമാരെയും സത്യപാൽ മാലിക്കിനെയും അറസ്റ്റ് ചെയ്തുവെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർനാം സിംഗ് ചാരുണി ആരോപിച്ചു. ''കർഷകർക്ക് അനുകൂലമായി അദ്ദേഹം നടത്തിയ പ്രസ്താവനകൾ ബിജെപിയെ ചൊടിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് സിബിഐ സമൻസും ലഭിച്ചിരുന്നു.'' ഗുർനാം സിംഗ് പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു. കുറച്ചുപേർ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലും സത്യപാൽ മാലിക് ആർകെ പുരം പോലീസ് സ്റ്റേഷനിലുമാണ്.
എന്നാൽ, സത്യപാൽ മാലിക് സ്വന്തം ഇഷ്ടപ്രകാരമാണ് പോലീസ് സ്റ്റേഷനിലേക്ക് വന്നതെന്നും അദ്ദേഹത്തെ തടഞ്ഞിട്ടില്ലെന്നും എപ്പോൾ വേണമെങ്കിലും പോകാമെന്നും അറസ്റ്റ് ചെയ്തുവെന്ന ആരോപണത്തെ നിഷേധിച്ചു കൊണ്ട് സൌത്ത് വെസ്റ്റ് ഡിസിപി മനോജ് സി പറഞ്ഞു.
പുല്‍വാമ വെളിപ്പെടുത്തലിന് പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സിബിഐ ഇന്നലെയാണ് സമന്‍സ് അയച്ചത്. ഈ മാസം 28 ന് സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം. കശ്മീര്‍ റിലയന്‍സ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനായി 300 കോടിരൂപ കോഴ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.