ഇനി പിന്നണിയില്‍ ഒതുങ്ങില്ല; ഫാസിസ്റ്റ് ഭരണത്തിനെതിരേ രാഹുലിനൊപ്പം മുന്നണിയിലുണ്ടാകും പ്രിയങ്ക
2019-ല്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ നാള്‍ മുതല്‍ പ്രിയങ്കാ ഗാന്ധിയെ വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എതിരാളിയായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നത്. ഒപ്പം ഗാന്ധി കുടുംബത്തിന്റെ കുത്തക സീറ്റായ റായ്ബറേലിയില്‍ സോണിയാ ഗാന്ധിയുടെ പിന്‍ഗാമി പട്ടവും ചാര്‍ത്തിക്കൊടുത്തിരുന്നു. എന്നാല്‍ പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കി ഇങ്ങ് കേരളത്തിലെ വയനാട് സീറ്റാണ് പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിനായി കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്.
സഹോദരന്‍ രാഹുല്‍ ഗാന്ധി രണ്ടുതവണ അനായാസം ജയിച്ചുകയറിയ വയനാട്ടില്‍ പ്രിയങ്ക റെക്കോഡ് ഭൂരിപക്ഷം ഉയര്‍ത്തുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. 2019-ലാണ് രാഹുല്‍ വയനാട്ടില്‍ ആദ്യ ജയം കുറിച്ചത്. നരേന്ദ്ര മോദി പ്രഭാവത്തില്‍ ബിജെപി മൃഗീയ ഭൂരിപക്ഷം നേടിയ ആ തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന്റെ മറ്റൊരു കുത്തക സീറ്റായ അമേഠിയില്‍ പരാജയപ്പെട്ട രാഹുലിനെ നാലു ലക്ഷത്തിലേറെ ഭൂരിപക്ഷം നല്‍കിയാണ് വയനാട്ടുകാര്‍ ജയിപ്പിച്ചത്.
ഇത്തവണ രാഹുല്‍ വീണ്ടും വയനാട്ടില്‍ മത്സരിച്ചെങ്കിലും അമേഠി കൈയൊഴിഞ്ഞ് റായ്ബറേലിയാണ് സ്വീകരിച്ചത്. മത്സരിച്ച രണ്ടിടത്തും ജയിച്ചതോടെ വയനാടിനെ വിട്ട് റായ്ബറേലി നിലനിര്‍ത്തുകയായിരുന്നു. അതോടെ വയനാട്ടില്‍ ഇനി ആരെന്ന ചോദ്യമാണ് ഉയര്‍ന്നത്. അതിനുള്ള ഉത്തരമാണ് പ്രിയങ്കയിലൂടെ കോണ്‍ഗ്രസ് നല്‍കുന്നത്.
2004-ല്‍ റായ്ബറേലിയില്‍ അമ്മ സോണിയാ ഗാന്ധിയുടെ ക്യാംപെയ്ന്‍ മാനേജറായാണ് പ്രിയങ്ക രാഷ്ട്രീയവേദിയില്‍ എത്തുന്നത്. 2009, 2014 തിരഞ്ഞെടുപ്പുകളിലും സോണിയയുടെയും രാഹുലിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവ സാന്നിധ്യമായ പ്രിയങ്ക കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്തത് 2017-ലാണ്.
ആ വര്‍ഷം നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അമേഠിയും റായ്ബറേലിയുമടക്കം 14 പ്രധാന മണ്ഡലങ്ങളുടെ പൂര്‍ണ ചുമതല കോണ്‍ഗ്രസ് നേതൃത്വം ഏല്പിച്ചത് പ്രിയങ്കയെയായിരുന്നു. രാഹുല്‍ സംസ്ഥാനമൊട്ടാകെ നടന്ന പ്രചാരണം നയിച്ചപ്പോള്‍ പ്രിയങ്ക ഈ മണ്ഡലങ്ങളുടെ ഓരോ മുക്കിലും മൂലയിലുമെത്തി. എന്നാല്‍ വിചാരിച്ച മുന്നേറ്റം അത്തവണ ഉണ്ടാക്കാന്‍ പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനും കഴിഞ്ഞില്ല.
യുപിയിൽ 403 സീറ്റിൽ 305 ഉം ജയിച്ച് ബിജെപി മൃഗീയ ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസ്-സമാജ്‌വാദി സഖ്യം 68 സീറ്റിൽ ഒതുങ്ങി. എന്നാല്‍ പ്രിയങ്കയ്ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുപിയുടെ പൂര്‍ണ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ കോൺഗ്രസ് നിയമിച്ചു.
എന്നാല്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും യുപിയില്‍ കനത്ത തിരിച്ചടിയാണ് പ്രിയങ്കയെയും കോണ്‍ഗ്രസിനെയും കാത്തിരുന്നത്. ഒരേയൊരു സീറ്റ് മാത്രമാണ് അത്തവണ യുപിയില്‍ നിന്നു കോണ്‍ഗ്രസിന് നേടാനായത്. അത് സോണിയ മത്സരിച്ച റായ്ബറേലിയാണ്. അമേഠിയില്‍ രാഹുലിന്റെ തോല്‍വിയുള്‍പ്പടെ കോണ്‍ഗ്രസ് അടിതെറ്റുന്ന കാഴ്ചയാണ് കണ്ടത്.
വയനാടിനു പ്രിയങ്ക അപരിചിതയല്ല. 2019-ലും 2024-ലും രാഹുലിന്റെ പ്രചാരണത്തിന് പ്രിയങ്ക വയനാട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് കാലയളവില്‍ രാഹുലിന്റെ എംപി സ്ഥാനത്തിന് വിലക്ക് നേരിട്ടപ്പോഴും രാഹുലിനൊപ്പം മണ്ഡലം സന്ദര്‍ശിക്കാന്‍ പ്രിയങ്ക വന്നിരുന്നു
ഇതോടെ പ്രിയങ്കയുടെ നേതൃപാടവം ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള അഞ്ച് വര്‍ഷം യുപി കേന്ദ്രീകരിച്ചു തന്നെ പ്രിയങ്ക പ്രവര്‍ത്തിച്ചു. ഇതിനിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയം രുചിച്ചെങ്കിലും പിന്മാറാന്‍ തയാറാകാതെ പ്രവര്‍ത്തിച്ച പ്രിയങ്കയുടെ പ്രവര്‍ത്തന മികവ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്തു.
തകര്‍ച്ചയില്‍ നിന്നു വമ്പന്‍ തിരിച്ചുവരവാണ് ഇത്തവണ പാര്‍ട്ടി സംസ്ഥാനത്ത് നടത്തിയത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും യുപി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച പ്രിയങ്കയ്ക്കുള്ളതാണ്. ആ മികവ് അംഗീകരിച്ചുകൊണ്ടു തന്നെയാണ് കോണ്‍ഗ്രസ് പ്രിയങ്കയെ പാര്‍ലമെന്റിലേക്ക് അയയ്ക്കാന്‍ ഈയൊരു തീരുമാനമെടുത്തതെന്നു വേണം മനസിലാക്കാന്‍.
വയനാടിനും പ്രിയങ്ക അപരിചിതയല്ല. 2019-ലും 2024-ലും രാഹുലിന്റെ പ്രചാരണത്തിന് പ്രിയങ്ക വയനാട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് കാലയളവില്‍ രാഹുലിന്റെ എംപി സ്ഥാനത്തിന് വിലക്ക് നേരിട്ടപ്പോഴും രാഹുലിനൊപ്പം മണ്ഡലം സന്ദര്‍ശിക്കാന്‍ പ്രിയങ്ക വന്നിരുന്നു. വന്‍ ജനപിന്തുണയാണ് ഓരോ തവണയും വയനാട്ടില്‍ നിന്നു പ്രിയങ്കയ്ക്ക് ലഭിച്ചത്. അതുകൊണ്ടു തന്നെ 2019-ല്‍ രാഹുല്‍ കുറിച്ച നാലു ലക്ഷത്തിലേറെ ഭൂരിപക്ഷമെന്ന റെക്കോഡ് പ്രിയങ്ക തകര്‍ക്കുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.
പാര്‍ലമെന്റില്‍ ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരേ 'ഇന്ത്യ'യുടെ ശബ്ദമാകാന്‍ രാഹുലിനൊപ്പം പ്രിയങ്കയും വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും ഒരുമിപ്പിക്കാനാണ് താന്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്നാണ് രാഹുല്‍ 2019-ല്‍ പറഞ്ഞത്. ഇത്തവണ വയനാടിനെ കൈവിടേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ആ വാക്ക് പാലിക്കപ്പെടാതെ പോകുമെന്ന സാഹചര്യത്തിലാണ് പ്രിയങ്ക മത്സരരംഗത്തേക്ക് കടന്നുവരുന്നത്.