പൗരത്വത്തിനുള്ള സാക്ഷ്യപത്രം പൂജാരിമാര്‍ക്കും നല്‍കാമെന്ന് സിഎഎ ഹെല്‍പ്പ് ലൈന്‍
പൗരത്വ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് മതപുരോഹിതര്‍ക്കും നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സിഎഎ ഹെല്‍പ്പ് ലൈന്‍. പൗരത്വ ഭേദഗതി നിയമം പ്രകാരം പൗരത്വം ലഭിക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ട യോഗ്യത സര്‍ട്ടിഫിക്കറ്റിലാണ് പുരോഹിതര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രാദേശിക മതസ്ഥാപനങ്ങളിലെ പുരോഹിതര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ദി ഹിന്ദു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
അപേക്ഷകര്‍ ഇന്ത്യന്‍ പൗരത്വം നേടാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം വ്യക്തമാക്കിയുള്ള സത്യവാങ്മൂലത്തിനും മറ്റു രേഖകള്‍ക്കുമൊപ്പം സിഎഎ പോര്‍ട്ടലില്‍ നിര്‍ബന്ധിതമായും സമര്‍പ്പിക്കേണ്ട രേഖയാണ് ഇത്.
മാര്‍ച്ച് 26-ന് സിഎഎ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരം മറുപടി ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പത്തു രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച ഒരു വെള്ളപേപ്പറിലോ മുദ്രപത്രത്തിലോ മതസ്ഥാപനങ്ങളിലേയും ആരാധനാലയങ്ങളിലേയും പുരോഹിതര്‍ക്ക് സാക്ഷ്യപത്രം നല്‍കാവുന്നതാണ്. എല്ലാ പ്രാദേശിക പൂജാരിമാര്‍ക്കും ഇത് നല്‍കാവുന്നതാണ് എന്നും ഹെല്‍പ്പ് ലൈനില്‍ നിന്ന് മറുപടി ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അപേക്ഷകരുടെ പേരും മേല്‍വിലാസവും അടയാളപ്പെടുത്തിയ സാക്ഷ്യപത്രത്തില്‍ അപേക്ഷിക്കുന്നയാള്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ഏതില്‍ നിന്നു വന്നതാണെന്നും ഹിന്ദു, സിഖ്, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍, ജൈന മതങ്ങളില്‍ ഏതില്‍ നിന്നുള്ളതാണെന്ന് അറിയാമെന്നും സാക്ഷ്യപത്രം നല്‍കുന്ന പുരോഹിതന്‍ വ്യക്തമാക്കണം. അപേക്ഷിക്കുന്നയാളെ അറിയാമെന്നും പുരോഹിതന്‍ വ്യക്തമാക്കണം.
പൗരത്വ ഭേദഗതി നിയമം അനുസരിച്ച്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദു, സിഖ്, പാര്‍സി, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം അനുവദിക്കും. എന്നാല്‍, മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരേയും ശ്രീലങ്കന്‍ അഭയാര്‍ഥികളേയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പുരോഹിതന്റെ സാക്ഷ്യപത്രം സഹിതം നിരവധിപേര്‍ ഇതിനോടകം തന്നെ പൗരത്വത്തിന് അപേക്ഷിച്ചുകഴിഞ്ഞു. പാകിസ്താനില്‍ നിന്നെത്തി ഡല്‍ഹിയിലെ മജ്‌നു കാ തിലയില്‍ താമസിക്കുന്ന ഹിന്ദുക്കളായ അഭയാര്‍ഥികളാണ് സമീപത്തെ ആര്യ സമാജത്തിലേയും ശിവക്ഷേത്രത്തിലേയും പുരോഹിതരുടെ സാക്ഷ്യപത്രങ്ങള്‍ സഹിതം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നത്.
സിഎഎ ചട്ടങ്ങള്‍ അനുസരിച്ച്, പോര്‍ട്ടല്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ ആദ്യം ജില്ലാതല കമ്മിറ്റി പരിശോധിക്കും. രേഖകള്‍ പരിശോധിക്കുന്ന ദിവസം അപേകഷകര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണം. സംസ്ഥാനങ്ങളിലെ സെന്‍സസ് ഓപ്പറേഷന്‍ ഡയറക്ടര്‍ അധ്യക്ഷനായ സമിതിയാണ് പൗരത്വം നല്‍കുന്നതില്‍ അന്തിമ തീരുമാനം സ്വീകരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം അംഗങ്ങള്‍, പോസ്റ്റ് മാസ്റ്റര്‍, സംസ്ഥാനത്തിലേയോ കേന്ദ്രത്തിലേയോ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ ഓഫീസര്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതിനിധി, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി, ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ എന്നിവരാണ് ഈ സമിതിയില്‍ ഉള്‍പ്പെടുക. മാര്‍ച്ച് 11-നാണ് പൗരത്വ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്.