ദൂരദര്‍ശന്‍ മുന്‍ വാര്‍ത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു
പ്രശസ്ത വാര്‍ത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു. ദൂരദർശനിലെ ആദ്യത്തെ ഇംഗ്ലീഷ് വാർത്താ അവതാരകരിൽ ഒരാളാണ് ഗീതാഞ്ജലി. മൂന്ന് പതിറ്റാണ്ടിലേറെയായി ദൂരദർശനിൽ വാർത്തകൾ അവതരിപ്പിച്ചിരുന്ന ഗീതാഞ്ജലി രാജ്യത്തെ ടെലിവിഷൻ അവതാരകരിൽ പ്രമുഖയായിരുന്നു.
ദേശീയ മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ 1971ലാണ് ദൂരദർശനിൽ ഗീതാഞ്ജലി എത്തുന്നത്. പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ മികച്ച അവതാരകയ്ക്കുളള അവാർഡ് നാല് തവണ അവരെ തേടിയെത്തി. അവരുടെ മികച്ച പ്രവർത്തനങ്ങൾക്കും നേട്ടങ്ങൾക്കും സംഭാവനകൾക്കും 1989-ൽ മികച്ച വനിതകൾക്കുള്ള ഇന്ദിരാഗാന്ധി പ്രിയദർശിനി അവാർഡും നേടുകയുണ്ടായി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ഡൽഹി ബിയിലെ ആകാശവാണിയിൽ, എ ഡേറ്റ് വിത്ത് യു എന്ന ജനപ്രിയ ഇംഗ്ലീഷ് ഗാനങ്ങളുടെ പരിപാടിയും അവർ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ വേൾഡ് വൈഡ് ഫണ്ടിലെ പ്രധാന ദാതാക്കളുടെ ചുമതലയും അവർ വഹിച്ചിരുന്നു. കൊൽക്കത്തയിലെ ലൊറെറ്റോ കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ അവർ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു.
ദൂരദർശനിലെ മികച്ച വാർത്താ അവതാരകയെന്ന നിലയിൽ വിജയകരമായ കരിയറിനുശേഷം, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, ഗവൺമെന്റ് ലൈസൻ, മാർക്കറ്റിംഗ് തുടങ്ങിയ കർമ്മ മണ്ഡലങ്ങളിലേക്കും ഗീതാഞ്ജലി ശ്രദ്ധ പതിപ്പിച്ചിരുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയിൽ (സിഐഐ) കൺസൾട്ടന്റായ അവർ "ഖന്ദാൻ" എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച വാർത്താ അവതാരകരിൽ ഒരാളാണ് ഗീതാഞ്ജലി എന്നായിരുന്നു മുതിർന്ന മാധ്യമപ്രവർത്തക ഷീല ഭട്ട് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ട്വിറ്ററിൽ കുറിച്ചത്. മഹത്തായ വ്യക്തിത്വത്തിന് ഉടമയായ അവരുടെ വിയോഗത്തിലും കുടുംബത്തിന്റെ അഗാധമായ ദുഃഖത്തിലും പങ്കു ചേരുന്നുവെന്ന് അവർ കുറിച്ചു.
വാർത്താ നിരീക്ഷണ അനുഭവങ്ങളിൽ മായാത്ത മുദ്ര പതിപ്പിക്കുകയും ടിവി സ്‌ക്രീനുകളിൽ തിളങ്ങിയ ആ നാളുകളെയും ഞങ്ങൾ സ്‌നേഹപൂർവ്വം ഓർക്കുന്നുവെന്നാണ് മഹിളാ കോൺഗ്രസ് ആക്ടിംഗ് പ്രസിഡന്റ് നെറ്റ ഡിസൂസയും അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.