പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി അന്തരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി & റിസർച്ച് സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു ഹീരാബെൻ മോദി.
നരേന്ദ്രമോദി തന്നെയാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. 'അമ്മയുടെ ജീവിതം ഒരു കര്‍മയോഗിയുടെ ജീവിതമാണ്. അവസാനമായി കണ്ടപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കണമെന്ന സന്ദേശമായിരുന്നു അമ്മ നല്‍കിയത്. 100 വര്‍ഷത്തെ മികച്ച ജീവിതം ദൈവത്തിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു'. ഇങ്ങനെയാണ് അമ്മയുടെ വിയോഗ വാര്‍ത്ത പങ്കുവെച്ച് മോദി ട്വിറ്ററില്‍ കുറിച്ചത്.
ഹീരാബെന്‍ മോദിയുടെ വിയോഗത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചനം രേഖപ്പെടുത്തി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളും ഹീരാബെന്‍ മോദിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
അതേസമയം പ്രധാനമന്ത്രിയുടെ ഇന്നത്തെ പരിപാടികളില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പരിപാടികളില്‍ മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കുമെന്നും മോദിയുടെ ഓഫീസ് അറിയിച്ചു.
രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശുപത്രിയിലെത്തി അമ്മയെ കണ്ടിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നുവെന്നായിരുന്നു ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്ന് പുലർച്ചയോടെ ആരോഗ്യ നില മോശമായതിന് പിന്നാലെ മരണം സംഭവിച്ചു.