'ഇന്ത്യ'യെ കണ്ടു പഠിച്ചു, ഇനി കളത്തിലേക്ക്; വയനാട്ടില്‍ പ്രിയങ്ക ഗാന്ധി തന്നെ?

'ഇന്ത്യ'യെ കണ്ടു പഠിച്ചു, ഇനി കളത്തിലേക്ക്; വയനാട്ടില്‍ പ്രിയങ്ക ഗാന്ധി തന്നെ?

പ്രിയങ്ക തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്
Updated on
2 min read

''പ്രിയങ്കയാണ് വാരാണസിയില്‍ നിന്ന് മത്സരിച്ചിരുന്നതെങ്കില്‍ നരേന്ദ്ര മോദി ഉറപ്പായും രണ്ടോ, മൂന്നോ ലക്ഷം വോട്ടിന് തോല്‍ക്കുമായിരുന്നു'', റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് പിന്നിലെ ധ്വനി വ്യക്തമായിരുന്നു, പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയാറെടുക്കുന്നു. രാഹുല്‍ ഗാന്ധി ഒഴിയുന്ന ഏതെങ്കിലും ഒരു സീറ്റില്‍ പ്രിയങ്ക എത്തിയേക്കുമെന്ന സൂചനകള്‍ നേരത്തെതന്നെയുണ്ടായിരുന്നു. ഇപ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാവുകയാണ്. റായ്ബറേലി നിലനിര്‍ത്തി രാഹുല്‍ വയനാട് ഒഴിയുമ്പോള്‍ പ്രിയങ്ക ഗാന്ധിയാകും വയനാട്ടില്‍ എത്തുകയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

പ്രിയങ്ക തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്. 2019- ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് പ്രിയങ്ക മത്സരരംഗത്തുവരുന്നു എന്ന തരത്തിലുള്ള പ്രചാരണം വ്യാപകമായത്. സോണിയ ഗാന്ധിയുടെ തട്ടകമായിരുന്ന റായ്ബറേലിയില്‍ നിന്ന് മത്സരിക്കാനാണ് നീക്കം എന്നായിരുന്നു വാര്‍ത്തകള്‍. വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മത്സരിച്ചേക്കുമെന്നും സൂചനയുണ്ടായി. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ച പ്രിയങ്ക, സ്ഥാനാര്‍ഥിത്വത്തില്‍ നിന്നുവിട്ടുനിന്നു. യുപി കേന്ദ്രീകരിച്ചുളള അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രിയങ്ക ഉത്തര്‍പ്രദേശ് നിയമസഭ ലക്ഷ്യംവയ്ക്കുന്നതായുള്ള പ്രചാരണത്തിന് കാരണമായി. പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നിയമിക്കുകകൂടി ചെയ്തതോടെ, ഈ പ്രചാരണം വ്യാപകമായി. എന്നാല്‍, അപ്പോഴും മത്സര രംഗത്തേക്കില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക കൂടി മത്സരിക്കുന്നത് ബിജെപിയുടെ കുടുംബാധിപത്യ പാര്‍ട്ടിയെന്ന പ്രചാരണത്തിന് ആക്കം കൂട്ടുമെന്നും ഇത് പ്രതികൂലമായി ബാധിക്കുമെന്നും കോണ്‍ ഗ്രസ് ഉന്നത നേതൃത്വം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പ്രിയങ്ക മാറിനിന്നത്

2024- ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് താന്‍ റായ്ബറേയില്‍ ഇനി മത്സരത്തിനില്ലെന്ന സോണിയ ഗാന്ധിയുടെ പ്രഖ്യാപനം വന്നു. രാജ്യസഭയിലേക്കുള്ള സോണിയയുടെ മാറ്റം മകള്‍ക്ക് വേണ്ടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. എന്നാല്‍, രാഹുല്‍ ഗാന്ധിയാണ് റായ്ബറേലിയില്‍ എത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക കൂടി മത്സരിക്കുന്നത് ബിജെപിയുടെ കുടുംബാധിപത്യ പാര്‍ട്ടിയെന്ന പ്രചാരണത്തിന് ആക്കം കൂട്ടുമെന്നും ഇത് പ്രതികൂലമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് ഉന്നത നേതൃത്വം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പ്രിയങ്ക മാറിനിന്നത്. എന്നാല്‍, അണികള്‍ വെറുതേയിരുന്നില്ല, വാരാണസിയിലേക്ക് പ്രിയങ്ക വരണമെന്ന് ആവശ്യപ്പെട്ട് 2019-ന് സമാനമായി അവര്‍ വീണ്ടും പോസ്റ്ററുകള്‍ പതിപ്പിച്ചു.

ആദ്യം അടിത്തറയൊരുക്കി, ഇനി കളത്തിലേക്ക്

രാഹുലിന് വേണ്ടി റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മയ്ക്ക് വേണ്ടി അമേഠിയിലും പ്രചാരണം ഏകോപിപ്പിച്ചത് പ്രിയങ്കയായിരുന്നു. രണ്ടു സീറ്റിലും വലിയ മാര്‍ജിനില്‍ വിജയിക്കാന്‍ സാധിച്ചത് പാര്‍ട്ടിക്കുള്ളില്‍ പ്രിയങ്കയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു എന്ന വിലയിരുത്തലിലാണ് നേതൃത്വം. സമാജ്‌വാദി പാര്‍ട്ടിയുടെ വമ്പന്‍ തിരിച്ചുവരവിന് സാക്ഷ്യംവഹിച്ച തിരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേറ്റതിന് പിന്നില്‍, 2022 മുതല്‍ പ്രിയങ്ക സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ പങ്ക് തളിക്കളയാനാകില്ല എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നും സ്ത്രീകള്‍ക്കിടയില്‍ സജീവ പ്രചാരണം നടത്തിയും നിര്‍ജീവമായി കിടന്ന കമ്മിറ്റികള്‍ പുന:സ്ഥാപിച്ചും പ്രിയങ്ക യുപിയില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.

ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം നടന്നും സമരങ്ങളില്‍ പങ്കെടുത്തും ഇതിനോടകം തന്നെ പ്രിയങ്ക തന്റെ അടിത്തറ ബലപ്പെടുത്തിയിട്ടുണ്ട്

2019 മുതല്‍ അഞ്ചുവര്‍ഷം കൊണ്ട് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളര്‍ സ്റ്റാര്‍ ക്യാമ്പയിനറായി മാറി. വലിയ ജനക്കൂട്ടത്തിന് മുന്നില്‍ യാതൊരു സങ്കോചവും കൂടാതെ സംസാരിക്കുന്ന പ്രിയങ്കയെ രാജ്യം കണ്ടു. സ്ത്രീകള്‍ക്കിടയില്‍ ഇറങ്ങിച്ചെന്നുള്ള അവരുടെ പ്രവര്‍ത്തന രീതി കോണ്‍ഗ്രസിന് ഏറെ ഗുണമാവുകയും ചെയ്തു. രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍, കോണ്‍ഗ്രസിന്റെ ഇത്തവണത്തെ പ്രധാന താര പ്രചാരക പ്രിയങ്കയായിരുന്നു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രിയങ്ക ഗാന്ധി റാലികള്‍ നടത്തുകയുണ്ടായി.

ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം നടന്നും സമരങ്ങളില്‍ പങ്കെടുത്തും ഇതിനോടകം തന്നെ പ്രിയങ്ക തന്റെ അടിത്തറ ബലപ്പെടുത്തിയിട്ടുണ്ട്. നെഹ്‌റു കുടുംബാംഗം എന്നതിലുപരി, സ്വന്തം നിലയ്ക്ക് ജനകീയ അടിത്തറ വികസിപ്പിച്ചെടുക്കുന്നതിനാണ് പ്രിയങ്ക ഈ അവസരം വിനിയോഗിച്ചത്. ഇനി മത്സര രംഗത്തിറങ്ങാന്‍ സമയമായതായി പ്രിയങ്കയും കരുതുന്നുണ്ടാകാണം.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധി വരുന്നില്ലെങ്കില്‍ തൃശൂരില്‍ പരാജയം നേരിട്ട കെ മുരളീധരനേയോ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനേയോ രംഗത്തിറക്കാനാണ് കെപിസിസി ആലോചിക്കുന്നത്. എന്നാല്‍, കെ മുരളീധരന്‍ ലക്ഷ്യംവയ്ക്കുന്നത് കെപിസിസി പ്രസിഡന്റ് പദവിയാണ്. ഇതിനായുള്ള ചരടുവലികള്‍ മുരളീധരന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in