വാഹനത്തിന്റെ നിർമാണ വർഷം തെറ്റായി നൽകി; പോർഷെ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

വാഹനത്തിന്റെ നിർമാണ വർഷം തെറ്റായി നൽകി; പോർഷെ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

പോർഷെ ഇന്ത്യയ്ക്കും ഗുരുഗ്രാമിലെ പോർഷെ സെന്ററിനുമെതിരെ യു പി സ്വദേശി പ്രവീൺ കുമാർ മിത്തൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്
Updated on
1 min read

കാറിന്റെ നിർമാണ വർഷം തെറ്റായി പ്രസിദ്ധീകരിച്ചതിന് ഉപഭോക്താവിന്, പോർഷെ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പലിശ സഹിതം 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ജസ്റ്റിസ് രാം സൂറത്ത് റാം മൗര്യ, ഡോ. ഇന്ദർ ജിത് സിങ്ങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പോർഷെ ഇന്ത്യയ്ക്കും ഗുരുഗ്രാമിലെ പോർഷെ സെന്ററിനുമെതിരെ യു പി സ്വദേശി പ്രവീൺ കുമാർ മിത്തൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

2013ൽ നിർമിച്ച കാറിനെ 2014ൽ നിർമിച്ചതെന്ന് തെറ്റായി ചിത്രീകരിച്ച പോർഷെ സെന്റർ നടപടി അന്യായമായ വ്യാപാര സമ്പ്രദായത്തിനും സേവനത്തിലെ പോരായ്മയ്ക്കും കാരണമാകുന്നതാണെന്ന് കോടതി വിലയിരുത്തി.

2014ൽ ഗുഡ്ഗാവിലെ പോർഷെ സെന്ററിൽ നിന്ന് 80 ലക്ഷം രൂപയ്ക്കാണ് പോർഷെ കെയ്ൻ ഡീസൽ കാർ പരാതിക്കാരൻ വാങ്ങിയത്. 2016 ൽ വാഹനം വിൽക്കാൻ തീരുമാനിച്ച അവസരത്തിൽ, വാങ്ങാനെത്തിയവരിൽ ഒരാളാണ് കാർ യഥാർത്ഥത്തിൽ 2013 ൽ നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയത്. തുടർന്ന് ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു. അതേ മോഡലിലുള്ള ഒരു പുതിയ കാറോ അല്ലെങ്കിൽ കാറിന്റെ മുഴുവൻ വിലയും മറ്റ് ചെലവുകളും തിരികെ നൽകണമെന്നായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടത്. സംഭവത്തെ തുടർന്ന് തനിക്കുണ്ടായ കടുത്ത മാനസിക ബുദ്ധിമുട്ടുകൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

തനിക്ക് നൽകിയ രേഖകൾ ആധികാരികമാണോ എന്ന് പരിശോധിക്കാൻ 2017ൽ സംസ്ഥാന ഗതാഗത വകുപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പരാതിക്കാരൻ ഹർജിയിൽ പറഞ്ഞു. തുടർന്ന് വാഹനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പടെയുള്ള രേഖകളുടെ പകർപ്പുകൾ ലഭിച്ചിരുന്നു. ഈ രേഖകൾ പ്രകാരമാണ് കാർ 2014ലാണ് നിർമിച്ചതെന്ന് വ്യക്തമായത്. തെറ്റായ വർഷം അച്ചടിച്ച് എല്ലാ രേഖകളും വ്യാജമായി നിർമിച്ച് മനഃപ്പൂർവം കബളിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രവീൺ കുമാറിന്റെ ആരോപണം.

അതേസമയം, പോർഷെ ആരോപണം നിഷേധിച്ചു. പരാതിക്കാരൻ ദുരുദ്ദേശ്യത്തോടെയാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നും 2013ലാണ് കാർ നിർമിച്ചതെന്ന് പരാതിക്കാരന് അറിയാമായിരുന്നുവെന്നും കമ്പനി പറഞ്ഞു. അതിന് 11.90 ലക്ഷം രൂപ കിഴിവ് നൽകിയിട്ടുണ്ടെന്നും കമ്പനി വാദിച്ചു. കാറിന്റെ രജിസ്ട്രേഷൻ കമ്പനിയിൽ തന്നെ ചെയ്യാൻ പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ആർടിഒയിൽ ചില ആളുകളുമായി ബന്ധമുണ്ടെന്നും അതിനാൽ നിർമാണ വർഷം 2014 ആക്കി രജിസ്റ്റർ ചെയ്യുമെന്നും പ്രവീൺ കുമാർ പറഞ്ഞതായും കമ്പനി ആരോപിച്ചു. തർക്കങ്ങൾ തെളിയിക്കാൻ ഇരുകക്ഷികളും രേഖകൾ ഹാജരാക്കി. വ്യവഹാര ചെലവായി 25,000 രൂപ പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു.

logo
The Fourth
www.thefourthnews.in