സീതാറാം യെച്ചൂരി: കൈമാറാനില്ലാത്തൊരു സ്വപ്നത്തിന്റെ അന്ത്യം
കഴിഞ്ഞുപോയൊരു കാലത്തിന്റെ സ്വപ്നത്തെ കൈനീട്ടിപ്പിടിച്ചുകൊണ്ടേയിരുന്ന രാഷ്ട്രീയജീവിതമായിരുന്നു സീതാറാം യെച്ചൂരിയുടേത്. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയം അതിന്റെ രാഷ്ട്രീയ നിലപാടുകളും സംഘടനാശേഷിയും വികസിപ്പിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു യെച്ചൂരി സിപിഐ(എം) ന്റെ ഭാഗമാകുന്നത്. ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന്റെ എല്ലാ ദൗർബ്ബല്യങ്ങളെയും വെളിപ്പെടുത്തുകയും ഇന്ത്യയുടെ രാഷ്ട്രീയ ശരീരത്തിന്റെ എല്ലാ ആന്തരിക ശക്തിയേയും പരീക്ഷിക്കുകയും ചെയ്ത അടിയന്തരാവസ്ഥ കാലത്തായിരുന്നു യെച്ചൂരി തന്റെ പിൽക്കാലത്തേക്കുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയജീവിതം ആരംഭിച്ചതും. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അതിന്റെ സ്ഥാപക നേതൃത്വത്തിനോ അല്ലെങ്കിൽ അവർക്കൊപ്പം തുടങ്ങിയ നേതാക്കൾക്ക് കീഴിലോ തന്നെയായിരുന്നു അപ്പോഴും തുടർന്നിരുന്നത്. ബ്രിട്ടീഷ് തടവറകളിലും സായുധ വിപ്ലവത്തിന്റെ കൊൽക്കത്ത തീസിസ് കാലത്തിലും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ ചരിത്രത്തിലെ ഇതിഹാസപോരാട്ടങ്ങളിലും പങ്കെടുത്ത മനുഷ്യർ അപ്പോഴും ചുവന്ന സ്വപ്നങ്ങൾ കാണുകയോ അയവിറക്കുകയോ ചെയ്തുകൊണ്ട് ഈ പാർട്ടിയെ നയിച്ചുകൊണ്ടിരുന്നു.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ നീണ്ട തരംഗരാജിയിൽ പ്രത്യക്ഷമായ മൂന്ന് ശകലങ്ങളായി മാറിയിരുന്നു അന്നേക്ക്. ദേശീയ ബൂർഷ്വാസിക്കൊപ്പം ചേർന്നുള്ള ദേശീയ ജനാധിപത്യ വിപ്ലവത്തിന്റെ സിപിഐ പാതയും 1964-ലെ പിളർന്നുപോന്നുണ്ടായ സിപിഐ(എം)ന്റെ ജനകീയ ജനാധിപത്യത്തിന്റെ വഴിയും നക്സൽബാരിയുടെ തുടർച്ചയിൽ രൂപപ്പെട്ട മാർക്സിസ്റ്റ്-ലെനിനിസ്റ്റ് കക്ഷികളുടെ പുത്തൻ ജനാധിപത്യ വിപ്ലവവുമായി ഇന്ത്യൻ വിപ്ലവപാത ഒരേ സമയം സജീവവും ദുർബ്ബലവുമായിരുന്നു. വാസ്തവത്തിൽ ആ ഘട്ടത്തിൽ സിപിഐ (എം) അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഇന്ത്യൻ വിപ്ലവമെന്ന ആശയത്തിന്റെ ആകർഷകത്വം അത്രയേറെ ശക്തമായിരുന്നില്ല. എന്നാൽ വ്യവസ്ഥക്കെതിരായും ചൂഷണത്തിനെതിരായും ജനാധിപത്യത്തിന് വേണ്ടിയും ഭരണകൂട അടിച്ചമർത്തലിനെതിരായുമുള്ള ജൈവികമായ ഒരാശയം എന്ന നിലയിൽ അത് ക്ഷോഭത്തിന്റെയും പ്രതിഷേധത്തിന്റെയും നീതിക്കു വേണ്ടിയുള്ള മനുഷ്യന്റെ നിലയ്ക്കാത്ത തിരതള്ളലുകളേയും ഉൾക്കൊണ്ടിരുന്നു. അടിയന്തരാവസ്ഥയുടെ അതിഭീകരമായ ജനാധിപത്യ വിരുദ്ധതയുടെ പശ്ചാത്തലം കൂടിയുണ്ടായിരുന്നു ആ കാലത്ത് സ്വാഭാവികമായും നീതിക്കുവേണ്ടിയുള്ള യൗവ്വനത്തിന്റെ തെരഞ്ഞെടുപ്പുകളിലൊന്നായി നിലനിൽക്കാനും പ്രാപ്തമായിരുന്നു. ലോകമാകട്ടെ സോഷ്യലിസ്റ്റ് ചേരിയും മുതലാളിത്ത ചേരിയുമായി ബലാബലത്തിൽ അങ്കംവെട്ടുകയാണെന്ന ആഗോളസാഹചര്യം ഒരളവോളം വിശ്വസനീയവുമായിരുന്നു. സീതാറാം യെച്ചൂരിയെന്ന വിപ്ലവകാംക്ഷിയായ ഒരു ചെറുപ്പക്കാരൻ സിപിഐ (എം) ആയത് അതുകൊണ്ടുതന്നെ ചരിത്രത്തോട് നീതിപുലർത്തിക്കൊണ്ടായിരുന്നു.
യെച്ചൂരി മാഞ്ഞുപോകുമ്പോൾ സി പി ഐ(എം)ൽ അവശേഷിക്കുന്നത് ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പോരാട്ടമടക്കമുള്ള ചരിത്രപരമായ ഇടതുപക്ഷ ചുമതലകളുടെ ദിശാബോധമുള്ള നേതൃത്വത്തിന്റെ അഭാവമാണ്. കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെയും മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെയും എല്ലാ മുദ്രാവാക്യങ്ങളേയും ദുരധികാര വാഴ്ചയുടെ കൊട്ടാരക്കെട്ടുകളിൽ ബലികൊടുത്ത സംഘടനാ ശരീരത്തെയാണ്.
ജനാധിപത്യത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു അടിയന്തരാവസ്ഥക്ക് ശേഷമുള്ള രാഷ്ട്രീയത്തിന്റെ ഉൾക്കാമ്പ്. മുഖ്യധാര കമ്മ്യൂണിസ്റ്റ് കക്ഷികൾ തമ്മിലും അതിനുശേഷം ഇക്കാര്യത്തിലൊരു ഒത്തുതീർപ്പുണ്ടായി. വിപ്ലവം വിദൂരമോ അന്നത്തെ ശക്തിയും സ്വാധീനവും വെച്ചുകൊണ്ട് ദുസ്സാധ്യമോ ആയൊരു കാര്യമാണെന്ന അബോധത്തിലെ തിരിച്ചറിവുകൂടിയായതോടെ വിശാല ഇടതുപക്ഷ ഐക്യമെന്ന രാഷ്ട്രീയ പ്രായോഗികതയിലേക്ക് സിപിഐ-യും സി പി ഐ (എം)-ഉം എത്തി. കോൺഗ്രസുമായുള്ള ബാന്ധവമുണ്ടാക്കിയ രാഷ്ട്രീയജീര്ണത അസ്തിത്വപ്രശ്നമായി മാറിയതോടെ അടിയന്തരാവസ്ഥയുടെ പാപഭാരങ്ങളിൽ നിന്നും അതിവേഗം വിട്ടുപോരിക മാത്രമായിരുന്നു സിപിഐക്കും ചെയ്യാനുണ്ടായിരുന്നത്. ഈയൊരു ഘട്ടത്തിൽ പാർട്ടിയിലേക്കേത്തുമ്പോൾ യെച്ചൂരിയുടെ മുന്നിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അജണ്ട എന്തായാലും ആസന്നമായ ഇന്ത്യൻ വിപ്ലവമായിരുന്നില്ല, മറിച്ച് ജനാധിപത്യ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നാനാവിധ പാർലമെന്ററി പ്രയോഗങ്ങളും സഹചാരികളായ സമരങ്ങളുമായിരുന്നു.
ഇത് അന്ന് പാർട്ടിയെ നയിച്ചിരുന്ന സ്ഥാപക, രണ്ടാം തലമുറ നേതാവുകളിൽ നിന്നും വ്യത്യസ്തമായ മറ്റൊരു തലമുറയുടെ വരവായിരുന്നു. അവർ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചവരല്ല. അവർ വിപ്ലവത്തിന്റെ മേഘങ്ങളേ കയ്യെത്തിപ്പിടിക്കാൻ കുതിച്ചിട്ടില്ല. അവർ പിളർപ്പിന്റെ ഉൾപ്പാർട്ടി സമരങ്ങളുടെ സൈദ്ധാന്തികമോ വൈകാരികമോ ആയ മൂശകളിൽ വെന്തിട്ടുമില്ല. അതുകൊണ്ടുതന്നെ പ്രതീക്ഷകളുടെ അമിതഭാരവും അവർക്കില്ലായിരുന്നു. നിലവിലെ ഭരണകൂടത്തിനെ തകർക്കുകയും രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയും ചെയ്യുകയെന്ന ചരിത്രശീലത്തിൽ നിന്നും മാറി സർക്കാരുകളുണ്ടാക്കുന്ന തെരഞ്ഞെടുപ്പ് പരിപാടിയുടെ കാലിക പ്രായോഗികതകളിൽ അവർക്ക് വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ യെച്ചൂരിയുടെ സംഭാവനകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു മാറ്റത്തിന്റെ കാലത്തിനുള്ളിൽ വരയ്ക്കപ്പെട്ടതാണ്.
വിപ്ലവത്തിന്റെ തീക്കാറ്റിലേക്ക് സ്വയം എടുത്തെറിഞ്ഞ ഒരു തലമുറയിലെ ജഞാനവൃദ്ധന്മാർക്കിടയിൽ അവർ പുതിയ കാലത്തിന്റെ രൂപങ്ങളായി. തങ്ങളുടെ കാലത്തെ ഒരുവിധത്തിൽ കൈമാറിക്കൊടുക്കാൻ പക്ഷെ പോരാട്ടത്തിന്റെ കനം പേറിയ കൈകൾ അവർക്ക് കണ്ടെത്താനായില്ല എന്നത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ശൂന്യതയാണ്
സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും കേന്ദ്ര സമിതിയിലേക്ക് അവരുടെ മുപ്പതുകളുടെ തുടക്കത്തിൽ കടന്നിരിക്കുമ്പോൾ അതിൽ മറ്റൊരു മാറ്റവുമുണ്ടായിരുന്നു. അന്നേവരെ തെരുവിൽ നിന്നും സമരങ്ങളിൽ നിന്നും കൊലയറകളിൽ നിന്നും വന്ന മനുഷ്യരുണ്ടായിരുന്ന ഒരിടത്തേക്ക് മാറിയ കാലത്തിന്റെ പ്രതിഫലനമെന്നോണം സർവ്വകലാശാലയിൽ നിന്നും ജെ എൻ യുവിലെ പരിമിതമായ രാഷ്ട്രീയ സാഹസികതകളിൽ നിന്നും രണ്ടു പേരെ സിപിഐ (എം)ന്റെ കേന്ദ്ര സമിതിയിലേക്ക് എടുക്കുകയായിരുന്നു. അതൊരിക്കലും മോശമായിരുന്നു എന്നല്ല. അതൊരു മാറ്റത്തിന്റെ ഭാഗമായിരുന്നു. എന്നാൽ അതുണ്ടാക്കിയ പരിമിതിയെ മറികടക്കാൻ യെച്ചൂരിക്കൊ കാരാട്ടിനോ കഴിഞ്ഞതുമില്ല. കാരാട്ട് യുക്തിരഹിതമായ സൈദ്ധാന്തിക ഗണിതങ്ങൾക്കൊണ്ടും യെച്ചൂരി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സമവാക്യങ്ങൾക്കിടയിലെ സാന്നിദ്ധ്യമായും തങ്ങളുടെ ഈ ചരിത്രപരമായ ദൗർബ്ബല്യത്തെ മറികടക്കാൻ ശ്രമിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ പരിപാടിയിൽ പ്രത്യേകിച്ച് പ്രതിഫലനമൊന്നുമുണ്ടാക്കാത്ത കാലമായിരുന്നു അവർക്കൊപ്പവും അവരുടെ നേതൃത്വത്തിലും പിന്നീട് വന്നത്.
അതോടൊപ്പം പറയേണ്ട കാര്യം സിപിഐ(എം)-ഉം ഇടതുപക്ഷ മുന്നണിയും അവരുടെ നഷ്ടപ്പെട്ട ഒന്നരപ്പതിറ്റാണ്ടിനു ശേഷം വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് മോശമല്ലാത്ത തിരിച്ചുവരവിന് സാധ്യതയുണ്ടാക്കി അക്കാലത്തെന്നാണ്. 1977-ൽ ബംഗാളിൽ ഇടതുമുന്നണി അധികാരത്തിലെത്തി. ശേഷം 34 വർഷം ആ സംസ്ഥാനം ഭരിക്കുകയും ചെയ്തു. കാർഷിക പരിഷ്‌ക്കരണ നടപടികളടക്കം സാമാന്യമായ പുരോഗമന സ്വഭാവങ്ങളുള്ള പല നയങ്ങളും നടപ്പാക്കി. 1957-ലെ കേരളത്തിലെ സിപിഐ സർക്കാരിന്റെ അനുഭവങ്ങൾ ഊർജ്ജമായി. ജ്യോതിബസു എന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇതിഹാസത്തിലേക്ക് വളർന്നു. കേരളത്തിൽ അത്രയൊന്നും വളർച്ചയുണ്ടായില്ലെങ്കിലും മുന്നണി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളിൽ കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും ഒന്നിടവിട്ട് അധികാരത്തിലെത്താൻ സാധിച്ചു. ദേശീയ രാഷ്ട്രീയത്തിലേക്ക് സിപിഐ (എം) ബംഗാളിലെ ബലത്തിൽ അതിശക്തമായി ഇടപെടുന്ന കാലമെത്തി.
അതങ്ങനെ വെറുതെയുണ്ടായതുമല്ല. ഇന്ത്യയിൽ കോൺഗ്രസിന്റെ അധികാരക്കുത്തക തകരാൻ തുടങ്ങിയിരുന്നു. പകരമൊരു ഏകകക്ഷി ബദലാകട്ടെ ഉണ്ടായിരുന്നുമില്ല. ഇന്ത്യ എന്ന ആശയം തന്നെ അതിന്റെ ബഹുസ്വരതകളുടെയും വൈജാത്യങ്ങളുടെയും വൈരുദ്ധ്യങ്ങളെ രാഷ്ട്രീയമായി രൂപപ്പെടുത്താനും തുടങ്ങി. അത്തരമൊരു കുഴഞ്ഞുമറിഞ്ഞ കോലാഹലത്തിൽ നടത്തേണ്ട രാഷ്ട്രീയ പ്രയോഗത്തിന്റെ കാര്യത്തിൽ സിപിഐ (എം) വലിയ സംശയങ്ങളില്ലാതെ നീങ്ങി. അതൊരു ചെറിയ കാര്യമായിരുന്നില്ല. വിവിധ ഐക്യ മുന്നണി സർക്കാരുകളുടെ രൂപവത്ക്കരണത്തിലും നടത്തിപ്പിലും സിപിഐ (എം)-ഉം വിശിഷ്യ അതിന്റെ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തും നിർണ്ണായക പങ്കുവഹിച്ചു. യെച്ചൂരിയുടെ സജീവമായ രാഷ്ട്രീയ ജീവിതത്തിന്റെ പാകപ്പെടലെന്ന് പറയുന്നത് ഈയൊരു കാലത്താണ്. അതാകട്ടെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വമേറ്റെടുക്കാൻ പിന്നീടെത്തുമ്പോൾ അയാൾക്ക് കൈവശമുണ്ടായ രാഷ്ട്രീയ സമ്പാദ്യം കൂടിയായിരുന്നു. അതുവരെയുള്ള നേതൃത്വത്തിന്റെ സമരകാലങ്ങളല്ല യെച്ചൂരിയടക്കമുള്ളവരുടെ രാഷ്ട്രീയ കാലം. അതൊരു മാറ്റമായിരുന്നു. ആഗ്രഹിച്ചാലും ഇല്ലെങ്കിലും.
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെയും അതിന്റെ പാർലമെന്ററി പാതയേയും കുറിച്ചുള്ള കാലപ്പഴക്കമുള്ള ഭിന്നത സിപി ഐ (എം)നുള്ളിൽ അപ്പോഴും അവസാനിക്കാത്തതിന്റെ മറ്റൊരു രൂപമായിരുന്നു ഐക്യ മുന്നണി സർക്കാരിനെ നയിക്കാൻ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന മറ്റ് കക്ഷികളുടെ നിർദ്ദേശത്തെ പാർട്ടി തള്ളിയത്. രാഷ്ട്രീയാധികാരത്തിന്റെ തലപ്പത്ത് നിർണ്ണായക നിയന്ത്രണമെന്ന മോഹത്തെ താത്‌ക്കാലികമായിരു സുഖലാവണത്തിന്റെ വ്യാമോഹത്തിൽ കുടിയിരുത്താൻ അവർ തയ്യാറായില്ല. അത് കമ്മ്യൂണിസ്റ്റ് യാഥാർത്ഥ്യബോധമുള്ള തീരുമാനമായിരുന്നു, ഒപ്പം അതൊരു ഭഗ്നസ്വപനത്തിന്റെ ബാക്കിയുമായിരുന്നു. പ്രധാനമന്ത്രി പദത്തിന്റെ തിരസ്‌ക്കാര ദാർഢ്യത്തിന്റെ പക്ഷത്തായിരുന്നു യെച്ചൂരിയും കാരാട്ടും. നേർത്തുപോകുന്ന തങ്ങളുടെ ശബ്ദത്തിന്റെ നിലനിൽപ്പിനായി എന്ത് സാധ്യതയും നോക്കേണ്ട ഒരു കാലത്തിലേക്ക് തങ്ങൾ നടക്കുകയാണെന് അന്നവർ തിരിച്ചറിയാതെ പോയത് ചരിത്രപരമായിത്തന്നെ അത്തരം തിരിച്ചറിവുകൾക്ക് സാധ്യതയില്ലാത്ത ഒരു സംവിധാനത്തിനകത്തായിരുന്നു അവരെന്നതുകൊണ്ടാണ്.
1992-ൽ യെച്ചൂരി പോളിറ്റ് ബ്യൂറോയിലെത്തി. വിപ്ലവത്തിന്റെ തീക്കാറ്റിലേക്ക് സ്വയം എടുത്തെറിഞ്ഞ ഒരു തലമുറയിലെ ജഞാനവൃദ്ധന്മാർക്കിടയിൽ അവർ പുതിയ കാലത്തിന്റെ രൂപങ്ങളായി. തങ്ങളുടെ കാലത്തെ ഒരുവിധത്തിൽ കൈമാറിക്കൊടുക്കാൻ പക്ഷെ പോരാട്ടത്തിന്റെ കനം പേറിയ കൈകൾ അവർക്ക് കണ്ടെത്താനായില്ല എന്നത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ശൂന്യതയാണ്. വ്യക്തിപരമായി കുറവുകളൊന്നും പറയാനില്ലെങ്കിലും വാസ്തവത്തിൽ ആ ശൂന്യതയിലാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അവരെ നിർത്തിയത്.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വക്ഷേത്രങ്ങളിൽ പിടിച്ചുനിന്നു. സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ച മാർക്സിസ്റ്റ്-ലെനിനിസ്റ്റ് രാഷ്ട്രീയത്തെ പ്രത്യയശാസ്ത്ര ശരികളെയും ബാധിക്കുന്നില്ല എന്ന പ്രത്യയശാസ്ത്ര രേഖ അവതരിപ്പിച്ചത് യെച്ചൂരിയായത് യാദൃച്ഛികമായിരുന്നില്ല. എന്നാൽ ആഗോളീകരണത്തിന്റെ പുതിയ കാറ്റിനെ ചെറുക്കാനുള്ള ശേഷി അച്ചടക്കമുള്ള പുസ്തകപ്രമേയങ്ങൾക്കുണ്ടായിരുന്നില്ല. പ്രായോഗികതയുടെ വണ്ടിയിൽ അതിവേഗം കയറിക്കൂടുക എന്ന രാഷ്ട്രീയാതിജീവനത്തിന്റെ മായയിലേക്ക് സി പി ഐ(എം) അടക്കമുള്ള ഇടതുകക്ഷികളും നീങ്ങി. അനാഥമായ പ്രത്യയശാസ്ത്ര പ്രമേയത്തിലേക്ക് യെച്ചൂരി ഗൃഹാതുരതയോടെ നോക്കിയുമില്ല. ഹർകിഷൻ സിങ് സുർജിത് സ്ഥാനമൊഴിഞ്ഞതോടെ അവസാനിച്ച ഒരു കാലഘട്ടത്തിൽ നിന്നും 2005-മുതൽ 2015 വരെയുള്ള പ്രകാശ് കാരാട്ട് കാലത്തിൽ സി പി ഐ(എം) രണ്ടു വസ്തുതകളെ നേരിട്ടു. ഒന്ന്, ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിലുള്ള തങ്ങളുടെ രാഷ്ട്രീയസമരത്തിന്റെ ഭാഷ തങ്ങളും തങ്ങൾക്കൊപ്പമുള്ള ജനങ്ങളും മറന്നുതുടങ്ങിയിരിക്കുന്നു. രണ്ട്, ഭരണാധികാരത്തിന്റെ രാവണൻ കോട്ടകളിൽ ദുരധികാരത്തിന്റെയും പ്രത്യയശാസ്ത്ര ശൂന്യതയുടെയും ഭൂതാവേശത്തിൽ തങ്ങൾ പതിച്ചിരിക്കുന്നു. അങ്ങനെയാണ് 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടങ്ങി 2011-ൽ അധികാരം, നഷ്ടപ്പെടുകയും ഇപ്പോൾ ബംഗാൾ നിയമസഭയിൽ ഒരംഗം പോലുമില്ലാത്ത വിധത്തിലേക്കും സി പി ഐ (എം) എത്തിയത്. നന്ദിഗ്രാമിലും സിംഗൂരിലും അവർ പ്രയോഗിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ജനം പ്രതീക്ഷിക്കാത്ത പ്രയോഗങ്ങളായിരുന്നു. അങ്ങനെയെങ്കിൽ അതിനൊരു കമ്മ്യൂണിസ്റ്റ് പാർട്ടി വേണ്ടെന്ന് ജനങ്ങൾ അതിവേഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കണക്കു നോക്കിയാൽ സി പി ഐ (എം)ന്റെയും ഇടതുകക്ഷികളുടേയും ഏറ്റവും ശക്തമായ സാന്നിധ്യമുണ്ടായിരുന്ന കാലത്തുനിന്നും (2004-ൽ സി പി ഐ (എം)-നു 43 ലോക്സഭ അംഗങ്ങളുണ്ടായിരുന്നു) അതിന്റെ ദുരന്തസമാനമായ പതനത്തിലേക്ക് അതിവേഗം ആനയിച്ചുകൊണ്ടാണ് കാരാട്ടിന്റെ സെക്രട്ടറിക്കാലം അവസാനിച്ചത്. അതിന് കാരാട്ട് മാത്രമാണ് ഉത്തരവാദിയെന്ന് പറയുന്നത് മാർക്സിസ്റ്റ് രീതിശാസ്ത്രത്തെ അവഗണിക്കുന്നതിന് തുല്യമാണ്. എന്നാൽ നേതൃപരമായൊരു പങ്ക് ആ തകർച്ചയിൽ അദ്ദേഹം വഹിച്ചു എന്നത് നിസ്തർക്കമായ സംഗതിയാണ്. കളമൊഴിഞ്ഞ വൃദ്ധർ കുതിച്ചും കിതച്ചും നടന്നെത്തിച്ച വഴികളിൽ നിന്നുമുള്ള പിന്തിരിഞ്ഞോട്ടത്തിന്റെ കാലം അതിവേഗം വരികയായിരുന്നു. അതിന്റെ സാക്ഷികളാകാൻ വിപ്ലവസ്വപ്നങ്ങളിൽ യുവാക്കളായിരുന്ന വൃദ്ധന്മാർ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല.
കാരാട്ടിൽ നിന്നും യെച്ചൂരിയിലേക്ക് 2015-ൽ നടന്ന അധികാര കൈമാറ്റം ഒട്ടും സുഗമമായിരുന്നില്ല. അപ്പോഴേക്കും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക പ്രശ്നങ്ങൾക്കപ്പുറമുള്ള സംഘടന നിയന്ത്രണ താത്പര്യങ്ങൾ അതിവേഗം പാർട്ടിയെ കീഴ്‌പ്പെടുത്തിയിരുന്നു. പാർട്ടിയുടെ കേരളം ഘടകത്തിന്റെ കടുത്ത എതിർപ്പുണ്ടായതും പുതിയകാലത്തിന്റെ ഈ മാറ്റത്തിലാണ്. ദേശീയതലത്തിലുള്ള, കേന്ദ്ര നേതൃത്വമുള്ള പാർട്ടിയിൽ നിന്നും ശക്തികേന്ദ്രങ്ങളിൽ പാർട്ടി ഘടകങ്ങളിൽ സ്വന്തം താത്പര്യത്തിനനുസരിച്ച് നയമുണ്ടാക്കുന്ന ആത്മഹത്യാപരമായ കമ്മ്യൂണിസ്റ്റ് സംഘടനാതത്വ നിരാകരണത്തിന്റെ ഭാഗം കൂടിയായിരുന്നു അതെല്ലാം. എന്തായാലും കേരളത്തിലെ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള പാർട്ടി നേതൃത്വത്തിന്റെ വിശ്വസ്തനായ എസ്. രാമചന്ദ്രൻ പിള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയാവുക എന്ന തമാശയിൽ നിന്നും പാർട്ടി രക്ഷപ്പെട്ടു. യെച്ചൂരി ജനറൽ സെക്രട്ടറിയായി. അപ്പോഴേക്കും ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാൻ വിസമ്മതിച്ച സൈദ്ധാന്തിക ഗജങ്ങൾ മെലിഞ്ഞിരുന്നു. തൊഴുത്തിൽ കയറാൻ പോലും അവർ സന്നദ്ധരായിത്തുടങ്ങി.
അതിവേഗം പടർന്നു പന്തലിച്ച, ഇന്ത്യ എന്ന മതേതര ജനാധിപത്യ ആശയത്തെ ഇല്ലാതാക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടത്തിൽ വിശാല ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയുടെ പ്രാധാന്യം യെച്ചൂരി കൃത്യമായി മനസിലാക്കി. അത് ഉദാര ജനാധിപത്യ വാദിയായൊരു രാഷ്ട്രീയക്കാരന്റെ മതേതര രാഷ്ട്രീയം എന്ന നിലയിലല്ല മറിച്ച് ഒരു മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര, ചരിത്ര വീക്ഷണത്തിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് എന്നതാണ് യെച്ചൂരിയെ വ്യത്യസ്തനാക്കുന്നത്.
യെച്ചൂരിയുടെ നേതൃത്വത്തിൽ പാർട്ടി തിരിച്ചുവരവൊന്നും നടത്തിയില്ല. അതിന്റെ സംഘടന, പ്രത്യയശാസ്ത്ര, തെരഞ്ഞെടുപ്പ് പതനം ചരിത്രപരമായ നിർമ്മമതയോടെ തുടർന്നുകൊണ്ടേയിരുന്നു. അവസാനത്തിലേക്ക് ബാക്കിവെക്കുന്നതെന്ത് എന്ന ആകുലത അണികൾക്കുപോലും ഇല്ലാതായി. 2004-ലെ 43-ൽ നിന്നും ലോക്സഭയിൽ 4 പേർ മാത്രമുള്ള സാന്നിധ്യമായി. യെച്ചൂരിക്ക് വലുതായൊന്നും ചെയ്യാനില്ലായിരുന്നു. അദാനി മുതലുള്ള കുത്തകകളുമായും മൂലധന ഭീകരതയുമായും കൈകോർക്കുന്നതിനെ പ്രായോഗിക രാഷ്ട്രീയമെന്ന വഷളത്തത്തിന്റെ ആലയിൽക്കൊണ്ടുചെന്നുകെട്ടിയ പാർട്ടി ആ വഴിയിൽ ഏറെ മുന്നോട്ടുപോയി. ദേശീയ നേതൃത്വം വെറും നോക്കുകുത്തിയായി. ജനാധിപത്യ വിരുദ്ധമായ UAPA റദ്ദാക്കണമെന്ന് പാർട്ടിയുടെ കേന്ദ്ര നേതൃത്വം ആവശ്യപ്പെടുമ്പോൾ കേരളത്തിൽ അവരുടെ പി.ബി.അംഗത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ UAPA അനുസരിച്ച് ആളുകളെ തടവിലാക്കുകയായിരുന്നു. ജീ എസ് ടി അടക്കമുള്ള എല്ലാവിധ ഉദാരവത്ക്കരണ നയങ്ങളിലും ദേശീയ നേതൃത്വത്തിന്റെ നിലപാടുകളെ കേരളത്തിലെ പുത്തൻ വർഗ നേതൃത്വം വിജയകരമായി അട്ടിമറിച്ചു. സിപിഐ (എം)നുള്ളിൽ യെച്ചൂരിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
പ്രധാനമന്ത്രി പദത്തിന്റെ തിരസ്‌ക്കാര ദാർഢ്യത്തിന്റെ പക്ഷത്തായിരുന്നു യെച്ചൂരിയും കാരാട്ടും. നേർത്തുപോകുന്ന തങ്ങളുടെ ശബ്ദത്തിന്റെ നിലനിൽപ്പിനായി എന്ത് സാധ്യതയും നോക്കേണ്ട ഒരു കാലത്തിലേക്ക് തങ്ങൾ നടക്കുകയാണെന് അന്നവർ തിരിച്ചറിയാതെ പോയത് ചരിത്രപരമായിത്തന്നെ അത്തരം തിരിച്ചറിവുകൾക്ക് സാധ്യതയില്ലാത്ത ഒരു സംവിധാനത്തിനകത്തായിരുന്നു അവരെന്നതുകൊണ്ടാണ്.
ഇത് മനസിലാക്കി എന്നതിലാണ് യെച്ചൂരി മറ്റൊരുതരത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെട്ടതിലെ പ്രാധാന്യം. അതിവേഗം പടർന്നു പന്തലിച്ച, ഇന്ത്യ എന്ന മതേതര ജനാധിപത്യ ആശയത്തെ ഇല്ലാതാക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടത്തിൽ വിശാല ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയുടെ പ്രാധാന്യം യെച്ചൂരി കൃത്യമായി മനസിലാക്കി. അത് ഉദാര ജനാധിപത്യ വാദിയായൊരു രാഷ്ട്രീയക്കാരന്റെ മതേതര രാഷ്ട്രീയം എന്ന നിലയിലല്ല മറിച്ച് ഒരു മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര, ചരിത്ര വീക്ഷണത്തിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് എന്നതാണ് യെച്ചൂരിയെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ബംഗാളിലെ സകല തകർച്ചകൾക്കുമിടയിലും കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ഐക്യം എന്നതിനെ ഒരു രാഷ്ട്രീയ പ്രയോഗമായി പരിവർത്തിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞത്. ദേശീയ രാഷ്ട്രീയത്തിൽ INDIA മുന്നണി രാഷ്ട്രീയമായി രൂപപ്പെടുമ്പോൾ അതിനെ സാധ്യമാക്കിയ ഏറ്റവും നിർണ്ണായക പങ്കാളിത്തം സി പി ഐ (എം) എന്നതിനുമപ്പുറം യെച്ചൂരിയുടേതായിരുന്നു എന്ന് വരുന്നത് അങ്ങനെയാണ്. കോൺഗ്രസുമായുള്ള ഐക്യത്തെ കേവലമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെയും തങ്ങളുടെ കുഞ്ഞുലോകങ്ങളിലെ ഇട്ടാവട്ട രാഷ്ട്രീയത്തിന്റെയും മാത്രം ഭാഷയിൽ കണ്ട കേരളത്തിലെ സി പി ഐ (എം) നേതൃത്വത്തിന്റെ എതിർപ്പുകൾക്കിടയിലും ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയെന്ന ചരിത്രപരമായ കമ്മ്യൂണിസ്റ്റ് ചുമതല യെച്ചൂരി നിർവ്വഹിക്കുന്നത് മാർക്സിയൻ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗത്തിലെ ഒട്ടും മോശമല്ലാത്ത അധ്യായമാണ്.
2005 മുതൽ 2017 വരെ രാജ്യസഭയിൽ ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയത്തെ അതിഗംഭീരമായി അവതരിപ്പിക്കാൻ യെച്ചൂരിക്ക് കഴിഞ്ഞത് രാഷ്ട്രീയ പ്രയോഗത്തിന്റെ ചാരുതകളിലൊന്നാണ്. അതിനപ്പുറമുള്ള സാധ്യതകളൊന്നും അയാളെ ജനറൽ സെക്രട്ടറിയാക്കിയ പാർട്ടി ചരിത്രപരമായി അയാൾക്കായി അവശേഷിപ്പിച്ചിരുന്നില്ല. യെച്ചൂരി മാഞ്ഞുപോകുമ്പോൾ സി പി ഐ(എം)ൽ അവശേഷിക്കുന്നത് ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പോരാട്ടമടക്കമുള്ള ചരിത്രപരമായ ഇടതുപക്ഷ ചുമതലകളുടെ ദിശാബോധമുള്ള നേതൃത്വത്തിന്റെ അഭാവമാണ്. കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെയും മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെയും എല്ലാ മുദ്രാവാക്യങ്ങളേയും ദുരധികാര വാഴ്ചയുടെ കൊട്ടാരക്കെട്ടുകളിൽ ബലികൊടുത്ത സംഘടനാ ശരീരത്തെയാണ്.
2005 മുതൽ 2017 വരെ രാജ്യസഭയിൽ ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയത്തെ അതിഗംഭീരമായി അവതരിപ്പിക്കാൻ യെച്ചൂരിക്ക് കഴിഞ്ഞത് രാഷ്ട്രീയ പ്രയോഗത്തിന്റെ ചാരുതകളിലൊന്നാണ്. അതിനപ്പുറമുള്ള സാധ്യതകളൊന്നും അയാളെ ജനറൽ സെക്രട്ടറിയാക്കിയ പാർട്ടി ചരിത്രപരമായി അയാൾക്കായി അവശേഷിപ്പിച്ചിരുന്നില്ല
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചരിത്രത്തിന്റെ വിളികളോട് പ്രതികരിക്കാൻ ശ്രമിച്ച സഖാവായിരുന്നു സീതാറാം യെച്ചൂരി. അയാൾ ജീവിച്ച കാലത്ത്, അയാളുടെ സംഘടനയിലൂടെ സാധ്യമാകുന്ന രാഷ്ട്രീയ പ്രയോഗങ്ങളുടെ പരമാവധി അയാൾ ചെയ്തു. ആ സംഘടനയാകട്ടെ അത്തരം സാധ്യതകളുടെ പരിധി ഭൂമിക്കടിയിൽ നിന്നുള്ള നിലവിളികൾ മാത്രമാക്കി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തലമുറ മാറ്റത്തിന്റെ ഒരു ഘട്ടമായിരുന്നു സീതാറാം യെച്ചൂരി. മറ്റൊരു തലമുറയ്ക്ക് കൈമാറാനില്ലാത്ത വിധം അത് തീരുകയാണ്. സഖാവേ, അന്ത്യാഭിവാദ്യങ്ങൾ!