'ആര്‍ട്ടിക്കിള്‍ 356 ദുരുപയോഗം ചെയ്തത് ആരെന്ന് എല്ലാവര്‍ക്കുമറിയാം'; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

'ആര്‍ട്ടിക്കിള്‍ 356 ദുരുപയോഗം ചെയ്തത് ആരെന്ന് എല്ലാവര്‍ക്കുമറിയാം'; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാന മന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞത്.
Updated on
2 min read

അദാനി വിഷയത്തില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രതിഷേധം ശക്തമാക്കുമ്പോള്‍ രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാന മന്ത്രി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞത്. രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ മോദിക്കെതിരെ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടായിരുന്നു മോദി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. കോണ്‍ഗ്രസ് ഭരിച്ച ആറ് പതിറ്റാണ്ട് രാജ്യത്ത് വികസനം നിരര്‍ഥകമായിരുന്നു എന്ന പരാമാര്‍ശത്തോടെയായിരുന്നു മോദിയുടെ പ്രതികരണം.

കോണ്‍ഗ്രസ് ഭരിച്ച ആറ് പതിറ്റാണ്ട് രാജ്യത്ത് വികസനം നിരര്‍ഥകമായിരുന്നു എന്ന പരാമാര്‍ശത്തോടെയായിരുന്നു മോദിയുടെ പ്രതികരണം

ഖാര്‍ഗെയെ പേരെടുത്ത് പറഞ്ഞും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മോദി മറുപടി നല്‍കി. നാല് പതിറ്റാണ്ട് പാവപ്പെട്ടവര്‍ക്കായി ഒന്നും ചെയ്യാതിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയുടെ നാടായ കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ ഉള്‍പ്പെടെ വികസനം എത്തിക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞെന്നും കല്‍ബുര്‍ഗി സന്ദര്‍ശനത്തെ പരാമര്‍ശിച്ച് കൊണ്ട് മോദി ചൂണ്ടിക്കാട്ടി. തനിക്കെതിരെ ഗാര്‍ഗെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഇതാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

സര്‍ക്കാര്‍ പദ്ധതികളുടെ ഗുണങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കുന്നതാണ് യഥാര്‍ഥ ജനാധിപത്യമെന്ന പരാമര്‍ശത്തോടെ ആയിരുന്നു മോദിയുടെ അവകാശവാദങ്ങള്‍. ജനാധിപത്യത്തെ കോണ്‍ഗ്രസ് പലതവണ ദുരുപയോഗം ചെയ്തു. ഭരണഘടനയുടെ 356ാം വകുപ്പ് ഉപയോഗിച്ച് 90 സംസ്ഥാന സര്‍ക്കാരുകളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഇന്ദിരാഗാന്ധി 50 തവണ ഈ വകുപ്പ് ഉപയോഗിച്ചു. കേരളത്തിലെ പ്രഥമ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടിയുള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമര്‍ശം.

തമിഴ്നാട്ടില്‍ എംജിആര്‍, കരുണാനിധി സര്‍ക്കാരുകളെ കോണ്‍ഗ്രസുകാര്‍ പിരിച്ചുവിട്ടു. മഹാരാഷ്ട്രയില്‍ ശരദ് പവാര്‍ സര്‍ക്കാരും ഇതേ അവസ്ഥ നേരിട്ടു. എന്‍ടി രാമറാവും ചികിത്സയ്ക്കായി യുഎസില്‍ പോയപ്പോഴും അദ്ദേഹത്തിന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടന്നു

ഏത് പാര്‍ട്ടിയാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 ദുരുപയോഗം ചെയ്തത് എന്ന് എല്ലാവര്‍ക്കുമറിയാം. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ 90 തവണ താഴെ വീഴ്ത്തിയത് ആരാണ്. ഒരു പ്രധാനമന്ത്രി 50 തവണ ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ചു. അവരുടെ പേര് ഇന്ദിരാ ഗാന്ധി എന്നാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് ഇഷ്ടപ്പെടാത്ത കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റാണ് കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്, അത് അട്ടിമറിക്കപ്പെട്ടു. തമിഴ്നാട്ടില്‍ എംജിആര്‍, കരുണാനിധി സര്‍ക്കാരുകളെ കോണ്‍ഗ്രസുകാര്‍ പിരിച്ചുവിട്ടു. മഹാരാഷ്ട്രയില്‍ ശരദ് പവാര്‍ സര്‍ക്കാരും ഇതേ അവസ്ഥ നേരിട്ടു. എന്‍ടി രാമറാവും ചികിത്സയ്ക്കായി യുഎസില്‍ പോയപ്പോഴും അദ്ദേഹത്തിന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും അദ്ദേഹം ആരോപിച്ചു.

നെഹ്‌റു വിമര്‍ശനം ആവര്‍ത്തിച്ച മോദി അക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്തു. നെഹ്റുവിനെ എവിടെയെങ്കിലും പരാമര്‍ശിക്കാതെ പോയാല്‍ കോണ്‍ഗ്രസ് അസ്വസ്ഥരാകും. നെഹ്റു വലിയ മനുഷ്യനാണ്, എന്നാല്‍ എന്തുകൊണ്ട് അവരാരും നെഹ്റു എന്ന കുടുംബപ്പേര് ഉപയോഗിക്കുന്നില്ലെന്നും മോദി ചോദിച്ചു.

രാജ്യം ബിജെപിയോട് ഒപ്പം നില്‍ക്കുന്നു, ജനങ്ങള്‍ തള്ളിക്കളഞ്ഞ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അധികാരത്തിലിരുന്ന കാലത്ത് അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി സദുദ്ദേശ്യത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തില്‍ തങ്ങളുടെ സര്‍ക്കാരിന് ഇത്രയധികം അധ്വാനിക്കേണ്ടി വരില്ലായിരുന്നു എന്നും മോദി കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in