'തിരഞ്ഞെടുപ്പിന് തന്ത്രമൊരുക്കാൻ 100 കോടി': പ്രതിഫലം വെളിപ്പെടുത്തി പ്രശാന്ത് കിഷോർ
ഒരു തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികൾക്കായി തന്ത്രം മെനയാൻ തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി കൺവീനറുമായ പ്രശാന്ത് കിഷോർ വാങ്ങുന്നത് 100 കോടി. ബിഹാറിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസമാണ് പ്രശാന്ത് കിഷോർ തന്റെ പ്രതിഫലം വെളിപ്പെടുത്തിയത്. ക്യാമ്പയിനുകൾക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് ആളുകൾ തന്നോട് പതിവായി ചോദിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിശദീകരണം.
ബെലഗഞ്ചിൽ ഒരു സദസിനെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രശാന്ത് കിഷോർ തന്റെ പ്രതിഫലത്തെക്കുറിച്ച് സംസാരിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ പത്ത് സർക്കാരുകൾ തന്റെ തന്ത്രങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. " എന്റെ പ്രചാരണത്തിനായി ടെന്റുകളും മേലാപ്പുകളും സ്ഥാപിക്കാൻ എനിക്ക് പണമില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഞാൻ അത്രക്ക് ദുർബലനാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ബിഹാറിൽ എനിക്ക് ലഭിക്കുന്നത് പോലുള്ള പ്രതിഫത്തെക്കുറിച്ച് ആരും കേട്ടിട്ടില്ല. ആർക്കെങ്കിലും ഒരു തിരഞ്ഞെടുപ്പിന് തന്ത്രം പറഞ്ഞ് കൊടുത്തതാണ് എനിക്ക് ലഭിക്കുന്നത് നൂറ് കോടിയും അതിൽ കൂടുതലുമാണ്. അടുത്ത രണ്ട് വർഷം കൂടി ഒരു തിരഞ്ഞെടുപ്പിന്റെ പ്രതിഫലം കൊണ്ട് എനിക്ക് പ്രചാരണങ്ങൾ നടത്താനാവും," പ്രശാന്ത് കിഷോറിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ബിജെപി, ജനതാദൾ (യുണൈറ്റഡ്), കോൺഗ്രസ്, വൈഎസ്ആർ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ഒപ്പം രാഷ്ട്രീയ നയതന്ത്രജ്ഞനായി പ്രവർത്തിച്ചിട്ടുള്ളയാളാണ് പ്രശാന്ത് കിഷോർ. പ്രചാരണ തന്ത്രങ്ങളുടെ നടത്തിപ്പിലും ഏകോപനത്തിനും വിദഗ്ദനാണ് പ്രശാന്ത് കിഷോർ. നരേന്ദ്രമോദിയുടെ 2014 പൊതു തിരഞ്ഞെടുപ്പ് വിജയത്തോടെയാണ് അദ്ദേഹം വലിയ ജനശ്രദ്ധ നേടിയത്. അടുത്തിടെയാണ് മറ്റ് പ്രധാന പാർട്ടികളുമായി അകന്ന് സ്വന്തമായി 'ജൻ സ്വരാജ്' പാർട്ടി രുപീകരിച്ചത്.
ബെലഗഞ്ച്, ഇമാംഗഞ്ച്, രാംഗഡ്, തരാരി തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നാലിടത്ത് ജാൻ സുരാജ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ബെലഗഞ്ചിൽ മുഹമ്മദ് അംജദ്, ഇമാംഗഞ്ചിൽ ജിതേന്ദ്ര പാസ്വാൻ, രാംഗഢിൽ സുഷിൽ കുമാർ സിങ് കുഷ്വാഹ, തരാരിയിൽ നിന്ന് കിരൺ എന്നിവരാണ് ജൻ സുരാജ് സ്ഥാനാർഥികൾ. നവംബർ 13-നാണ് ഉപതിരഞ്ഞെടുപ്പ്, നവംബർ 23-ന് ഫലം പ്രഖ്യാപിക്കും.