'മണിപ്പൂര്‍... മണിപ്പൂര്‍...'; പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി പ്രതിപക്ഷം, തോറ്റതിന്റെ വിഷമം മനസിലാകുമെന്ന് മോദി
പതിനെട്ടാം ലോക്‌സഭയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പ്രസംഗം പ്രതിഷേധത്തില്‍ മുക്കി പ്രതിപക്ഷം. മണിപ്പൂര്‍ കലാപം അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം കടുപ്പിച്ചത്. പ്രതിപക്ഷ മുദ്രാവാക്യങ്ങള്‍ക്കിടെയാണ് മോദി പ്രസംഗിച്ചത്.
''തിരഞ്ഞെടുപ്പില്‍ തോറ്റ പ്രതിപക്ഷത്തിന്റെ വേദന തനിക്ക് മനസിലാകും. നുണകള്‍ പ്രചരിപ്പിച്ചിട്ടും ചിലര്‍ പരാജയപ്പെട്ടു. സബ് കാ സാത്, സബ് കാ വികാസ് എന്നതാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം. രാജ്യത്തെ ജനങ്ങള്‍ വിവേകപൂര്‍വം തീരുമാനം എടുത്തതുകൊണ്ടാണ് തങ്ങള്‍ മൂന്നാതും അധികാരത്തിലെത്തിയത്''-മോദി പറഞ്ഞു. കഴിഞ്ഞ സഭാ സമ്മേളനങ്ങളിലെ എല്ലാ പ്രസംഗങ്ങളിലും 'മോദി സര്‍ക്കാര്‍' എന്നു വിശേഷിപ്പിച്ചിരുന്ന മോദി ഇത്തവണ തന്റെ ആദ്യ പ്രസംഗത്തില്‍ തന്നെ അതുമാറ്റി 'എന്‍ഡിഎ സര്‍ക്കാര്‍' എന്നു പരാമര്‍ശിച്ചതും ശ്രദ്ധേയമായി. പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തിന്റെ ഭാഗത്തേക്ക് നോക്കാതെയായിരുന്നു മോദിയുടെ പ്രസംഗം.
പ്രധാനമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റതുമുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല. തുടര്‍ന്ന് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തിയ മോദി, മൂന്നുതവണ സീറ്റിലിരുന്നു. ബഹളമുണ്ടക്കരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം തയാറായില്ല.
വീണ്ടും പ്രധാനമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍, പ്രതിപക്ഷം ഒറ്റക്കെട്ടായി ''മണിപ്പൂര്‍...മണിപ്പൂര്‍'' എന്ന് മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ എംപിമാരെ പ്രകോപിതരാക്കുകയാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള ആരോപിച്ചു. ഇത്തരം നീക്കങ്ങള്‍ സഭാ നടപടികള്‍ക്ക് ചേര്‍ന്നതല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിക്കുന്നതിന് മുന്‍പ് എന്‍ഡിഎ അംഗങ്ങള്‍ ''മോദി, മോദി'' എന്ന് മുദ്രാവാക്യം മുഴക്കി.
സര്‍ക്കാരിന്റെ നയങ്ങളില്‍ ആദ്യ പരിഗണന രാജ്യത്തിനാണ്. 2014-ന് മുന്‍പ് ഇന്ത്യ അഴിമതിയില്‍ മുങ്ങിക്കിടക്കുകയായിരുന്നു. രാജ്യത്തിന് ആത്മവിശ്വാസമില്ലായിരുന്നു. തന്റെ സര്‍ക്കാരാണ് രാജ്യത്തെ നിരാശയില്‍ നിന്ന് പുറത്തെത്തിച്ചതെന്നും മോദി അവകാശപ്പെട്ടു.
തന്റെ സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ജീവിത സാഹചര്യം വര്‍ധിപ്പിച്ചു. വീടുകളില്‍ ഗ്യാസ് കണക്ഷന്‍ എത്തിച്ചു. 370-ആം അനുച്ഛേദം റദ്ദാക്കിയതിലൂടെ കശ്മീരിലെ ഭീകരവാദം ഇല്ലാതാക്കി. ജമ്മു കശ്മീരിലെ ജനങ്ങള്‍ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഇപ്പോള്‍ അവിടെ ജനാധിപത്യം തിരികെവരികെയാണ്. റെക്കോഡ് വോട്ടിങ്ങാണ് ഇത്തവണ ജമ്മു കശ്മീരില്‍ നടന്നത്. ഭീകരവാദികള്‍ക്ക് എതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി.
ഭരണഘടനയെക്കുറിച്ച് മുദ്രാവാക്യം മുഴക്കുന്നവര്‍ക്ക് ജമ്മു കശ്മീരില്‍ ഭരണഘടന നടപ്പിലാക്കാന്‍ സാധിച്ചില്ല. അതിന് ബിജെപി സര്‍ക്കാര്‍ വരേണ്ടിവന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. 2047-ല്‍ ഇന്ത്യയെ ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാക്കിമാറ്റുമെന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മുദ്രാവാക്യവും മോദി ആവര്‍ത്തിച്ചു.
ഭഗവാന്‍ ജഗനാഥന്റെ മണ്ണില്‍ തങ്ങള്‍ക്ക് ആശിര്‍വാദം ലഭിച്ചു. ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ തൂത്തുവാരി. അരുണാചലിലും സിക്കിമിലും എന്‍ഡിഎ സര്‍ക്കാരുണ്ടാക്കി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും മികച്ച വിജയം നേടി. കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറന്നു. അദ്ദേഹം ഇത്തവണ ഞങ്ങളുടെ കൂടെ അഭിമാനത്തോടെ മന്ത്രിസഭയിലുണ്ട്. ഇനി വരാന്‍ പോകുന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പുകളിലും തങ്ങള്‍ വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.