സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയം; നവഭാരതത്തിന്റെ തുടക്കമെന്ന് പ്രഥമ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി
ഇന്ത്യയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. നവഭാരതത്തിന്റെ തുടക്കമായെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച ധീര ജവാന്‍മാര്‍ക്ക് രാഷ്ട്രപതി ആദരവ് അര്‍പ്പിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്യാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും രാഷ്ട്രപതിയായ ശേഷമുള്ള തന്റെ പ്രഥമ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ദ്രൗപദി മുര്‍മു പറഞ്ഞു.
സ്വാതന്ത്ര്യദിനം രാജ്യ സ്നേഹത്തിന്റെ ദിനമാണ്. വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അവരില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സഫലമാകും- ദ്രൗപദി മുര്‍മു പറഞ്ഞു. എല്ലായിടത്തും ദേശീയ പതാകകള്‍ പാറിപ്പറക്കുകയാണെന്നും സ്വാതന്ത്ര്യ ദിന ആഘോഷത്തില്‍ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്നും രാഷ്ട്രപതി അഭ്യര്‍ത്ഥിച്ചു.
ആധുനിക ലോകത്തും ഇന്ത്യ പാരമ്പര്യം കാത്തുസൂക്ഷിച്ചിട്ടുണ്ട്. വാക്സിനേഷനില്‍ ഇന്ത്യ മാതൃകയായി. കോവിഡ് മഹാമാരിയെ രാജ്യം നിര്‍മ്മിച്ച വാക്സിന്‍ കൊണ്ട് പൊരുതി തോല്‍പ്പിച്ചു. ലോകത്തിന് തന്നെ ഇന്ത്യ താങ്ങായി.
ജനാധിപത്യം ഇന്ത്യയില്‍ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. സ്ത്രീ ശാക്തീകരണത്തിലും അഭിനന്ദനാര്‍ഹമായ നേട്ടമാണ് രാജ്യത്തിന്റേത്. എല്ലാ രംഗത്തും സ്ത്രീകള്‍ തിളങ്ങുന്നു. ആഗോള കായിക രംഗത്തടക്കം സ്ത്രീകള്‍ മുന്നേറ്റമുണ്ടാക്കി. സാങ്കേതിക രംഗത്തും വലിയ നേട്ടങ്ങള്‍ രാജ്യം സ്വന്തമാക്കി. നമ്മുടെ സ്റ്റാര്‍ട്ട് അപ്പുകള്‍ ലോകത്തെ വിസ്മയിപ്പിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.