രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ വട്ടം കറങ്ങി
കോണ്‍ഗ്രസ്; ആര് വരും പാർട്ടിയെ നയിക്കാന്‍?

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ വട്ടം കറങ്ങി കോണ്‍ഗ്രസ്; ആര് വരും പാർട്ടിയെ നയിക്കാന്‍?

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ടിന്റെ സാധ്യതകള്‍ ഏറെക്കുറെ മങ്ങിയ സ്ഥിതിയാണ്
Updated on
2 min read

ഗാന്ധി കുടുംബത്തിന്റെ തീരുമാനം മറികടന്ന് രാജസ്ഥാനില്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയ അശോക് ഗെഹ്ലോട്ടിന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള സാധ്യത മങ്ങുന്നു. രാജസ്ഥാനിലെ വിമത നീക്കവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിക്കും. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരോട് എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് സോണിയ ഗാന്ധി നിർദേശം നല്‍കിയത്. അതിനിടെ സോണിയ ഗാന്ധിയെ കാണുന്നതിനുള്ള ശ്രമം ഗെഹ്ലോട്ട് ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടിക്കാഴ്ചയ്ക്കായി ഗെഹ്ലോട്ട് സമയം ചോദിച്ചതായാണ് വിവരം.

പാര്‍ട്ടിയെ നാണംകെടുത്തിയ സംഭവത്തില്‍ ഗെഹ്ലോട്ട് പക്ഷത്തിനെതിരായ കുറ്റപത്രമായി റിപ്പോര്‍ട്ട് മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. രാജസ്ഥാനില്‍ സംഭവിച്ചത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കന്‍ തുറന്ന് സമ്മതിച്ചിരുന്നു. റിപ്പോർട്ടില്‍ ഗെഹ്ലോട്ടിന്‍റെ പേര് നേരിട്ട് പരാമര്‍ശിക്കുമോ എന്നാണ് അറിയാനുള്ളത്.

അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ രാജസ്ഥാനില്‍ നടന്ന സംഭവങ്ങളില്‍ അശോക് ഗെഹ്ലോട്ട്, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവിക്കാന്‍ പാടില്ലാത്തത് നടന്നുവെന്ന് ഗെഹ്ലോട്ട് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കനെതിരെ ഗെഹ്ലോട്ട് പക്ഷത്തെ എംഎല്‍എ ശാന്തി ധരിവാള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കാനുള്ള ഗൂഢാലോചനയില്‍ അജയ് മാക്കനും പങ്കുണ്ടെന്നായിരുന്നു ആരോപണം.

അശോക് ഗെഹ്ലോട്ട്
അശോക് ഗെഹ്ലോട്ട്

ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ലെങ്കിലും ഗാന്ധി കുടംബത്തിന്റെ ആശിര്‍വാദത്തോടെ മത്സരത്തിന് ഇറങ്ങിയ അശോക് ഗെഹ്ലോട്ടിന്റെ സാധ്യതകള്‍ ഏറെക്കുറെ മങ്ങിയ സ്ഥിതിയാണ്. സംഘടനയെ പ്രതിസന്ധിയിലാക്കിയ ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നതില്ലെന്ന പൊതുവികാരമാണ് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്. അങ്ങിനെ വന്നാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ് വിജയ് സിംഗ്, മുകുള്‍ വാസ്‌നിക്, കമല്‍നാഥ് എന്നവരെ അശോക് ഗെഹ്ലോട്ടിന് പകരം ഗാന്ധി കുടുംബം അധ്യക്ഷസ്ഥാനത്തെയ്ക്ക് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍നാഥ് മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

അജയ് മാക്കന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ
അജയ് മാക്കന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍ ഇത് പരിഗണിക്കപ്പെടന്‍ സാധ്യതയില്ല. നിലവിലെ വിവാദങ്ങള്‍ സംഘടനാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും നിശ്ചയിച്ച തീയതിയില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്നും ഒരു മുതിര്‍ കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ ദിവസം ദ ഫോര്‍ത്തിനോട് വ്യക്തമാക്കിയിരുന്നു.

ഗെഹ്ലോട്ടിനെതിരായ വികാരം അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന്റെ വോട്ട് ഉയര്‍ത്തുമെന്ന് തരൂര്‍ അനുകൂലികള്‍ കണക്കുകൂട്ടുന്നു. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ തരൂരിന് വലിയ തോതിലുള്ള വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം പട്ടാമ്പിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷ തരൂര്‍ പങ്കുവച്ചിരുന്നു.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ വട്ടം കറങ്ങി
കോണ്‍ഗ്രസ്; ആര് വരും പാർട്ടിയെ നയിക്കാന്‍?
ഉണ്ടാകുമോ തരൂരിന്റെ പത്രികയിൽ ഒരു മലയാളി നിർദേശകൻ ?

തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് തിരുവനന്തപുരം എം പി പറയുമ്പോഴും 328 പേര്‍ക്ക് വോട്ടവകാശമുള്ള കേരളത്തില്‍ നിന്ന് എത്ര പേര്‍ തരൂരിനെ പിന്‍താങ്ങുമെന്ന കാര്യം സംശയമാണ്. പത്ത് പേരുടെ പിന്തുണയാണ് നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടത്. കേരളത്തിലെ വോട്ടര്‍മാരില്‍ ഒരാളെങ്കിലും ആ പത്ത് പേരില്‍ ഉണ്ടാവുമോ എന്നതാണ് ഇനി അറിയേണ്ടത്.

logo
The Fourth
www.thefourthnews.in