പോപുലർ ഫ്രണ്ട് ഗൂഢാലോചന കേസ്; തമിഴ്‌നാട്ടിലെ 6 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; അഞ്ച് പേർ അറസ്റ്റിൽ

പോപുലർ ഫ്രണ്ട് ഗൂഢാലോചന കേസ്; തമിഴ്‌നാട്ടിലെ 6 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; അഞ്ച് പേർ അറസ്റ്റിൽ

മധുര, തേനി, ദിണ്ടിഗൽ ജില്ലകളിലെ ആറ് സ്ഥലങ്ങളിലും ചെന്നൈയിലുമാണ് പരിശോധന നടത്തിയത്
Updated on
1 min read

നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി ചൊവ്വാഴ്ച തമിഴ്നാട്ടിലെ ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. അഞ്ച് പേരെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. ചെന്നൈ സ്വദേശി അബ്ദുൾ റസാഖ് (47), മധുരയിൽ നിന്നുള്ള അഭിഭാഷകരായ മുഹമ്മദ് യൂസഫ് (35), എം മുഹമ്മദ് അബ്ബാസ് (45), ദിണ്ടിഗൽ സ്വദേശി എ കൈസർ (45), തേനി സ്വദേശി സാതിക് അലി (39) എന്നിവരാണ് അറസ്റ്റിലായത്.

ഇതോടെ പിഎഫ്ഐ ക്രിമിനൽ ഗൂഢാലോചന കേസിൽ തമിഴ്നാട്ടിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. മധുര, തേനി, ദിണ്ടിഗൽ ജില്ലകളിലെ ആറ് സ്ഥലങ്ങളിലും ചെന്നൈയിലുമാണ് പരിശോധന നടത്തിയത്. പിഎഫ്ഐയുമായി ബന്ധം പുലർത്തുന്നുവെന്ന് സംശയിക്കുന്നവരുടെ വീടുകളിലും പരിശോധന നടത്തി. വീടുകളിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങൾ, ഡിജിറ്റൽ തെളിവുകളും ചില നിര്‍ണായക രേഖകൾ ഉൾപ്പെടെ പരിശോധനയിൽ കണ്ടെടുത്തു.

പോപുലർ ഫ്രണ്ട് ഗൂഢാലോചന കേസ്; തമിഴ്‌നാട്ടിലെ 6 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; അഞ്ച് പേർ അറസ്റ്റിൽ
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ

2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള തങ്ങളുടെ പദ്ധതിയെ എതിർക്കുന്നവരെയും പിഎഫ്‌ഐയുടെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടാത്തവരെയും ഉന്മൂലനം ചെയ്യാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. കുറ്റാരോപിതരായ വ്യക്തികള്‍ നിരവധി പിഎഫ്ഐ കേഡര്‍മാരെ, പ്രത്യേകിച്ച് യുവാക്കളെ, സംഘടനയുടെ നേതൃത്വത്തിലേക്ക് ആകര്‍ഷിക്കുകയും കൂടാതെ എതിരാളികളെ ആക്രമിക്കാനുള്ള പരിശീലനവും നല്‍കിയിട്ടുണ്ടെന്നും എന്‍ഐഐ വൃത്തങ്ങൾ പറഞ്ഞു.

സെപ്റ്റംബറിലാണ് കേന്ദ്ര സർക്കാർ പോപുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംഘടനയെ നിരോധിക്കുകയും ചെയ്തു. കൂടാതെ, സംഘടനയ്ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന്റെ അധികാരങ്ങള്‍ വിനിയോഗിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി പിഎഫ്ഐക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സ്റ്റേറ്റ് ഏജന്‍സികള്‍, പോലീസ് സേനകള്‍ എന്നിവ രാജ്യത്തുടനീളം നടത്തിയ ഒന്നിലധികം റെയ്ഡുകളില്‍ നൂറിലധികം പോപുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in