അദാനിയുടെ വരവ്; എന്‍ഡിടിവി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു
എന്‍ഡിടിവി ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്കിടെ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ച് പ്രണോയ് റോയിയയും രാധിക റോയിയും. എന്‍ഡിടിവിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പണ്‍ ഓഫര്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അംഗീകരിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും രാജി.
സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ എന്നിവര്‍ പുതിയ ഡയറക്ടമാരാകുമെന്ന് കമ്പനി സെക്രട്ടറി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍ആര്‍പിആര്‍എച്ച് ) ഡയറക്ടര്‍മാരായിരുന്നു പ്രണോയ് റോയിയും രാധിക റോയിയും.
26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പണ്‍ ഓഫര്‍ സെബി അംഗീകരിച്ചിരുന്നു
അദാനി ഗ്രൂപ്പ് നടത്തുന്ന പുതിയ നീക്കങ്ങളിലൂടെ 55.18 ശതമാനം ഓഹരിയോടെ സ്ഥാപനം ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും. എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആര്‍ വഴി 29.18 ശതമാനം ഓഹരി നേരത്തെ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെയാണ് 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള ഓപ്പണ്‍ ഓഫര്‍ സെബി അംഗീകരിച്ചത്. ഡിസംബര്‍ അഞ്ച് വരെയാണ് ഓപ്പൺ ഓഫറിന്റെ കാലാവധി. ഈ നീക്കങ്ങള്‍ സ്ഥാപനത്തെ പൂര്‍ണമായും അദാനി ഗ്രൂപ്പിന്റെ കൈകളിലെത്തിക്കുമെന്നതിനാലാണ് പ്രണോയ് റോയിയുടെയും രാധിക റോയിയയുടെയും മുന്‍കൂട്ടിയുള്ള രാജിയെന്നാണ് സൂചനകള്‍.