ജന്തർമന്തറൊഴികെ മറ്റെവിടെയും സമരത്തിന് അനുമതി കൊടുക്കാമെന്ന് പോലീസ്; പിന്നോട്ടില്ലെന്ന് ഗുസ്തി താരങ്ങള്‍

ജന്തർമന്തറൊഴികെ മറ്റെവിടെയും സമരത്തിന് അനുമതി കൊടുക്കാമെന്ന് പോലീസ്; പിന്നോട്ടില്ലെന്ന് ഗുസ്തി താരങ്ങള്‍

ജന്തര്‍മന്തര്‍ ഒഴികെയുള്ള അനുയോജ്യമായ സ്ഥലത്ത് അനുമതി നല്‍കാമെന്നാണ് പോലീസിന്റെ നിലപാട്
Updated on
2 min read

ലൈംഗിക പീഡനാരോപണത്തില്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണിനെതിരായ ഗുസ്തിതാരങ്ങളുടെ സമരത്തിന് ജന്തർമന്തറില്‍ ഇനി അനുമതി കൊടുക്കില്ലെന്ന് പോലീസ്. താരങ്ങളെ ഇനി ജന്തർമന്തറിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍. ഇന്നലെ, ജന്തർമന്തറിലേക്ക് കടക്കാൻ ശ്രമിച്ച സമരക്കാരെ പോലീസ് തടഞ്ഞിരുന്നു.

പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന ദിനത്തില്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ, ജന്തർമന്തറിലെ സമരപന്തലടക്കം പോലീസ് നീക്കം ചെയ്തിരുന്നു. വീണ്ടും സമരത്തിന് അപേക്ഷ നല്‍കിയാല്‍ ജന്തര്‍മന്തര്‍ ഒഴികെയുള്ള അനുയോജ്യമായ സ്ഥലത്ത് അനുമതി നല്‍കാമെന്നാണ് പോലീസിന്റെ നിലപാട്.

ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ ബജ് രംഗ് പുനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുള്‍പ്പെടെ 700 ഓളം പേര്‍ അറസ്റ്റിലായിരുന്നു

മറുവശത്ത് പ്രതിഷേധം തുടരുമെന്ന് ഗുസ്തി താരങ്ങളും അറിയിച്ചു. പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഗുസ്തി താരങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കായിക താരങ്ങളില്‍ നിന്നും വന്‍ പിന്തുണയാണ് ലഭിച്ചത്. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ ബജ്രംഗ് പുനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുള്‍പ്പെടെ 700 ഓളം പേര്‍ അറസ്റ്റിലായിരുന്നു. സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ താരങ്ങളെ റോഡില്‍ വലിച്ചിഴച്ച് പോലീസ് വാനുകളില്‍ കയറ്റുകയായിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു.

''ആര് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും തളരില്ല. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും''.
സാക്ഷി മാലിക്

''സമാധാനപരമായിട്ടാണ് ഞങ്ങള്‍ മാര്‍ച്ച് നടത്തിയിരുന്നത്. പക്ഷേ പോലീസ് ഞങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പൊതുമുതലിന് നാശനഷ്ടം വരുത്താതെ നടത്തിയ പ്രതിഷേധത്തില്‍ എന്തിനാണ് അറസ്റ്റെന്ന് മനസ്സിലായിട്ടില്ല. 30 ഓളം പോലീസുകാര്‍ ചേര്‍ന്നാണ് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. ആര് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും തളരില്ല. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും.'' സാക്ഷി മാലിക് പ്രതികരിച്ചു.

ജന്തർമന്തറൊഴികെ മറ്റെവിടെയും സമരത്തിന് അനുമതി കൊടുക്കാമെന്ന് പോലീസ്; പിന്നോട്ടില്ലെന്ന് ഗുസ്തി താരങ്ങള്‍
സമരപന്തലൊഴിപ്പിച്ച് ഡൽഹി പോലീസ്; ഗുസ്തി താരങ്ങളെ ജന്തര്‍മന്തറിലേക്ക് കടത്തിവിട്ടില്ല, സമരം തുടരുമെന്ന് പ്രഖ്യാപനം

എന്നാല്‍, ഉത്തരവ് ലംഘിച്ചാണ് പ്രതിഷേധക്കാര്‍ സമരം നടത്തിയതെന്നായിരുന്നു ഡെപ്യൂട്ടി കമ്മീഷണ്‍ പ്രണവ് തായല്‍ അറിയിച്ചത്. ''പോലീസിന്റെ നിര്‍ദേശം വകവയ്ക്കാതെയാണ് അവര്‍ പ്രതിഷേധിക്കുന്നത്. അതിനാലാണ് അവര്‍ സമരം നടത്തിയ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാനുള്ള അനുമതി നിഷേധിച്ചത്. പ്രതിഷേധിക്കാനുള്ള അനുമതിക്കായി അവര്‍ വീണ്ടും സമീപിച്ചാല്‍ ജന്തര്‍മന്തര്‍ ഒഴികെയുള്ള ഏത് സ്ഥലവും നല്‍കും'' ഡിസിപി പ്രണവ് തായല്‍ ട്വീറ്റ് ചെയ്തു.

''അവര്‍ ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തിയിരുന്നു. പക്ഷേ അത് തുടരാന്‍ സാധിക്കില്ല. 35 ദിവസത്തിലധികം അവര്‍ക്ക് അവിടെ സമരം നടത്താനോ ക്യാമ്പുകള്‍ നിര്‍മിക്കാനോ സാധിക്കില്ല. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് അവര്‍ പ്രതിഷേധം നടത്തിയത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതിനാല്‍ അവര്‍ക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുള്ളിലേക്ക് മാര്‍ച്ച് ചെയ്യാന്‍ സാധിക്കുകയില്ല''. മുതിർന്ന ഉദ്യോഗസ്ഥരിലൊരാൾ അറിയിച്ചു.

കലാപശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍ , ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ച ഉത്തരവ് ലംഘിക്കുക , കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഡല്‍ഹി പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയാണ് ബ്രിജ് ഭൂഷണിനെതിരെ നിലനില്‍ക്കുന്നത്. ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രില്‍ 28 മുതല്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ച് വരുകയായിരുന്നു.

logo
The Fourth
www.thefourthnews.in