മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമറിഞ്ഞ് തീപിടിച്ചു, 3 പേര്‍ക്ക് പരുക്ക്; വ്യോമഗതാഗതം തടസപ്പെട്ടു

മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമറിഞ്ഞ് തീപിടിച്ചു, 3 പേര്‍ക്ക് പരുക്ക്; വ്യോമഗതാഗതം തടസപ്പെട്ടു

വിമാനത്തില് ആറ് യാത്രക്കാരും രണ്ട് ജീവനക്കാരും അടക്കം എട്ട് പേരാണ് ഉണ്ടായിരുന്നത്
Updated on
1 min read

കനത്ത മഴയ്ക്കിടെ മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്ന വിമാനം റണ്‍വേയില്‍ തെന്നിമറിഞ്ഞ് തീപിടിച്ചു. ഉടന്‍ തീയണയ്ക്കാന്‍ സാധിച്ചതിനാന്‍ വന്‍ അപകടം ഒഴിവായി. മൂന്നുപേർക്ക് പരുക്കേറ്റു.

സ്വകാര്യ ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരും അടക്കം എട്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കനത്ത മഴയില്‍ ആഭ്യന്തര വിമാനത്താവളത്തിന്റെ റണ്‍വേ വഴുക്കലുണ്ടായിരുന്നു.

ബംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് സ്ഥാപനമെന്ന് കരുതപ്പെടുന്ന വിഎസ്ആര്‍ വെഞ്ചേഴ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലിയര്‍ജെറ്റ് 45 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്നാണ് വിമാനം എത്തിയത്.

കാനഡ ആസ്ഥാനമായുള്ള ബൊംബാര്‍ഡിയര്‍ ഏവിയേഷന്റെ ഡിവിഷന്‍ നിര്‍മിച്ച ഒമ്പത് സീറ്റുകളുള്ള സൂപ്പര്‍-ലൈറ്റ് ബിസിനസ് ജെറ്റാണ് ലിയര്‍ജെറ്റ് 45. അപകടത്തെത്തുടര്‍ന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാനത്താവളത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in