അടുത്ത വർഷം ഇന്ത്യയിലെത്തുമെന്ന് ഫ്രാൻസിസ് മാർപാപ്പ; വത്തിക്കാന്‍ പ്രോട്ടോക്കോള്‍ പ്രകാരം സന്ദര്‍ശനം സാധ്യമാകുമോ?

അടുത്ത വർഷം ഇന്ത്യയിലെത്തുമെന്ന് ഫ്രാൻസിസ് മാർപാപ്പ; വത്തിക്കാന്‍ പ്രോട്ടോക്കോള്‍ പ്രകാരം സന്ദര്‍ശനം സാധ്യമാകുമോ?

1999ൽ ജോൺപോൾ രണ്ടാമനാണ് അവസാനമായി ഇന്ത്യയിൽ എത്തിയ മാര്‍പാപ്പ
Updated on
2 min read

2024ൽ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. ദക്ഷിണ സുഡാനിലെ സന്ദർശനത്തിന് ശേഷമാണ് അടുത്ത വര്‍ഷം ഇന്ത്യാ സന്ദര്‍ശനം ലക്ഷ്യമിടുന്നുണ്ടെന്ന് മാര്‍പാപ്പ വ്യക്തമാക്കിയത്. അങ്ങനെയങ്കില്‍ രണ്ട് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലെത്തുന്ന മാര്‍പാപ്പയാകും അദ്ദേഹം . 1999ൽ ജോൺപോൾ രണ്ടാമനാണ് അവസാനമായി ഇന്ത്യയിൽ എത്തിയ മാര്‍പാപ്പ.

ഏത് രാജ്യത്തും വത്തിക്കാന്റെ വ്യക്തമായ പ്രോട്ടോക്കോള്‍ പ്രകാരമാണ് മാർപാപ്പയുടെ സന്ദർശനം നടക്കുക. ഒരു വർഷത്തിനകം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജ്യത്ത് സന്ദര്‍ശനം നടത്താന്‍ പാടില്ലെന്നാണ് പ്രോട്ടോക്കോള്‍ വ്യവസ്ഥ ചെയ്യുന്നത്. രാജ്യത്ത് അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സന്ദര്‍ശനം സാധ്യമാകുമോ എന്നതാണ് അറിയാനുള്ളത്. 2017ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഗോവയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അത് നടക്കാതെ പോയി.

2014 മുതൽ ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിനുളള ശ്രമങ്ങൾ കത്തോലിക്ക സഭയുടെ ഭാ​ഗത്ത് നിന്നും നടന്നിരുന്നു. അന്നത്തെ സിബിസിഐ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് അവസരമൊരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. സന്ദര്‍ശനം വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മോദിയും ഉറപ്പു നല്‍കി. ഇതിനിടെ, ബംഗ്ലാദേശും ശ്രീലങ്കയും മ്യാൻമറും ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചെങ്കിലും ഇന്ത്യയിലെത്തിയില്ല. ഗുരു നാനാക്കിന്റെ 550–ാം ജന്മവാര്‍ഷിക ആഘോഷത്തിൽ പങ്കെടുക്കാൻ 2019ല്‍ ആഗോള സിഖ് കൗൺസിൽ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചെങ്കിലും പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടന്നില്ല. അതുകൊണ്ടു തന്നെ അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തിന്റെ ഭാവിയെ കുറിച്ച് ചിത്രം വ്യക്തമായിട്ടില്ല.

1964 ഡിസംബർ 3ന് മുംബൈയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പോൾ ആറാമൻ മാർപാപ്പയും കൂടിക്കാഴ്ച്ച നടത്തിയപ്പോൾ
1964 ഡിസംബർ 3ന് മുംബൈയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പോൾ ആറാമൻ മാർപാപ്പയും കൂടിക്കാഴ്ച്ച നടത്തിയപ്പോൾ

മാര്‍പാപ്പമാരുടെ ഇന്ത്യ സന്ദര്‍ശനം

1964 ഡിസംബർ മൂന്നിന് പോൾ ആറാമൻ മാർപാപ്പയാണ് ഇന്ത്യയിലെത്തുന്ന ആദ്യ മാർപാപ്പ. അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുമായായിരുന്നു കൂടിക്കാഴ്ച. ഇതിനുശേഷം, രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1986 ഫെബ്രുവരി ഒന്നിന് ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യ സന്ദർശിച്ചു. ഏറ്റവുമൊടുവിൽ ഇന്ത്യയിലെത്തിയ മാർപാപ്പയും ജോൺപോൾ രണ്ടാമൻ തന്നെയായിരുന്നു. അത് 1999 നവംബർ 6ന് എ ബി വാജ്പേയി സർക്കാരിന്റെ കാലത്തായിരുന്നു .

1986 ഫെബ്രുവരി 1ന് ന്യൂഡൽഹിയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ജോൺപോൾ രണ്ടാമൻ മാർപാപ്പയും  കൂടിക്കാഴ്ച്ച നടത്തിയപ്പോൾ. സമീപം സോണിയ ഗാന്ധി
1986 ഫെബ്രുവരി 1ന് ന്യൂഡൽഹിയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ജോൺപോൾ രണ്ടാമൻ മാർപാപ്പയും കൂടിക്കാഴ്ച്ച നടത്തിയപ്പോൾ. സമീപം സോണിയ ഗാന്ധി
1999 നവംബർ 6ന് ന്യൂഡൽഹിയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയും ജോൺപോൾ രണ്ടാമൻ മാർപാപ്പയും കൂടിക്കാഴ്ച്ച നടത്തിയപ്പോൾ. സമീപം രാഷ്ട്രപതി കെ.ആർ നാരായണനും ഭാര്യയും
1999 നവംബർ 6ന് ന്യൂഡൽഹിയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയും ജോൺപോൾ രണ്ടാമൻ മാർപാപ്പയും കൂടിക്കാഴ്ച്ച നടത്തിയപ്പോൾ. സമീപം രാഷ്ട്രപതി കെ.ആർ നാരായണനും ഭാര്യയും

ഈ വർഷം മം​ഗോളിയ സന്ദർശിക്കാനും പദ്ധതിയുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. മം​ഗോളിയ സന്ദർശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാൻസിസ് മാർപാപ്പ. ദക്ഷിണ സുഡാന്‍ സന്ദര്‍ശനത്തിനിടെ സ്വാതന്ത്ര്യ സമര നേതാവ് ജോൺ ഗരാങ്ങിന്റെ ശവകുടീരം നിലകൊള്ളുന്ന മൈതാനത്ത് ഒരുലക്ഷത്തോളം പേർ പങ്കെടുത്ത കുർബാനയിൽ മാർപാപ്പ പ്രസം​ഗിച്ചു. 2018 ലെ സമാധാന ഉടമ്പടി നടപ്പാക്കുന്നതിൽ പുരോഗതി കൈവരിക്കാൻ ദക്ഷിണ സുഡാനിലെ രാഷ്ട്രീയ നേതാക്കളെ പ്രേരിപ്പിക്കുന്നതിന് കത്തോലിക്കാ, ആംഗ്ലിക്കൻ, പ്രെസ്ബിറ്റീരിയൻ നേതാക്കളും മാർപാപ്പയ്ക്കൊപ്പം സന്ദർശനം നടത്തിയിരുന്നു. പോപ്പിനൊപ്പം വിദേശ പര്യടനം നടത്തുന്ന സംഘത്തില്‍ സാധാരണ പുരുഷന്മാര്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഇനി മുതൽ സംഘത്തിൽ വനിതകളെയും ഉൾപ്പെടുത്താനാണ് തീരുമാനം.

logo
The Fourth
www.thefourthnews.in