'കമ്പരാമായണത്തിലെ സുന്ദര കാണ്ഡം വായിക്കൂ, ആരോഗ്യമുള്ള കുഞ്ഞ് പിറക്കും'; ഗർഭിണികൾക്ക് ഉപദേശവുമായി തെലങ്കാന ഗവർണർ
ഗര്‍ഭിണികളായ സ്ത്രീകള്‍ രാമായണം വായിക്കണമെന്ന ഉപദേശവുമായി തെലങ്കാന ഗവര്‍ണറും ഗൈനക്കോളജിസ്റ്റുമായ ഡോ. തമിഴിസൈ സൗന്ദരരാജന്‍. ജനിക്കുന്ന കുഞ്ഞിന് നല്ല മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. ഗർഭാവസ്ഥയിൽ തന്നെ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ ഇത് സാധിക്കുമെന്നാണ് ഗവർണറുടെ അഭിപ്രായം.
''നിങ്ങൾക്ക് ആരോഗ്യമുള്ള കുഞ്ഞ് ജനിക്കണോ ? രാമായണം വായിക്കുക, ഗർഭകാലത്ത് കമ്പ രാമായണത്തിലെ സുന്ദര കാണ്ഡം വായിച്ചാൽ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാം''-ഗവർണർ പറഞ്ഞു. ആര്‍എസ്എസ് അനുകൂല സംഘടനകള്‍ ഗര്‍ഭിണികള്‍ക്കായി നടത്തിയ 'ഗര്‍ഭ സംസ്‌കാര്‍' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ഗവര്‍ണറുടെ പ്രസ്താവന.
തമിഴ്‌നാട്ടിൽ കാലങ്ങളായി ഗർഭിണികൾ പിന്തുടരുന്ന ആചാരമാണ് കമ്പ രാമായണത്തിലെ സുന്ദര കാണ്ഡം വായന. രാമായണവും മഹാഭാരതവും ഉൾപ്പടെയുള്ള ഇതിഹാസങ്ങൾ ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ ഗർഭ കാലത്ത് സ്ത്രീകൾ വായിക്കുന്ന പതിവുണ്ടായിരുന്നു. ഗർഭസ്ഥ ശിശുവിന്റെ മനസികാരോഗ്യത്തിന് ഇത് ഗുണം ചെയ്യുമായിരുന്നു. ആധുനിക ശാസ്ത്ര സങ്കേതങ്ങൾ പുരോഗമിച്ചതോടെയാണ് ഇത്തരം കാര്യങ്ങൾ ഉപേക്ഷിക്കാൻ തുടങ്ങിയത്. ശാസ്ത്രീയ സമീപനം പ്രസവ സമയത്തെ സങ്കീർണതകൾ തരണം ചെയ്യാൻ സഹായിക്കും അതോടൊപ്പം ആത്മീയ സമീപനം കൂടിയുണ്ടാകുന്നത് വളരെ ഗുണം ചെയ്യുമെന്നും ഡോ . തമിഴിസൈ സൗന്ദരരാജൻ അഭിപ്രായപ്പെട്ടു.
ദേശ സ്നേഹികളായ കുഞ്ഞുങ്ങൾ ജനിക്കാൻ ഗർഭിണികളെ ഒരുക്കുന്ന ആർഎസ്എസ് സംഘടനയായ സംവർധിനി ന്യാസ് ആരംഭിച്ച പ്രചാരണ പരിപാടിയാണ് 'ഗർഭ സംസ്‌കാർ'. ഗർഭധാരണം മുതൽ പ്രസവം വരെയുള്ള കാലയളവിൽ ഗർഭ പാത്രത്തിൽ വച്ച് തന്നെ ശിശുവിന് ഇന്ത്യൻ സംസ്കാരവും മൂല്യങ്ങളും പകർന്നുനൽകുക ലക്ഷ്യമിട്ടാണ് പദ്ധതി. കുട്ടികൾ പിറന്നുവീഴുമ്പോൾ ദേശ സ്നേഹവും രാജ്യത്തോട് കൂറും സേവന സന്നദ്ധതയും കാണിക്കുമെന്നാണ് സംഘടനയുടെ പക്ഷം. രാജ്യത്തെ 10 മേഖലകളാക്കി തിരിച്ചാണ് ഡോക്ടർമാരുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.