ഹിമാചല്‍ മുഖ്യമന്ത്രി ആരാകുമെന്നതില്‍ അന്തിമ തീരുമാനം പ്രിയങ്കയുടേത്

ഹിമാചല്‍ മുഖ്യമന്ത്രി ആരാകുമെന്നതില്‍ അന്തിമ തീരുമാനം പ്രിയങ്കയുടേത്

ഞായറാഴ്ച പ്രിയങ്കാ ഗാന്ധി മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ചേക്കും
Updated on
1 min read

കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്ന ഹിമാചല്‍പ്രദേശില്‍ അന്തിമ തീരുമാനം പ്രിയങ്കാ ഗാന്ധിയുടേതാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ആരാകുമെന്നതില്‍ തീരുമാനമെടുക്കാന്‍ ഇന്നലെ ചേര്‍ന്ന നിയമസഭാ കക്ഷിയോഗം ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഹിമാചലിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തന്ത്രങ്ങള്‍ക്കും നേതൃത്വം നല്‍കിയതിനാലാണ് അവസാനതീരുമാനം പ്രിയങ്കയിലേക്ക് എത്തിച്ചേര്‍ന്നതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഞായറാഴ്ച പ്രിയങ്ക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം. കഴിഞ്ഞദിവസം ഷിംലയില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ 40 എംഎല്‍എമാരും പങ്കെടുത്തിരുന്നു.

ഹിമാചല്‍ മുഖ്യമന്ത്രി ആരാകുമെന്നതില്‍ അന്തിമ തീരുമാനം പ്രിയങ്കയുടേത്
ഹിമാചലില്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും; നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി

പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ‌ഭാര്യയുമായ പ്രതിഭ സിങ്, പിസിസി മുന്‍ അധ്യക്ഷനും പ്രചാരണ സമിതി തലവനുമായ സുഖ്‍വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവ പരിഗണനയിലുള്ളത്. 40 സീറ്റുകളുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും ഹിമാചലില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത സാഹചര്യത്തിലായിരുന്നു പാർട്ടി. മുഖ്യമന്ത്രി പദവിക്കായി ചരടുവലികള്‍ മുറുകിയതോടെ പ്രതിസന്ധി കടുത്തു. സുഖ്‍വീന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിയാക്കണമെന്ന് 21 എംഎല്‍എമാർ ആവശ്യപ്പെട്ടു. പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങിനായി പ്രവർത്തകർ പരസ്യമായി രംഗത്തെത്തി. പിസിസി ആസ്ഥാനത്ത് തടിച്ചുകൂടിയ പ്രവർത്തകർ പ്രതിഭയ്ക്കായി മുദ്രാവാക്യം വിളിക്കുകയും എഐസിസി നിരീക്ഷകനായ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ വാഹനം പ്രവർത്തകർ തടയുകയും ചെയ്തു. ഷിംലയിലെ പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് നിയമസഭാ കക്ഷിയോഗം നടക്കുമ്പോള്‍ നിരവധി പ്രവർത്തകരാണ് പുറത്ത് തടിച്ചുകൂടിയിരുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തിന് താന്‍ യോഗ്യയാണെന്ന വാദവുമായി പ്രതിഭാ സിങ് തന്നെ രംഗത്ത് എത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ പേര് ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഭയുടെ അവകാശവാദം. പ്രതിഭയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് എത്താന്‍ എംപി സ്ഥാനം രാജി വയ്‌ക്കേണ്ടതായി വരും എന്നതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം നിര്‍ണായകമാണ്.

അതിനിടെ ഹിമാചലിലെ മൂന്ന് സ്വതന്ത്ര എംഎഎല്‍എമാര്‍ കൂടി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ബിജെപിയെ അട്ടിമറിച്ചാണ് കോണ്‍ഗ്രസ് ഹിമാചലില്‍ ശക്തി തെളിയിച്ചത്. പ്രചാരണ ചുമതല വഹിച്ച പ്രിയങ്കാ ഗാന്ധിയുടെ അദ്യത്തെ തിരഞ്ഞെടുപ്പ് വിജയമാണ് ഹിമാചലിലേത് . ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം, അഗ്നിപഥ്, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രിയങ്കയുടെ നേതൃത്വത്തിലുള്ള പ്രചാരണം.

logo
The Fourth
www.thefourthnews.in