സൽമാൻ ഖാന് കർശന സുരക്ഷയൊരുക്കി മുംബൈ പോലീസ്

സൽമാൻ ഖാന് കർശന സുരക്ഷയൊരുക്കി മുംബൈ പോലീസ്

ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ പേരിലുള്ള ഇ മെയിൽ സന്ദേശത്തിലാണ് താരത്തിനെതിരെ വധഭീഷണിയുള്ളത്
Updated on
1 min read

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ സുരക്ഷാ ശക്തമാക്കി മുംബൈ പോലീസ്. രണ്ട് അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ ( API ) റാങ്ക് ഓഫീസർമാരോടൊപ്പം എട്ട് മുതൽ പത്ത് കോൺസ്റ്റബിൾമാരും സൽമാൻ ഖാന്റെ മുഴുവൻ സമയ സുരക്ഷാ സംഘത്തിന്റെ ഭാഗമാകും. സബർബൻ ബാന്ദ്രയിലെ ഗാലക് സി അപ്പാർട്ടുമെന്റിലെ താരത്തിന്റെ ഓഫീസിനും വീടിനും പുറത്ത് ആരാധകർ ഒത്തുകൂടാൻ അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. നേരത്തെ സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ പോലീസ് നൽകിയിരുന്നു. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയുടെ പേരിലുള്ള ഇ മെയിൽ സന്ദേശത്തിലാണ് താരത്തിനെതിരെ വധഭീഷണിയുള്ളത്.

സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ബുള്ളെറ്റ് പ്രൂഫ് കാറിലാണ് അദ്ദേഹം സഞ്ചരിച്ചുകൊണ്ടിരുന്നത്. ഇതിലേക്കാണ് പോലീസ് കൂടുതൽ ഉദ്യോഗസ്ഥരെ ചേർത്തിട്ടുള്ളത്. സൽമാൻ ഖാന് വധഭീഷണി അടങ്ങിയ ഇമെയിൽ സന്ദേശം അയച്ചെന്ന ആരോപണത്തിൽ കഴിഞ്ഞ ശനിയാഴ്ച ലോറൻസ് ബിഷ്ണോയി ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സൽമാൻ ഖാന്റെ സുഹൃത്തായ പ്രശാന്ത് ഗുഞ്ചൽക്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇമെയിലിൽ അടുത്തിടെ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖം കണ്ടിട്ടില്ലെങ്കിൽ കാണണം എന്ന് ബിഷ്ണോയി പറഞ്ഞിരുന്നു. നേരിട്ട് കണ്ട് സംസാരിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. 2022 ജൂണിൽ സൽമാൻ ഖാന് സമാനമായ ഒരു ഭീഷണിക്കത്തും ലഭിച്ചിരുന്നു.

പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല കൊലക്കേസില്‍ ബട്ടിൻഡ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ് അടുത്തിടെ എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിലും സൽമാൻ ഖാന് നേരെ ഭീഷണി ഉയർത്തിയിരുന്നു. കൃഷ്‌ണമൃഗങ്ങളെ കൊന്നതിന് നടൻ മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകണമെന്നുമാണ് ഭീഷണി. പ്രത്യേക സുരക്ഷ ഇല്ലാത്ത സമയം സൽമാനെ കൊല്ലുമെന്നും കഴിഞ്ഞ നാലഞ്ച് വർഷമായി താൻ ഇതിനുള്ള തയ്യാറെടുപ്പിലാണെന്നും ബിഷ്ണോയ് പറഞ്ഞു.

ജയിൽ നിന്ന് കിടക്കുന്ന ആളുടെ അഭിമുഖം ചിത്രീകരിച്ചതും വിവാദമായിരുന്നു. എന്നാൽ ജയിലിൽ നിന്നുള്ള അഭിമുഖമല്ല പുറത്തുവന്നതെന്നാണ് പോലീസിന്റെ വിശദീകരണം. സൽമാൻ ഖാന് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് വളരെക്കാലമായി വധഭീഷണിയുണ്ട്.

logo
The Fourth
www.thefourthnews.in