ഒഡിഷ ട്രെയിൻ ദുരന്തം: ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ
288 പേർ കൊല്ലപ്പെടുകയും 900-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. രണ്ട് ദശാബ്ദത്തിനിടെ ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും മാരകമായ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്.
നൂറുകണക്കിനാളുകൾക്ക് ജീവഹാനി സംഭവിച്ചതിൽ വലിയ ദുഃഖമുണ്ടെന്ന് ശനിയാഴ്ച മാർപാപ്പ അറിയിച്ചു. ടെലിഗ്രാം സന്ദേശത്തിലൂടെയായിരുന്നു മാർപാപ്പയുടെ പ്രതികരണം. "മരിച്ചവരുടെ ആത്മാക്കളെ സർവശക്തന്റെ സ്‌നേഹനിർഭരമായ കാരുണ്യത്തിന് മേൽ അർപ്പിച്ചുകൊണ്ട്, അവരുടെ വിയോഗത്തിൽ ദുഃഖിക്കുന്നവർക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു" മാർപാപ്പ പറഞ്ഞതായി വത്തിക്കാനിലെ മുതിർന്ന കർദിനാൾ പിയെട്രോ പരോളിൻ അറിയിച്ചു.
അപകടത്തിൽ പരുക്കേറ്റ അനേകമാളുകൾക്കും അടിയന്തര സേനാംഗങ്ങളുടെ പ്രയത്നങ്ങൾക്കും പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. എല്ലാവരിലും ധൈര്യത്തിന്റെയും സാന്ത്വനത്തിന്റെയും ദൈവികത ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകീട്ട് ഏഴു മണിയോടെ ആയിരുന്നു രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. ഷാലിമാറിൽ നിന്ന് (കൊൽക്കത്ത)-ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന കോറോമണ്ഡൽ എക്‌സ്പ്രസും (12841) യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന സർ എം വിശ്വേശ്വരയ്യ ടെർമിനൽ- ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസുമാണ് (12864) അപകടത്തിൽ പെട്ടത്.