78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ ഇന്ത്യ; 'പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ വെടിഞ്ഞവരെ വേദനയോടെ ഓര്‍ക്കുന്നു', രാജ്യം അവര്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി

78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ ഇന്ത്യ; 'പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ വെടിഞ്ഞവരെ വേദനയോടെ ഓര്‍ക്കുന്നു', രാജ്യം അവര്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി

വികസിത ഭാരതം @2047 എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ആഘോഷിക്കുന്ന ഈ വര്‍ഷത്തെ സ്വാതന്ത്യദിനത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവച്ചായിരുന്നു മോദിയുടെ പ്രസംഗം
Updated on
1 min read

78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി അടുത്തിടെ രാജ്യത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടായിരുന്നു പ്രസംഗം ആരംഭിച്ചത്.

വികസിത ഭാരതം @2047 എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ആഘോഷിക്കുന്ന ഈ വര്‍ഷത്തെ സ്വാതന്ത്യദിനത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവച്ചായിരുന്നു മോദിയുടെ പ്രസംഗം. രാജ്യം വൈകാതെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് അവകാശപ്പെട്ട പ്രധാമന്ത്രി അടിമത്ത മനോഭാവം അവസാനിപ്പിക്കാന്‍ സമയമായി എന്നും നമ്മുടെ പൂര്‍വികര്‍ കണ്ട സ്വപ്‌നം സാക്ഷാത്കരിക്കണം എന്നും ആഹ്വാനം ചെയ്തു. പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ വെടിഞ്ഞവരെ വേദനയോടെ ഓര്‍ക്കുന്നു. രാജ്യം അവര്‍ക്കൊപ്പമുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ വളര്‍ച്ചയെ ലോകം ഇന്ന് ഉറ്റുനോക്കുന്നു. സര്‍വ്വമേഖലകളിലും രാജ്യം വികസനത്തിന്റെ പാതയിലാണ്. പത്ത് കോടിയിലധികം വനിതകള്‍ സ്വയം പര്യാപ്തരാണ്. രണ്ട് കോടി വീടുകളിലേക്ക് വൈദ്യുതി എത്തിച്ചു. ബഹിരാകാശ രംഗത്ത് രാജ്യം നേടിയത് വലിയ മുന്നേറ്റമാണ്. ബഹിരാകാശ രംഗത്ത് കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കടന്നുവരും. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടായി. ഭരണസംവിധാനം ഇനിയും കൂടുതല്‍ ശക്തമാകണം 2047ഓടെ വികസിത ഭാരതമെന്ന് ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രത്യേക അതിഥികളായി 6000 പേര്‍ പങ്കെടുക്കുന്ന ചടങ്ങാണ് ചെങ്കോട്ടയില്‍ പുരോഗമിക്കുന്നത്. യുവാക്കള്‍, വിദ്യാര്‍ഥികളും ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ കര്‍ഷകര്‍ മുതല്‍ പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവരും ചടങ്ങിലുണ്ട്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സഹമന്ത്രി സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി, വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജമ്മുവിലെ ഭീകരാക്രമണങ്ങളുെട പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in