ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികൾക്കും ഗംഭീര വരവേൽപ്പ്; ഹിന്ദുത്വ സംഘങ്ങൾ 'ആർക്കാണ്' മാലയിടുന്നത്?

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികൾക്കും ഗംഭീര വരവേൽപ്പ്; ഹിന്ദുത്വ സംഘങ്ങൾ 'ആർക്കാണ്' മാലയിടുന്നത്?

പ്രതികൾക്ക് പൂമാലയണായിച്ചശേഷം കലിക ക്ഷേത്രത്തിലെത്തി പ്രാർത്ഥനയും നടത്തി
Updated on
3 min read

ഗൗരി ലങ്കേഷ് വധക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികൾക്ക് കർണാടകയിൽ ഹിന്ദുത്വ സംഘം ഗംഭീര സ്വീകരണം നൽകിയിരിക്കുന്നു. പരശുറാം വാഗ്‌മോർ, മനോഹർ യാദവ് എന്നിവർക്കാണ് അസാമാന്യ വരവേൽപ്പുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയത്. ആറു വർഷത്തെ ജയിൽവാസത്തിനു ശേഷം ഒക്ടോബർ ഒൻപതിന് ബംഗളുരു സെഷൻസ് കോടതിയാണ് ഈ രണ്ടു പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ശേഷം ഒക്ടോബർ 11ന് പരപ്പന അഗ്രഹാര ജയിലിൽ നിന്നും ഇവർ പുറത്തിറങ്ങി.

തങ്ങളുടെ ഗ്രാമത്തിലേക്കെത്തിയ പരശുറാം വാഗ്‌മോറിനെയും മനോഹർ യാദവിനെയും പ്രദേശത്തെ ഹിന്ദുത്വ സംഘം പൂമാലകളും കാവിഷാളുകളും അണിയിച്ചു സ്വീകരിച്ചെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്. ശേഷം ഛത്രപതി ശിവജിയുടെ പ്രതിമയ്ക്കടുത്തേക്ക് കൊണ്ടുപോവുകയും കലിക ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു.

പൂമാലയുമണിഞ്ഞ് പ്രതികൾ
പൂമാലയുമണിഞ്ഞ് പ്രതികൾ

നേരത്തെ ഇത്തരത്തിൽ ഒരു വാർത്ത പുറത്തുവന്നത് ഗുജറാത്തിൽ നിന്നായിരുന്നു. ഗോദ്ര സംഭവത്തിന് ശേഷം നടന്ന മുസ്ലിംവിരുദ്ധ ആക്രമണങ്ങളുടെ ഭാഗമായി ബിൽക്കിസ് ബാനു എന്ന മുസ്ലിം സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ 11അംഗ ക്രിമിനൽ സംഘത്തിനും ഇത്തരമൊരു വരവേല്‍പ്പ് ലഭിച്ചിരുന്നു. ഗുജറാത്ത് സർക്കാർ കുറ്റവിമുക്തരാക്കിയപ്പോഴായിരുന്നു പ്രതികള്‍ക്ക് സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) സ്വീകരണം നല്‍കിയത്.

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികൾക്കും ഗംഭീര വരവേൽപ്പ്; ഹിന്ദുത്വ സംഘങ്ങൾ 'ആർക്കാണ്' മാലയിടുന്നത്?
'ഇന്ത്യൻ മതേതരത്വത്തിന് നേരെ ചൂണ്ടിയ 7.65 എംഎം പിസ്റ്റൾ'; കൊല്ലപ്പെട്ട് ഏഴുവര്‍ഷം കഴിഞ്ഞിട്ടും നീതി കിട്ടാതെ ഗൗരി ലങ്കേഷ്‌
ഗൗരി ലങ്കേഷ്
ഗൗരി ലങ്കേഷ്

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ സ്വീകരിക്കുമ്പോഴും ഗൗരി ലങ്കേഷിനെ കൊന്ന പ്രതികളെ സ്വീകരിക്കുമ്പോഴും ഹിന്ദുത്വ സംഘങ്ങൾ ആവർത്തിച്ച് പറയുന്ന കാര്യം ഈ വ്യക്തികൾ തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ടതാണെന്നും ഹിന്ദുക്കളായതുകൊണ്ടുമാത്രം ഇവരെ ലക്ഷ്യം വയ്ക്കുകയായിരുന്നു എന്നുമാണ്. എന്നാൽ, ബിൽക്കിസ് ബാനു കേസിൽ സർക്കാർ വെറുതെ വിട്ട പ്രതികളെ വീണ്ടും സുപ്രീംകോടതി ജയിലിലടയ്ക്കുന്ന സാഹചര്യമാണുണ്ടായത്.

2008ൽ മുംബയിലെ പ്രത്യേക സിബിഐ കോടതി കുറ്റക്കാരെന്നു കണ്ടെത്തി 11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. 15 വർഷം തടവനുഭവിച്ചതിനു ശേഷമാണ് പ്രതികളിലൊരാൾ തങ്ങളുടെ ശിക്ഷാകാലാവധി കുറയ്‌ക്കണമെന്നും ജയിൽമോചിതരാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം പരിശോധിച്ച് തീരുമാനമെടുക്കാൻ കോടതി ഗുജറാത്ത് സർക്കാരിനെ നിയോഗിക്കുകയായിരുന്നു.

ശേഷം പ്രത്യേക സമിതിയെ നിയോഗിച്ച് പ്രതികളെ വെറുതെവിടാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ വീണ്ടും നിയമപോരാട്ടം തുടർന്ന ബിൽകിസ് ബാനു ഒടുവിൽ പ്രതികളെ വെറുതെവിടാൻ പാടില്ല എന്ന വിധി സുപ്രീംകോടതിയിൽ നിന്നും സമ്പാദിച്ചു. ഇവിടെ, ഗൗരി ലങ്കേഷ് കേസിൽ പ്രതികളും അവരുടെ കുടുംബങ്ങളും അനീതിനേരിടുകയായിരുന്നു എന്നാണ് ഹിന്ദുത്വ സംഘടനകളുടെ പക്ഷം. വിജയദശമി ദിനത്തിൽ പ്രതികൾ മോചിക്കപ്പെട്ടതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അവർ പറയുന്നു.

ഹിന്ദുത്വ സംഘടനകളുടെ നിലപാട് എന്താണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ജൂണില്‍ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് മണിപ്പുരിനെ കുറിച്ച് സംസാരിക്കുന്നത്. കലാപം ആരംഭിച്ച് ഒരു വർഷം കഴിഞ്ഞാണ് മോഹൻ ഭാഗവത് ഈ പ്രസംഗം നടത്തുന്നത് എന്ന വിമർശം അന്ന് തന്നെ ഉയർന്നിരുന്നു. എന്നാൽ, അതിനേക്കാൾ ശക്തമായി ഉയർന്ന ചോദ്യം മറ്റൊന്നായിരുന്നു. മണിപ്പുരിൽ ആക്രമിക്കപ്പെട്ട സ്ത്രീകളെക്കുറിച്ച് സംസാരിക്കുന്ന മോഹൻ ഭാഗവത് എന്തുകൊണ്ടാണ് ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളെയും വെറുതെവിടാൻ തീരുമാനിച്ച ഗുജറാത്ത് സർക്കാരിനെ കുറിച്ച് സംസാരിക്കുന്നില്ല എന്നതായിരുന്നു ആ ചോദ്യം.

ബിൽക്കിസ് ബാനു
ബിൽക്കിസ് ബാനു
ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികൾക്കും ഗംഭീര വരവേൽപ്പ്; ഹിന്ദുത്വ സംഘങ്ങൾ 'ആർക്കാണ്' മാലയിടുന്നത്?
തുടരെ നല്‍കുന്ന ജാമ്യവും വൈകുന്ന നീതിയും; ഗൗരി ലങ്കേഷിൻ്റെയും സൗമ്യ വിശ്വനാഥൻ്റെയും കേസുകള്‍ വിരല്‍ ചൂണ്ടുന്നതെന്ത്?

കഴിഞ്ഞ ദിവസം വിജയദശമിയുമായി ബന്ധപ്പെട്ട് ആർ എസ് എസ് പ്രവർത്തകരെ അഭിസംബോധനചെയ്ത് ആർഎസ്എസ് ആസ്ഥാനത്ത് വച്ച് നടത്തിയ പ്രസംഗത്തിൽ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ നടന്ന ബലാത്സംഗക്കൊലയെ കുറിച്ചും മോഹൻ ഭാഗവത് സംസാരിക്കുന്നുണ്ട്. മറുവശത്ത് സ്ത്രീകളെ ആക്രമിക്കുകയും വധിക്കുകയും ചെയ്ത സംഘത്തിലുള്ളവർക്ക് സംഘപരിവാർ സംഘടനയായ വിഎച്ച്പിയും മറ്റു ഹിന്ദുത്വ സംഘടനകളും സ്വീകരണം നൽകുന്നത് തുടരുകയുമാണ്.

2017 സെപ്റ്റംബർ അഞ്ചിന് രാത്രി ജോലി കഴിഞ്ഞ് ബെംഗളൂരു രാജരാജേശ്വരി നഗറിലുള്ള തന്റെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഗൗരി ലങ്കേഷിനെ വീടിനു മുന്നിൽ വച്ച് ബൈക്കിലെത്തിയ സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ 2018 നവംബറിൽ 18 പേരെ പ്രതികളായി ചേർത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. ഇവരെല്ലാവരും സനാതൻ സൻസ്ത, ശ്രീ റാം സേന എന്നീ സംഘടനകളുടെ പ്രവർത്തകരാണ്.

ബിൽക്കിസ് ബാനു കേസിലെ പ്രതികൾക്ക് നൽകിയ സ്വീകരണം
ബിൽക്കിസ് ബാനു കേസിലെ പ്രതികൾക്ക് നൽകിയ സ്വീകരണം

മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷ് തീവ്രഹിന്ദുത്വ സംഘങ്ങൾക്കെതിരെ ശബ്ദിച്ചതിലുള്ള ദേഷ്യമാണ് അവരുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് അറസ്റ്റു ചെയ്യപ്പെട്ട പ്രതികളുടെ രാഷ്ട്രീയ നിലപാടുകള്‍ ചൂണ്ടിക്കാണിച്ച് പലകോണില്‍ നിന്നും ആരോപണം ഉയർന്നിരുന്നു. അരികുവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടിയും സാമുദായിക ഐക്യത്തിനും വേണ്ടിയും നിലകൊണ്ട മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ഏഴു വർഷങ്ങൾക്കിപ്പുറവും ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടില്ല എന്നുമാത്രമല്ല അവർ തുടർച്ചയായി പൂമാലനൽകി സ്വീകരിക്കപ്പെടുകയും ചെയ്യുന്നത് ആശങ്കപ്പെടുത്തുന്ന ഒന്നാണെന്നും വിമർശനമുയരുന്നു.

logo
The Fourth
www.thefourthnews.in