'രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു'; മൻമോഹൻ സിംഗിനെ പ്രശംസിച്ച് നിതിൻ ഗഡ്കരി

'രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു'; മൻമോഹൻ സിംഗിനെ പ്രശംസിച്ച് നിതിൻ ഗഡ്കരി

1991ൽ ധനമന്ത്രിയായിരിക്കെ മൻമോഹൻ സിംഗ് ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങളാണ് രാജ്യത്തെ ലിബറൽ സമ്പദ്‌വ്യവസ്ഥയിലേക്ക് നയിച്ചത്.
Updated on
1 min read

കോണ്‍ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന മൻമോഹൻ സിം​ഗിനെ പ്രശംസിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്മന്ത്രി നിതിൻ ഗഡ്കരി. സാമ്പത്തിക രംഗത്ത് മന്‍മോഹന്‍ സിങ് കൊണ്ടുവന്നിട്ടുളള മാറ്റങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് ഗഡ്കരി പറഞ്ഞു. ഇന്ത്യയ്ക്ക് ഒരു ലിബറൽ സാമ്പത്തിക നയം ആവശ്യമാണ്. എങ്കിൽ മാത്രമേ രാജ്യത്തെ ദരിദ്രരായ ആളുകൾക്കിടയിലേക്ക് സാമ്പത്തികമായ നേട്ടങ്ങൾ എത്തുകയുളളൂവെന്നും ടാക്‌സ് ഇന്ത്യ ഓൺലൈൻ (TIOL) സംഘടിപ്പിച്ച അവാർഡ് നിശയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ലിബറൽ സാമ്പത്തിക നയം ഏത് രാജ്യത്തിന്റെയും വികസനത്തിന് ഉതകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചൈന

ഗഡ്കരി

1991ൽ ധനമന്ത്രിയായിരിക്കെ മൻമോഹൻ സിംഗ് ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങളാണ് രാജ്യത്തെ ലിബറൽ സമ്പദ്‌വ്യവസ്ഥയിലേക്ക് നയിച്ചത്. അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു പുതിയ ദിശാബോധം നൽകി. ഉദാരവത്കരണ സാമ്പത്തിക നയം രാജ്യത്തെ മുഴുവൻ കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടിയുള്ളതാണ്. ഉദാരവത്കരണത്തിലൂടെ രാജ്യത്തിന് പുതിയ ദിശാബോധം നൽകിയ മൻമോഹൻ സിങ്ങിനോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു.

മൻമോഹൻ സിംഗ് 1990 കളില്‍ ധനമന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ തനിക്കും ഏറെ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായിരുന്ന സമയത്ത് തനിക്ക് മഹാരാഷ്ട്രയിൽ റോഡുകൾ നിർമ്മിക്കാനുളള പണം സ്വരൂപിക്കാൻ പുതിയ പരിഷ്കാരങ്ങള്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

ലിബറൽ സാമ്പത്തിക നയം ഏത് രാജ്യത്തിന്റെയും വികസനത്തിന് ഉതകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചൈനയെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനായി ഇന്ത്യയ്ക്ക് കൂടുതൽ മൂലധന ചെലവിനായുളള നിക്ഷേപം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതകളുടെ നിർമ്മാണത്തിനായി എൻഎച്ച്എഐ സാധാരണക്കാരിൽ നിന്ന് പണം സ്വരൂപിച്ചു വരികയാണ്. എൻഎച്ച്എഐയുടെ ടോൾ വരുമാനം നിലവിൽ പ്രതിവർഷം 40,000 കോടി രൂപയാണ്. എന്നാൽ 2024 അവസാനമാകുമ്പോഴേക്കും 1.40 ലക്ഷം കോടി രൂപയായി ഇത് ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. അതുകൊണ്ട് തന്നെ 26 ഹരിത എക്‌സ്പ്രസ് വേകൾ നിർമ്മിക്കുന്നതിന് പണക്ഷാമം നേരിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in