മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും പോളിങ് മന്ദഗതിയില്‍; യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ഹാലില്‍ ദളിത് യുവതിയെ കൊന്ന് ചാക്കില്‍ കെട്ടി
നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും വോട്ടിങ് മന്ദഗതിയില്‍. തിരഞ്ഞെടുപ്പ് കമ്മിഷന്‌റെ കണക്കുനുസരിച്ച് വൈകിട്ട് അഞ്ച് വരെ മഹാരാഷ്ട്രയില്‍ 58.22 ശതമാനവും ഝാര്‍ഖണ്ഡില്‍ 67.59 ശതമാനവും പോളിങ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നപ്പോള്‍ ഝാര്‍ഖണ്ഡില്‍ 81ല്‍ 38 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
താനെയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നിയമസഭ രഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസനത്തിനും ഞങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും ഷിന്‍ഡെ പറഞ്ഞു.
മഹാരാഷ്ട്രയില്‍, കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി), എന്‍സിപി (ശരദ് പവാര്‍) എന്നിവ ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡി (എംവിഎ)ക്കെതിരെയാണ് ഭരണകക്ഷിയായ മഹായുതി സഖ്യം മത്സരിക്കുന്നത്. ഝാര്‍ഖണ്ഡില്‍, ഹേമന്ത് സോറന്‍ മറ്റൊരു ടേം മുഖ്യമന്ത്രിയാകാന്‍ ലക്ഷ്യമിടുന്നു. അതേസമയം ബിജെപി ലോക്സഭാ പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്.
മഹാരാഷ്ട്രയില്‍ വൈകിട്ട് മൂന്നുവരെ മുംബൈ സബര്‍ബനില്‍ 40.89ശതമാനം വോട്ടിങ് രേഖപ്പെടുത്തി, നഗര ജില്ലയില്‍ 39.34ശതമാനം വോട്ടിങ്ങാണ് മൂന്ന് മണി വരെ രേഖപ്പെടുത്തിയത്. സബര്‍ബന്‍ ജില്ലയില്‍ 40.89 ശതമാനം പോളിങ് രേഖപ്പെടുത്തി. മുംബൈ സിറ്റി ജില്ലയില്‍ 39.34ശതമാനമാണ് പോളിങ്.
ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ കര്‍ഹാല്‍ നിയോജക മണ്ഡലത്തില്‍ 23 കാരിയായ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ബിജെപിക്ക് വോട്ട് ചെയ്യുന്നതിനെതിരെ പ്രാദേശിക സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ സമ്മര്‍ദം ചെലുത്തിയെന്ന് കുടുംബം ആരോപിച്ചതോടെ രാഷ്ട്രീയ കൊടുങ്കാറ്റായി വിഷയം യുപിയില്‍ മാറിയിട്ടുണ്ട്.
യുവതിയുടെ പിതാവിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രശാന്ത് യാദവ്, മോഹന്‍ കതേരിയ എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചതിനാലാണ് പ്രതികള്‍ അവളെ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞതായി മെയിന്‍പുരി ജില്ലാ പോലീസ് മേധാവി വിനോദ് കുമാര്‍ പറഞ്ഞു.