ഡല്‍ഹി വധക്കേസ്: അഫ്താബിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി
ഡല്‍ഹി ശ്രദ്ധ വധക്കേസില്‍ പ്രതി അഫ്താബിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസിന് കോടതിയുടെ അനുമതി. പ്രതിയുടെ കസ്റ്റഡി 5 ദിവസത്തേക്ക് കൂടി നീട്ടാനും കോടതി ഉത്തരവിട്ടു. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായി അഹ്താബ് മറുപടി നല്‍കുന്നതിനാലാണ് പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കാന്‍ പോലീസ് ആവശ്യപ്പെട്ടത്. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവ്.
ഇതിനിടെ ശ്രദ്ധയുടെ കൊലപാതകം നടന്ന് ആറ് മാസം പിന്നിട്ടതിനാല്‍ തെളിവുകള്‍ ശേഖരിക്കുന്നത് പോലീസിന് വെല്ലുവിളിയായി. കേസിലെ സുപ്രധാന തെളിവുകളായ തലയോട്ടിയും മൊബെെല്‍ ഫോണും ഇനിയും ലഭിച്ചിട്ടില്ല. മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിച്ചാല്‍ മാത്രമേ കേസില്‍ പുരോഗതിയുണ്ടാവുകയുള്ളൂ. ശ്രദ്ധ വാള്‍ക്കറിനെ കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചു എന്ന് പറയുന്ന വനത്തില്‍ നിന്നും പത്തിലധികം അസ്ഥികള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്, എങ്കിലും ഇവ ഏതെങ്കിലും മൃഗത്തിന്റേതാണോ എന്ന് പരിശോധിക്കാന്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം അഫ്താബിന്റെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല
ഫ്ലാറ്റിലെ അടുക്കളയില്‍ നിന്നും കണ്ടെത്തിയ രക്തക്കറയുടെ സാമ്പിളുകള്‍ ശ്രദ്ധയുടെ പിതാവിന്റെ രക്തസാമ്പിളുകളുമായി ചേർത്ത് പരിശോധിക്കും. കൂടാതെ അഫ്താബിന്റെ ഫ്ലാറ്റിലെ വാട്ടര്‍ ബില്‍ കൂടുതല്‍ വെളളം ഉപയോഗിച്ചതിന് തെളിവാണ്. രക്തമോ മറ്റോ കഴുകികളയാനായിരിക്കാം കൂടുതല്‍ വെള്ളം ഉപയോഗിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ശ്രദ്ധയുടെ സാധനങ്ങളടങ്ങിയ ബാഗ് വീട്ടുകാര്‍ തിരിച്ചറിയേണ്ടതുണ്ട്. ശ്രദ്ധയുടെ ബാങ്ക് അക്കൗണ്ട് ആപ്പ് പ്രവര്‍ത്തിപ്പിച്ച് അഫ്താബ് 54,000 രൂപ കൈക്കലാക്കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
2022 മെയ് 18-നാണ് ശ്രദ്ധ വാള്‍ക്കറിനെ പങ്കാളിയായ അഫ്താബ് അമീന്‍ പൂനാവാല കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് കാട്ടില്‍ വലിച്ചെറിയുകയും ചെയ്തതു. രാത്രി ഒരു മണിക്കും രണ്ട് മണിക്കും ഇടയിൽ ശരീര ഭാഗങ്ങൾ വലിച്ചെറിയാനായി പുറത്തിറങ്ങിയെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. ഇതനുസരിച്ച് കൃത്യമായ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആറ് മാസം മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലും പോലീസിന് സാങ്കേതിക ബുദ്ധിമുട്ടുണ്ട്. കത്തികൊണ്ട് അഫ്താബിന്റെ ശരീരത്തില്‍ മുറിവേല്‍ക്കുകയും അതിന്റെ ചികിത്സയ്ക്കായി ഡോക്ടറെ സമീപിക്കുകയും ചെയ്ത തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇതിനിടെ കോടതി കേസ് പരിഗണിക്കുന്ന വേളയില്‍ പ്രതിയെ തൂക്കിലേറ്റണം എന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ കോടതി വളപ്പില്‍ പ്രതിഷേധിച്ചു. ലൗ ജിഹാദിന്റെ ഭാഗമാണ് കേസെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.