ഇന്ത്യക്ക് 'പ്രായമേറുന്നു'; 2050ൽ വയോധികരുടെ എണ്ണം ഇരട്ടിയാകും; ആകെ ശതമാനം 20.8 ആയി ഉയരും
2050ഓടെ ഇന്ത്യന്‍ ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ട്. യുണൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ആനൂകൂല്യങ്ങള്‍ ലഭ്യമല്ലാത്ത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ ഏജിങ് റിപ്പോര്‍ട്ട് 2023 പറയുന്നത് അനുസരിച്ച്, ഇന്ത്യയില്‍ 60 വയസും അതിന് മുകളിലേക്കും പ്രായമുള്ളവരുടെ എണ്ണം 2022ല്‍ 14.9 കോടിയാണ്, ഇത് ഇന്ത്യന്‍ ജനസംഖ്യയുടെ 10.5 ശതമാനമാണ്. 2050 ഓടെ പ്രായമായവരുടെ എണ്ണം ഇരട്ടിയായി 34.7 കോടി അല്ലെങ്കില്‍ ജനസംഖ്യയുടെ 20.8 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
60 വയസ്സാകുമ്പോള്‍, ഒരാള്‍ അടുത്ത 18.3 വര്‍ഷം കൂടെ ജീവിക്കുമെന്നു പ്രതീക്ഷിക്കുന്നു. അതില്‍ സ്ത്രീകള്‍ക്ക് 19 വര്‍ഷവും പുരുഷന്‍മാര്‍ക്ക് 17.5 വര്‍ഷവുമാണ് സാധ്യത. എന്നാല്‍ ഇന്ത്യയിലെ സ്ത്രീകള്‍ കൂടുതലും സാമ്പത്തിക സുരക്ഷയ്ക്കായി ആശ്രയിക്കുന്നത് അവരുടെ ഭര്‍ത്താക്കന്മാരെയാണ്. റിപ്പോര്‍ട്ട് പ്രകാരം പുരുഷന്മാരേക്കാള്‍ കൂടുതല്‍ ആയുസ്സ് ലഭിക്കുന്നത് സ്ത്രീകള്‍ക്കായത് കൊണ്ട് തന്നെ പങ്കാളിയുടെ മരണത്തിന് ശേഷം പുരുഷന്മാരേക്കാള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് സ്ത്രീകളായിരിക്കും.
പ്രായമാകുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന വരുമാന നഷ്ടവും ആരോഗ്യസംരക്ഷണ ചിലവും എല്ലാം ഒരാളുടെ വാര്‍ദ്ധക്യം സാമ്പത്തിക ആശ്രിതത്വവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍, പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ സാമൂഹിക സുരക്ഷിതത്വമില്ലാതെ തൊഴില്‍ മേഖലകളിലാണ് ഭൂരിഭാഗം ആളുകളും ജോലി ജോലി ചെയ്യുന്നത്. പ്രായമായ പുരുഷന്മാരില്‍ 11 ശതമാനം പേര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നത് അവരുടെ മുന്‍ ജോലികളില്‍ നിന്നായിരുന്നുവെന്നും, അതേസമയം 16.3 ശതമാനം പേര്‍ക്ക് സാമൂഹിക പെന്‍ഷനാണ് ലഭിച്ചിരുന്നതെന്നും 2017-18 ലെ ലോംഗിറ്റുഡിനല്‍ ഏജിങ് സര്‍വേ ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളുടെ കാര്യത്തില്‍, 27.4 ശതമാനം പേര്‍ക്ക് സാമൂഹിക പെന്‍ഷന്‍ ലഭിക്കുമ്പോള്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് അവരുടെ മുന്‍ ജോലിയില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നത്.
പെന്‍ഷന്‍, വരുമാനം എന്നിവയെക്കുറിച്ചുള്ള യുഎന്‍എഫ്പിഎയുടെ വിശകലനം സൂചിപ്പിക്കുന്നത് 18.7 ശതമാനം പ്രായമായവര്‍ക്ക് വരുമാനമില്ലെന്നാണ്. ഉത്തരാഖണ്ഡില്‍ 19.3 ശതമാനം, ബംഗാളില്‍ 25.5 ശതമാനം, ഉത്തര്‍പ്രദേശില്‍ 27.7 ശതമാനം, ജമ്മു കശ്മീരില്‍ 38.9 ശതമാനം, അരുണാചല്‍ പ്രദേശില്‍ 42.2 ശതമാനം, ലക്ഷദ്വീപില്‍ 42.4 ശതമാനം എന്നിങ്ങനെ ഈ വിഭാഗത്തില്‍ 17 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വയോജനങ്ങളുണ്ട്.
വയോജനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒരു ദേശീയ സാമൂഹിക സഹായ പദ്ധതി നടത്തുന്നുണ്ട്. ഇന്ദിരാഗാന്ധി ദേശീയ വയോജന പെന്‍ഷന്‍ പദ്ധതി 60നും 79നും ഇടയില്‍ പ്രായമുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പ്രതിമാസം 200 രൂപ നല്‍കുന്നു. ഇന്ദിരാ ഗാന്ധി നാഷണല്‍ ഡിസെബിലിറ്റി പെന്‍ഷന്‍ സ്‌കീം 18 വയസ്സിന് മുകളിലുള്ള ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രതിമാസം 300 രൂപയും ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ പദ്ധതി 40 വയസ്സിന് മുകളിലുള്ള വിധവകള്‍ക്ക് പ്രതിമാസം 300 രൂപയും നല്‍കുന്നു. 80 വയസ്സ് പൂര്‍ത്തിയായാല്‍ ഈ വിഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 500 രൂപ ലഭിക്കും.
കൂടാതെ, 65 വയസ്സിന് മുകളിലുള്ളവരും സാമൂഹിക പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കും പ്രതിമാസം 10 കിലോ സൗജന്യ ധാന്യത്തിന് അര്‍ഹതയുണ്ട്.
യുഎന്‍എഫ്പിഎ റിപ്പോര്‍ട്ടിനായി നിരവധി പ്രായമായവരെ അഭിമുഖം നടത്തിയിരുന്നു. നിലവിലെ ജീവിതചിലവ് വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മതിയാകില്ലെന്നാണ് ഇവര്‍ പറയുന്നത്.
പ്രായമായവര്‍ക്ക് വലിയ ബുദ്ധിമുട്ടുകളില്ലാതെ ഭക്ഷ്യ റേഷന്‍, സാമൂഹിക പെന്‍ഷന്‍ എന്നിവ സംസ്ഥാനത്തില്‍ നിന്ന് പിന്തുണയായി ലഭിക്കുന്നുണ്ടെങ്കിലും, സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജീവിതചിലവിന്റെ വെല്ലുവിളികളെ നേരിടാന്‍ ഇത് പര്യാപ്തമല്ലെന്ന് അവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മിനിമം വേതനത്തിന്റെ പകുതിയായി സാമൂഹിക പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതായി സിവില്‍ സൊസൈറ്റി സംഘടനയായ പെന്‍ഷന്‍ പരിഷത്തിന്റെ ദേശീയ കണ്‍വീനര്‍ നിഖില്‍ ഡേ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നുള്ള പ്രതിമാസ പെന്‍ഷന്‍ തുകയായ 200, 300 രൂപയില്‍ 2007 മുതല്‍ യാതൊരു മാറ്റവും വന്നിട്ടില്ല. പ്രായമായവരെക്കുറിച്ച് ചിന്തിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ 42 ശതമാനം ക്ഷാമബത്ത നല്‍കുന്നത് ക്രൂരതയാണെന്നും ഡേ പറയുന്നു.
സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കായി അപേക്ഷിക്കുന്നതിന് നിരവധി ഡോക്കുമെന്റുകള്‍ സമര്‍പ്പിക്കേണ്ടതിനോടൊപ്പം നടപടിക്രമങ്ങള്‍ക്കായി വയോജനങ്ങള്‍ക്ക് ഓഫീസുകളില്‍ നേരിട്ട് എത്തേണ്ടതായും വരുന്നുണ്ടെന്ന് യുഎന്‍എഫ്പിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായമായവര്‍ക്ക് പലപ്പോഴും ഈ ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിയില്ല. മാത്രമല്ല, പദ്ധതികളെക്കുറിച്ചുള്ള അവബോധം അവക്ക്് കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎന്‍എഫ്പിഎ ഐക്യരാഷ്ട്രസഭയുടെ ലൈംഗിക, പ്രത്യുത്പാദന ആരോഗ്യ ഏജന്‍സിയാണ്. കൂടാതെ 150-ലധികം രാജ്യങ്ങളുമായി ഇത് പ്രവര്‍ത്തിക്കുന്നതായി യുഎന്‍എഫ്പിഎയുടെ വെബ്സൈറ്റ് പറയുന്നു.