പ്രമോദ് മഹാരാജന്‍
പ്രമോദ് മഹാരാജന്‍

പ്രമോദ് മഹാജന്റെ കൊലപാതകം: 'അതൊരു കുടുംബവഴക്ക് മാത്രമല്ല, അതിനുപിന്നില്‍ ഒരു സൂത്രധാരനുണ്ട്': ആരോപണവുമായി പൂനം

2006 ഏപ്രില്‍ 22നായിരുന്നു പ്രമോദ് മഹാജന്‍ സഹോദരന്‍ പ്രവീണിന്റെ വെടിയേറ്റ് മരിച്ചത്
Updated on
1 min read

ബിജെപി നേതാവ് പ്രമോദ് മഹാജന്റെ കൊലപാതകത്തിന് കാരണം കുടുംബ വഴക്ക് മാത്രമായിരുന്നില്ലെന്നും അതിന് പിന്നിലൊരു സൂത്രധാരന്‍ ഉണ്ടെന്നും ആരോപിച്ച് മകളും എംപിയുമായ പൂനം മഹാജന്‍. അച്ഛനെ കൊന്നത് ആരാണെന്ന് അറിയാം. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ ആരാണെന്ന് അധികാരത്തിലിരുന്നവര്‍ കണ്ടെത്തിയില്ല - എന്നായിരുന്നു പൂനത്തിന്റെ വാക്കുകള്‍. അന്ന് കേന്ദ്രം ഭരിച്ചിരുന്ന മന്‍മോഹന്‍ സിങ് സര്‍ക്കാരിനെയും മഹാരാഷ്ട്രയിലെ വിലാസ്‌റാവു ദേശ്മുഖ് സര്‍ക്കാരിനെയും ലക്ഷ്യംവെച്ചാണ്, പതിനാറ് വര്‍ഷങ്ങള്‍ക്കിപ്പുറം പൂനത്തിന്റെ ആരോപണം.

ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പൂനത്തിന്റെ ആരോപണം. കുടുംബവഴക്കിനെ തുടര്‍ന്ന് മാത്രമല്ല, അച്ഛന്‍ കൊല്ലപ്പെട്ടത്. അതിന് പിന്നിലൊരു സൂത്രധാരനുണ്ട്. അച്ഛന്റെ കൊലയാളിയെ തനിക്ക് നന്നായി അറിയാം. എന്നാല്‍ അന്നത്തെ സര്‍ക്കാരിന് കൊലപാതകത്തിന് പിന്നിലെ സൂത്രധാരനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പൂനം ആരോപിച്ചു. കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ച ഉദ്ധവ് താക്കറെയും പൂനം വിമര്‍ശിച്ചു.

2019ല്‍ ബിജെപിയും ശിവസേനയും വഴി പിരിഞ്ഞതിനെക്കുറിച്ച്, 'ഈ രണ്ട് സുഹൃത്തുക്കള്‍ക്കിടയില്‍, മഹാഭാരതം സൃഷ്ടിച്ച ശകുനി ആരാണ്? സഖ്യത്തില്‍ മഹാഭാരതം സൃഷ്ടിച്ച് ശകുനി അധികാരം സ്ഥാപിച്ചു -എന്നായിരുന്നു പൂനത്തിന്റെ വാക്കുകള്‍. ശകുനി എന്ന് പറയുമ്പോള്‍ പല പാര്‍ട്ടിക്കാരും എനിക്ക് നേരെ വിരല്‍ ചൂണ്ടി ചോദിക്കും: നീ ആരാണ് ഇതിനെക്കുറിച്ച് സംസാരിക്കാന്‍, ആദ്യം നിന്റെ അച്ഛനെ കൊന്നത് ആരാണ് എന്ന് പറയൂ? അവരോട് എനിക്ക് പറയാനുള്ളത്, അച്ഛനെ കൊന്നത് ആരാണെന്ന് എനിക്കറിയാം. അധികാരത്തില്‍ ഇരുന്ന നിങ്ങള്‍ എന്തുകൊണ്ട് അതിന്റെ സൂത്രധാരനെ കണ്ടെത്തിയില്ല -പൂനം ആവര്‍ത്തിച്ചു.

2006 ഏപ്രില്‍ 22നായിരുന്നു പ്രമോദ് മഹാജന്‍ സഹോദരന്‍ പ്രവീണിന്റെ വെടിയേറ്റ് മരിച്ചത്. മുംബൈയില്‍ വൊര്‍ളിയിലെ വസതിയില്‍ ഇരുവരും തമ്മിലുണ്ടായ വഴക്കിനൊടുവിലായിരുന്നു വെടിവെപ്പ് ഉണ്ടായത്. പ്രമോദിനെതിരെ നാല് റൗണ്ട് നിറയൊഴിച്ച പ്രവീണ്‍ പിന്നീട് തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. 2007 ഒക്ടോബര് 30ന് പ്രവീണിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. കേസിലെ വിചാരണ വേളയില്‍, പ്രവീണാണ് അച്ഛനെ കൊന്നതെന്നും തന്നെ അനാഥയാക്കിയതെന്നും പൂനം കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in