അയോധ്യയില്‍ മോദി 'ഷോ', രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്‍പ് നഗരത്തില്‍ 11,100 കോടിയുടെ വികസന പദ്ധതികള്‍
രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ് രാജ്യത്ത് ചൂടുള്ള ചര്‍ച്ചയായി പുരോഗമിക്കവെ അയോധ്യയില്‍ പുതിയ വിമാനത്താവളം ഉള്‍പ്പെടെ 11,100 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ. പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
ജനുവരി 22ന് പ്രതിഷ്ഠ നടക്കുന്ന രാമക്ഷേത്രം വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലെ സുപ്രധാന വിഷയമായിരിക്കുമെന്ന് വ്യക്തമായ സൂചന നല്‍കുന്ന രീതിയിലുള്ള നീക്കങ്ങളാണ് അയോധ്യ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നത്.
വിപുലമായ റോഡ് ഷോയുമായാണ് പ്രധാനമന്ത്രി അയോധ്യയിലേക്കെത്തിയത്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പ്രധാനമന്ത്രിയെ അയോധ്യയിലേക്ക് സ്വീകരിച്ചു. തുടര്‍ന്നായിരുന്നു റോഡ് ഷോ.
42 വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി അയോധ്യയില്‍ നിര്‍വഹിക്കുന്നത്. പുതുക്കിപ്പണിത അയോധ്യ റെയില്‍വേ സ്‌റ്റേഷന്‍, അയോധ്യ നഗരത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ്, മറ്റ് റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനം എന്നിവയാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി.
ഉച്ചയ്ക്ക് 12 നുശേഷം അയോധ്യയിലെ പുതിയ വിമാനത്താവളമായ മഹര്‍ഷി വാത്മീകി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന നടക്കുന്ന പൊതുപരിപാടിയില്‍ ഉത്തര്‍പ്രദേശിലെ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കമിടും. ഇതില്‍ 11,000 കോടിയുടെ പദ്ധതികളും അയോധ്യ കേന്ദ്രീകരിച്ചാണെന്നതാണ് പ്രത്യേകത.