'ഭരണഘടന അംഗീകരിക്കേണ്ടത് പൗരന്റെ കടമ'; റിപ്പബ്ലിക് ദിനം ഒരുമിച്ച് കൈവരിച്ച നേട്ടങ്ങളുടെ ആഘോഷമാകണമെന്ന് രാഷ്ട്രപതി
ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്ത് ജനാധിപത്യത്തിന് വഴികാട്ടിയായത് ഭരണഘടനയാണ്. രാജ്യമെന്ന നിലയിൽ ഒരുമിച്ച് കൈവരിച്ച നേട്ടങ്ങളുടെ ആഘോഷമാകണം റിപ്പബ്ലിക് ദിനത്തിലേതെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു ഓര്‍മിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. രാജ്യം അതിവേഗം വളരുകയാണെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്‌ട്രപതി പറഞ്ഞു.
'' സാമ്പത്തിക മേഖലയിൽ ഇന്ത്യ അതിവേഗമാണ് വളരുന്നത്, കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് പോലുള്ള പദ്ധതികളുടെ സമയോചിത ഇടപെടലിന്റെ ഫലമാണ് ഇത്. മേഖലകള്‍ തിരിച്ചുള്ള സാമ്പത്തിക ഇളവുകളും നേട്ടത്തിന് സഹായിച്ചു'' .- രാഷ്‌ട്രപതി പറഞ്ഞു. ജി 20 അധ്യക്ഷ സ്ഥാനം രാജ്യത്തിന് ലഭിച്ചത് പ്രത്യേകം എടുത്ത് പറഞ്ഞ രാഷ്‌ട്രപതി, ജനാധിപത്യ മൂല്യങ്ങളും ബഹുമുഖ മൂല്യങ്ങളും ഉൾക്കൊള്ളുന്ന മികച്ച ലോകത്തെ സൃഷ്ടിക്കാനുള്ള അവസരമായാണ് അധ്യക്ഷ സ്ഥാനത്തെ കാണുന്നതെന്ന് വ്യക്തമാക്കി. ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം അടക്കമുള്ള വെല്ലുവിളികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഇന്ത്യക്കാകുമെന്നും രാഷ്ട്രപതി പ്രതീക്ഷ പ്രകടിപ്പിച്ചു.
രാഷ്ട്രത്തിന്റെ ഭരണഘടനാ നിർമാതാക്കളെയും ദ്രൗപദി മുര്‍മു അനുസ്മരിച്ചു. ഇന്ത്യ എക്കാലത്തും ഡോക്ടർ ബി ആർ അംബേദ്കറോട് കടപ്പെട്ടിരിക്കും. വനിതാ ശാക്തീകരണവും ലിംഗസമത്വവും വെറും മുദ്രാവാക്യങ്ങളല്ലെന്നും, രാജ്യം ഒരുപാട് പുരോഗമിച്ചതായും രാഷ്ട്രപതി അവകാശപ്പെട്ടു.