കരൺ ഥാപ്പർ, ടീസ്റ്റ സെതൽവാദ്
കരൺ ഥാപ്പർ, ടീസ്റ്റ സെതൽവാദ്

"അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥർ മർദിച്ചു": പോലീസ് അതിക്രമങ്ങളും ജയിൽ അനുഭവങ്ങളും പങ്ക് വെച്ച് ടീസ്റ്റ സെതൽവാദ്

'ദ വയറി'ന് വേണ്ടി കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിലാണ് ടീസ്റ്റ വെളിപ്പെടുത്തല്‍ നടത്തിയത്
Updated on
1 min read

ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ അതിക്രമങ്ങൾ വെളിപ്പെടുത്തി സാമൂഹ്യ പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ ടീസ്റ്റ സെതൽവാദ്. അറസ്റ്റ് ചെയ്യാൻ സംഘം വീട്ടിലെത്തിയപ്പോഴുണ്ടായ അനുഭവങ്ങളാണ് കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ ടീസ്റ്റ പങ്കുവെച്ചത്. ഇരച്ചുകയറിവന്ന നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമടങ്ങിയ പോലീസ് സംഘം ഭർത്താവിനും മകനെയും തള്ളിമാറ്റി. എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന കാര്യം വ്യക്തമാക്കാൻ പോലും ആദ്യം അവർ തയ്യാറായില്ല. രണ്ടുദ്യോഗസ്ഥർ തന്നെ മർദിച്ചതായും ടീസ്റ്റ വെളിപ്പെടുത്തി.

ഒരു കുടുംബത്തിലെ 14 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയവർക്ക് പോലും ഇളവ് ലഭിക്കുമ്പോൾ പട്ടികജാതി, പട്ടികവർഗ, മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർ ചികിത്സ പോലും നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുന്നുണ്ട്"
ടീസ്റ്റ സെതല്‍വാദ്

ജൂൺ 25നാണ് ടീസ്റ്റയെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നത്. അതിക്രമിച്ച് വീട്ടിലേക്ക് കയറി വന്ന പോലീസ് സംഘത്തെ കണ്ടപ്പോൾ ബെഡ്റൂമിലേക്ക് കയറി. എന്നാൽ അവിടെയും പോലീസ് കയറി വന്നു. മൊഴി രേഖപ്പെടുത്താൻ സാന്താക്രൂസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നെന്നും അതിന് ശേഷം വിട്ടയക്കുമെന്നും കള്ളം പറഞ്ഞാണ് തന്നെ കൂട്ടികൊണ്ട് പോയതെന്നും ടീസ്റ്റ പറഞ്ഞു.

'ദ വയറി'ന് നൽകിയ 28 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിൽ സബർമതിയിലെ മഹിളാ ജയിലിൽ കഴിയേണ്ടി വന്ന 63 ദിവസത്തെ അനുഭവങ്ങളും ടീസ്റ്റ പങ്കുവെച്ചു. ബിൽക്കിസ് ബാനോ കേസിലെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് ലഭിച്ച വാർത്ത വർഷങ്ങളായി വിചാരണ നേരിടുന്നവർക്ക് വലിയ ആഘാതമാണുണ്ടാക്കിയത്. ഒരു കുടുംബത്തിലെ 14 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയവർക്ക് പോലും ഇളവ് ലഭിക്കുമ്പോൾ പട്ടികജാതി, പട്ടികവർഗ, മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർ ചികിത്സ പോലും നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുന്നുണ്ടെന്നും ടീസ്റ്റ പറയുന്നു. ജയിലിൽ കഴിഞ്ഞിരുന്ന സമയങ്ങളിൽ പലപ്പോഴും വിഷാദത്തിന് കീഴടങ്ങി, ആത്മധൈര്യം ചോരാതിരിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. ജയിലിലെ ലൈബ്രറി ഉപയോഗിക്കാനും അഭിഭാഷകനെ കാണാനും നടത്തിയ പോരാട്ടങ്ങളും ടീസ്റ്റ വ്യക്തമാക്കി.

ടീസ്റ്റ സെതൽവാദിനെ ഗുജറാത്ത് പൊലീസിന്റെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് മുംബൈയിലെ വസതിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചുവെന്ന് ആരോപിച്ചായിരുന്നു കേസ്. മലയാളിയായ ഗുജറാത്ത് മുൻ ഡിജിപി ആർ.ബി.ശ്രീകുമാറും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടും കേസിൽ പ്രതികളാണ്. സെപ്തംബര് രണ്ടിനാണ് സുപ്രീം കോടതി ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ടീസ്റ്റ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാൻശു ധൂലിയ എന്നിവരുടെ ബെഞ്ചായിരുന്നു പരിഗണിച്ചത്.

logo
The Fourth
www.thefourthnews.in