വനിതാ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി; സമരപന്തലിലെ വൈദ്യുതി വിച്ഛേദിച്ച് ഡല്‍ഹി പോലീസ്
ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി ജന്തര്‍ മന്തറിലെ സമരപന്തലില്‍. വനിതാ ഗുസ്തി താരങ്ങള്‍ക്ക് പൂര്‍ണപിന്തുണ അറിയിച്ചെത്തിയ പ്രിയങ്ക സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയവരുമായി സംസാരിച്ചു.
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഫയല്‍ ചെയ്ത എഫ്ഐആറിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കാതെ ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ അവര്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടുകയോ സമരക്കാരെ കാണാന്‍ തയ്യാറാവുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു. കായികതാരങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.
ഗുസ്തിതാരങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കഴിഞ്ഞ ദിവസവും പ്രിയങ്ക രംഗത്തെത്തിയിരുന്നു. കായികതാരങ്ങളെ അവഗണിക്കരുത്, അവരുടെ വിജയം നമ്മളുടേത് കൂടിയാണെന്ന് പ്രിയങ്ക ഓര്‍മിപ്പിച്ചു. ''വനിതാ താരങ്ങളുടെ വിജയം ബാക്കിയുള്ളവരുടേതിനേക്കാള്‍ വലുതാണ്, അവര്‍ കണ്ണീരോടെ പാര്‍ലമെന്റിന് അടുത്തുള്ള റോഡില്‍ കുത്തിയിരിക്കുന്നു. കാലങ്ങളായി തുടരുന്ന ചൂഷണത്തിനെതിരെയുള്ള അവരുടെ പരാതി ആരും കേള്‍ക്കുന്നില്ല, ഈ സഹോദരിമാര്‍ക്ക് പിന്തുണ നല്‍കാം. ഇത് രാജ്യത്തിന്റെ അഭിമാന പ്രശ്‌നമാണ്'' - എന്നായിരുന്നു പ്രിയങ്ക കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.
അതിനിടെ ജന്തര്‍ മന്തറിലെ സമരപ്പന്തലില്‍ വെള്ളിയാഴ്ച രാത്രി വൈദ്യുതി വിച്ഛേദിച്ചതായി ഗുസ്തി താരങ്ങള്‍ ആരോപിച്ചു. വെള്ളം, ഭക്ഷണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ പോലും പ്രതിഷേധക്കാര്‍ക്ക് എത്തിക്കാന്‍ ഡല്‍ഹി പോലീസ് അനുവദിക്കുന്നില്ലെന്നും ഗുസ്തി താരങ്ങള്‍ ആരോപിച്ചു.
ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതിഷേധത്തില്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഡ്ല്‍ഹി പോലീസ് സമ്മര്‍ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് അവര്‍ പറയുന്നു. നിങ്ങള്‍ക്ക് സമരം ചെയ്യണമെങ്കില്‍ റോഡില്‍ കിടന്നുറങ്ങൂ എന്ന് ഡല്‍ഹി പോലീസ് പറഞ്ഞതായി ബജ്‌റംഗ് പൂനിയ കുറ്റപ്പെടുത്തി.
സുപ്രീംകോടതി ഇടപെടലിന് പിന്നാലെ ബ്രിജ് ഭൂഷൺ ശരൺസിങ്ങിനെതിരെ കഴിഞ്ഞദിവസം ഡൽഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പോക്സോ നിയമങ്ങൾ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ബ്രിജ് ഭൂഷണെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സുപ്രീംകോടതിയുടെ നിർദേശം വന്നപ്പോള്‍ മാത്രമാണ് ഡല്‍ഹി പോലീസ് തുടര്‍നടപടി സ്വീകരിച്ചത്.
നടപടിയുണ്ടാകുമെന്ന് പോലീസ് ഉറപ്പ് നൽകിയെങ്കിലും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം.