നയതന്ത്ര ബന്ധത്തെ ബാധിക്കും; ഖാലിസ്ഥാനികൾക്ക് ഇടം നൽകരുതെന്ന് കാനഡയ്ക്ക് മുന്നറിയിപ്പ് നൽകി എസ് ജയശങ്കർ
ഖാലിസ്ഥാനികൾക്ക് ഇടം നൽകരുതെന്ന് കാനഡയ്ക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ബിജെപി പ്രചാരണ പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ജയശങ്കറിന്റെ പ്രതികരണം. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് കാനഡയിലെ ഖാലിസ്ഥാൻവാദികളുടെ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെയാണ് ജയശങ്കറിന്റെ പ്രസ്താവന.
ഖാലിസ്ഥാനികൾക്ക് ഇടം നൽകരുതെന്ന് കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളോട് അഭ്യർത്ഥിച്ചുണ്ട്. ഇന്ത്യയ്ക്ക് ഈ രാജ്യങ്ങളുമായുള്ള ബന്ധത്തെ വിഷയം ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്റർ ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഖാലിസ്ഥാനി വിഷയം കാനഡ കൈകാര്യം ചെയ്യുന്ന രീതി ഇന്ത്യയ്ക്ക് വളരെക്കാലമായി തലവേദനയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് അവരെ നയിക്കുന്നതെന്ന് കരുതുന്നുവെന്നും ജയശങ്കർ മുൻപ് പറഞ്ഞിരുന്നു. കാനഡയുടെ നീക്കങ്ങൾ ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്നുണ്ടെങ്കിൽ പ്രതികരിക്കേണ്ടിവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് പല തരത്തിൽ സ്വാധീനിച്ചതായും ജയശങ്കർ പറയുന്നു.
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ, ടൊറന്റോയിലെ ഇന്ത്യൻ കോൺസൽ ജനറൽ അപൂർവ ശ്രീവാസ്തവ എന്നിവരുടെ ചിത്രങ്ങളും പേരുകളും അടങ്ങിയതായിരുന്നു ഖാലിസ്ഥാൻ അനുകൂലികളുടെ പോസ്റ്റർ. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് മേധാവിയും ഭീകരനുമായ ഹർദീപ് സിങ് നിജ്ജാറിനെ ജൂണിൽ കൊലപ്പെടുത്തിയതിൽ ഇരുവർക്കും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പോസ്റ്റർ.
ജൂൺ 18ന് കാനഡയിലെ സറേയിലെ ഗുരു നാനാക്ക് ഗുരുദ്വാര സാഹിബിന്റെ പാർക്കിങ്ങിൽ വച്ച് രണ്ട് അജ്ഞാതരാണ് നിജ്ജാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. 2022ൽ ജലന്ധറിൽ ഒരു പുരോഹിതനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നിജ്ജാറിന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ വിലയിട്ടിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്നാണ് ഖാലിസ്ഥാനികളുടെ ആരോപണം.
ഖാലിസ്ഥാനികളുടെ ഒരു റാലിയെക്കുറിച്ച് അറിയിച്ച് പ്രചരിക്കുന്ന പോസ്റ്ററുകളാണ് കാനഡയിൽ ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.30ന് ഖാലിസ്ഥാൻ ഫ്രീഡം റാലി നടക്കുമെന്നാണ് പോസ്റ്ററിൽ പറയുന്നത്. ഗ്രേറ്റ് പഞ്ചാബ് ബിസിനസ് സെന്ററിൽ നിന്ന് ആരംഭിക്കുന്ന റാലി ടൊറന്റോയിലെ ഇന്ത്യൻ എംബസിയിൽ അവസാനിക്കുമെന്നും പോസ്റ്ററിൽ അവകാശപ്പെടുന്നു.
2023 മാർച്ചിലും കാനഡയിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധിച്ചിരുന്നു. ഈ മാസം ആദ്യം ഒന്റാറിയോയിൽ നടന്ന ഒരു റാലിയിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന ഒരു ടാബ്ലോയും പ്രദർശിപ്പിച്ചിരുന്നു.