ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസ്: അഫ്താബിന് നുണപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം
ഡല്‍ഹിയില്‍ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസില്‍ നുണ പരിശോധന ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായി അഹ്താബ് മറുപടി നല്‍കുന്നതിനാല്‍ പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
കൊലപാതകത്തിനിടെ അഹ്താബിനേറ്റ പരിക്കിന് ചികിത്സ നല്‍കിയ ഡോക്ടറെ പോലീസ് ഇതിനിടെ കണ്ടെത്തി. മെയ് അവസാന വാരത്തിലാണ് വലതു കൈത്തണ്ടയില്‍ മുറിവുമായി അഹ്താബ് ഡോ.ഡോ.അനൂപ് കുമാറിനെ സമീപിച്ചത്. മുറിവില്‍ അഞ്ചോ ആറോ തുന്നലുകള്‍ ഇടേണ്ടി വന്നിരുന്നു. അഹ്താബിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് ഡോക്ടറിന്റെ കുറിപ്പടി ലഭിച്ചത്. ഇതേതുടര്‍ന്നുള്ള അന്വേഷണമാണ് ഡോ.അനൂപ് കുമാറിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. ഛത്തര്‍പൂരിലെ അപെക്‌സ് ആശുപത്രിയിലെ ഡോക്ടറായ അനില്‍ കുമാറിനെ മൊഴിയെടുത്ത ശേഷം കേസിലെ മുഖ്യ സാക്ഷിയാക്കി
ഇംഗ്ലീഷിലാണ് പ്രതിയായ അഹ്താബ് തന്നോട് സംസാരിച്ചതെന്നും ഡോ.അനില്‍ കുമാര്‍ പറഞ്ഞു. എങ്ങനെയാണ് കൈമുറിഞ്ഞതെന്ന് ചോദിച്ചപ്പോള്‍ പഴം മുറിക്കുന്നതിനിടയില്‍ സംഭവിച്ചതെന്നായിരുന്നു അഹ്താബിന്റെ മറുപടി. വളരെ ആത്മവിശ്വാസത്തോടെയാണ് അഹ്താബ് തന്നോട് പ്രതികരിച്ചതെന്നും ഡോക്ടര്‍ വ്യക്തമാക്കി
കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നു എന്നാണ് നിലവില്‍ പോലീസിന്റെ നിഗമനം. ഡല്‍ഹിയിലേക്ക് താമസം മാറ്റാനുള്ള തീരുമാനം പോലും കൊലപാതകത്തിന് മുന്നോടിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇരുവരും ഛത്തര്‍പൂരിലെ ഫ്‌ളാറ്റിലേക്ക് താമസം മാറി മൂന്നോ നാലോ ദിവസത്തിനുള്ളിലാണ് ശ്രദ്ധ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷമുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നതും കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട് എന്നതിന് തെളിവാണെന്നും പോലീസ് വിലയിരുത്തി.കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരുവരുടേയും സുഹൃത്തുക്കളുമായി ബന്ധപ്പെടുകയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കഴിഞ്ഞ മെയ് 18നായിരുന്നു പങ്കാളിയായ ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം 35 കഷ്ണങ്ങളായി വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. 2019ല്‍ ബംബിള്‍ എന്ന ഡേറ്റിങ് ആപ്പ് വഴിയാണ് അഫ്താബും ശ്രദ്ധയും പരിചയപ്പെടുന്നത്. ഈ വര്‍ഷമാണ് അവര്‍ ഡല്‍ഹിയിലെ മെഹ്‌റൗളിയിലെ ഒരു ഫ്‌ളാറ്റിലേക്ക്മാറുന്നത്.
തന്റെ മകളെ കണാതായതിനെ തുടര്‍ന്ന് മെയ് എട്ടിന് ശ്രദ്ധയുടെ പിതാവ് ഡല്‍ഹിയില്‍ എത്തിയിരുന്നു. അഫ്താബുമായി പരിചയത്തിലായ ശേഷം മകളാകെ മാറിപ്പോയെന്നും അവള്‍ക്കെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലേക്ക് മാറിയതിനുശേഷം ശ്രദ്ധ കുടുംബവുമായി സംസാരിക്കുന്നത് നിര്‍ത്തി. അമ്മയോട് പോലും അപൂര്‍വ്വമായി മാത്രമെ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. ഇതൊരു ടോക്‌സിക് റിലേഷന്‍ഷിപ്പാണെന്ന് അറിയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രദ്ധയോട് ഡല്‍ഹി വിടരുതെന്ന് താന്‍ പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ചൊവ്വാഴ്ച പ്രതിയെ മെഹ്‌റൗളി വനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ശ്രദ്ധയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മാരകായുധം ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കൂടാതെ ശരീരഭാഗങ്ങളും പൂര്‍ണമായി കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ കേസന്വേഷണത്തിനായി കൂടുതല്‍ സംഘത്തെ നിയോഗിച്ചതായും ഡല്‍ഹി പോലീസ് അറിയിച്ചു.