രാഷ്ട്രപതി തെരഞ്ഞെടുപ്പ് : മുർമുവിന് സാധ്യത, വോട്ടെടുപ്പ് തുടരുന്നു
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് തുടരുകയാണ്. പാർലമെന്റിലും സംസ്ഥാന നിയമ സഭകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. നിലവിലുള്ള കണക്കനുസരിച്ച് എൻഡിഎ സ്ഥാനാർത്ഥി ദ്രൌപദി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിൻ്റെ സ്ഥാനാർത്ഥി
776 ലോക്സഭ- രാജ്യ സഭാ അംഗങ്ങളും 4033 എംഎൽഎമാരുമാണ് വോട്ടർമാർ. വൈകീട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ. എംപിമാർ പച്ച നിറത്തിലും എംഎൽഎ മാർ പിങ്ക് നിറത്തിലുമുള്ള ബാലറ്റുകളിലുമാണ് വോട്ടു ചെയ്യുന്നത്. പ്രത്യേകമായി രൂപ കല്പന ചെയ്ത വയലറ്റ് മഷിയുള്ള പേനയാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക. രാഷ്ട്രപതി സത്യപ്രതിജ്ഞ ജൂലായ് 25 ന് നടക്കും.
കേരളത്തിൽ നിയമസഭയിലെ മൂന്നാം നിലയിലെ പോളിംഗ് ബൂത്തിൽ രാവിലെ പത്തോടെ വോട്ടെടുപ്പ് തുടങ്ങും. സംസ്ഥാനത്തെ 140 എംഎൽഎ മാർക്കു പുറമെ തമിഴ്നാട് തിരുനെൽ വേലിയിലെ ഡിഎംകെ എംപി എസ് ജ്ഞാന ദ്രവ്യവും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു എംഎൽഎയും കേരളത്തിൽ വോട്ടു ചെയ്യും.കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി അനുരാധ താക്കൂറിനാണ് തെരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതല.
ആരൊക്കെയാണ് വോട്ടു ചെയ്യുക?എന്താണ് വോട്ടു മൂല്യം?
പാർലമെന്റിലെ ഇരു സഭകളിലേക്കും സംസ്ഥാന നിയമ സഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാൻ അവകാശമുള്ളത്. വോട്ടുകൾ നേരിട്ട് എണ്ണുന്നതിന് പകരം വോട്ടു മൂല്യം കണക്കാക്കിയാണ് അന്തിമ ഫലം നിശ്ചയിക്കുന്നത്. ഇലക്ട്രൽ കോളേജിന്റെ ആകെ വോട്ടു മൂല്യം 10,86,431 ആണ്. 5,43,216 ആണ് ജയിക്കാൻ ആവശ്യമായ വോട്ടു മൂല്യം.ഒരു എംപിയുടെ വോട്ടു മൂല്യം 700 ആണ്. എന്നാൽ അതത് സംസ്ഥാനങ്ങളിലെ ജനസംഖ്യക്കനുസൃതമായി എംഎൽഎ മാരുടെ വോട്ടു മൂല്യത്തിൽ വ്യത്യാസം വരും. ഏറ്റവും കൂടുതൽ വോട്ടു മൂല്യമുള്ളത് (208 ) യു പി ക്കും ഏറ്റവും കുറവ് വോട്ടു മൂല്യമുള്ളത് (07 )സിക്കിമിനുമാണ്.
ദ്രൗപതി മുർമുവിന് കൂടുതൽ സാധ്യത
എൻ ഡി എ സ്ഥാനാർഥി ദ്രൗപതി മുർമുവിന് കൂടുതൽ വിജയ സാധ്യത. അറുപത് ശതമാനത്തിലേറെ വോട്ടുകളുടെ മുൻ തൂക്കം ലഭിച്ചേക്കും. 6 .66 ലക്ഷം വോട്ടു മൂല്യം ദ്രൗപതി മുർമുവിന് ഉറപ്പായിട്ടുണ്ട്. ഇത് ആകെയുള്ള വോട്ടിന്റെ 61 .56 ശതമാനം വരും. ഏറ്റവും കൂടുതൽ വോട്ടു വിഹിതം ഉള്ളത് ബിജെപിക്കാണ്. 42 .33 ശതമാനം. കോൺഗ്രസിന് 13 . 26 ശതമാനം 2 . 5 ശതമാനമാണ് ഇടതു പക്ഷ പാർട്ടികൾക്കുള്ള വോട്ടു വിഹിതം. 48 .99 ആണ് എൻഡിഎ യുടെ ആകെ വോട്ടു വിഹിതം.കൂടാതെ 4 . 22 ശതമാനമുള്ള വൈഎസ്ആർസിപിയും 2 . 93 ശതമാനമുള്ള ബി ജെ ഡി യും പിന്തുണ പ്രഖ്യാപിച്ചതോടെ ദ്രൗപതി മുർമുവിന് വിജയ സാധ്യത കൂടി.