"വിദേശ വനിതയ്ക്ക് ജനിച്ച ഒരാൾക്ക് രാജ്യസ്നേഹിയാകാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു": പ്രഗ്യാ സിങ് താക്കൂർ

"വിദേശ വനിതയ്ക്ക് ജനിച്ച ഒരാൾക്ക് രാജ്യസ്നേഹിയാകാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു": പ്രഗ്യാ സിങ് താക്കൂർ

പ്രതിപക്ഷ അംഗങ്ങളെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് യുകെയിൽ നടന്ന ഒരു പരിപാടിക്കിടെ രാഹുൽ ആരോപിച്ചിരുന്നു. ഇതിനെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രഗ്യാ സിങ്.
Updated on
1 min read

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി എംപിയും മലേഗാവ് സ്‌ഫോടനക്കേസിൽ കുറ്റാരോപിതയുമായ പ്രഗ്യാ സിങ് താക്കൂർ. വിദേശ വനിതയ്ക്ക് ജനിച്ച ഒരാൾക്ക് ഒരിക്കലും രാജ്യസ്നേഹിയാകാൻ കഴിയില്ല എന്ന് രാഹുൽ ഗാന്ധി തെളിയിച്ചു. വിദേശ രാജ്യത്ത് പോയി ഇന്ത്യയില്‍ പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് പറയുന്നതിലും ലജ്ജാകരമായ മറ്റൊന്നില്ലെന്നും പ്രഗ്യാ സിങ് പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് യുകെയിൽ നടന്ന ഒരു പരിപാടിക്കിടെ രാഹുൽ ആരോപിച്ചിരുന്നു. ഇതിനെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രഗ്യാ സിങ്.

രാജ്യത്തെ സ്ഥാപനങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണം നടക്കുന്നുവെന്ന രാഹുലിന്റെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പരാമർശവും കോൺഗ്രസും ബിജെപിയും തമ്മിലുള്ള തർക്കവിഷയമായി മാറിയിരുന്നു

'' ഒരു വിദേശ രാജ്യത്ത് പോയ ശേഷം പാർലമെന്റിൽ സംസാരിക്കാൻ അവസരം നൽകുന്നില്ലെന്ന് പറയുന്നു. ഇതിലും മോശമായ മറ്റൊരു കാര്യമില്ല. രാഹുലിന് ഇനി മുതൽ രാഷ്ട്രീയത്തിൽ അവസരം നൽകരുത്. കൂടാതെ അദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കുകയും വേണം" - പ്രഗ്യാ സിങ് പറഞ്ഞു. അതിജീവനം പ്രതിസന്ധിയിലായതോടെ കോണ്‍ഗ്രസുകാരുടെ മനസെല്ലാം അഴിമതിയാൽ നിറഞ്ഞിരിക്കുകയാണെന്നും പ്രഗ്യാ സിങ് പറഞ്ഞു.

എന്നാല്‍, മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ് പ്രഗ്യാ സിങ്ങെന്ന് ഓര്‍ക്കണമെന്നായിരുന്നു പരാമര്‍ശങ്ങളോട് കോൺഗ്രസിന്റെ പ്രതികരണം.

ലണ്ടനിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പരിപാടിയിലാണ് രാഹുൽ ബിജെപിയെ കടന്നാക്രമിച്ചത്. ചൈനയുമായി ബന്ധപ്പെട്ട വിഷയം ഇന്ത്യൻ പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്നും രാജ്യത്ത് പ്രതിപക്ഷം എന്ന ആശയത്തെ തന്നെ ഭരണപക്ഷം അംഗീകരിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. "പാർലമെന്റിലെ പ്രവർത്തക്ഷമമായ മൈക്കുകൾ ഓണാക്കാൻ കഴിയാറില്ല. സഭയിൽ സംസാരിക്കുന്നതിനിടയിൽ എനിക്ക് പലതവണ അങ്ങനെ സംഭവിച്ചിട്ടുണ്ട്" രാഹുൽ പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘടനകൾ "ക്രൂരമായ ആക്രമണത്തിന്" വിധേയമായിരിക്കുകയാണെന്ന രാഹുലിന്റെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പരാമർശവും കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഏറ്റവും തർക്കവിഷയമായി മാറിയിരുന്നു. അതിന് പിന്നാലെയാണ് യുകെയിലെ പ്രസംഗം കൂടി പുറത്തുവന്നത്. വിദേശ രാജ്യത്ത് പോയി രാഹുല്‍ സ്വന്തം നാടിനെ ഇകഴ്ത്തി കാട്ടുന്നു എന്നായിരുന്നു പ്രധാന ആരോപണം.

logo
The Fourth
www.thefourthnews.in