'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലൂടെയാണ് രാജ പെരിയാറിനും കരുണാനിധിക്കും ഡിഎംകെ നേതാവും എംപിയുമായ കനിമൊഴിക്കുമെതിരേ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്
Updated on
1 min read

ദ്രാവിഡ നേതാവ് പെരിയാറിനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിക്കുമെതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയ്‌ക്കെതിരേയുള്ള കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. രാജയ്‌ക്കെതിരേ കേസെടുക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ജസ്റ്റിസുമാരായ ഹൃഷികേഷ് റോയ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരുടെ ബെഞ്ചാണ് തള്ളിയത്.

മുതിര്‍ന്ന അഭിഭാഷകനായ അഡ്വക്കേറ്റ് ദാമ ശേഷാദ്രി നായിഡുവാണ് രാജയ്ക്ക് വേണ്ടി ഹാജരായത്. വാദത്തിനിടെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ കോടതി വാക്കാല്‍ വിമര്‍ശനവും നടത്തി. ''രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും എന്താണ് പറയുന്നതിനേക്കുറിച്ച് വ്യക്തമായ ബോധം വേണമെന്നും'' കോടതി പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലൂടെയാണ് രാജ പെരിയാറിനും കരുണാനിധിക്കും ഡിഎംകെ നേതാവും എംപിയുമായ കനിമൊഴിക്കുമെതിരേ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. 2018-ലാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് രാജയ്‌ക്കെതിരേ തമിഴ്‌നാട്ടിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അത് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് രാജ ആദ്യ മജിസ്‌ട്രേറ്റ് കോടതിയെയും പിന്നീട് മദ്രാസ് ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. എന്നാല്‍ ഇരുകോടതികളും അതിന് തയാറായില്ല. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in