'ബ്രിജ് ഭൂഷണിനെതിരെ നിഷ്പക്ഷ അന്വേഷണവും നടപടിയും വേണം'; അമിത് ഷായെ കണ്ട് ഗുസ്തി താരങ്ങൾ
ീബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരങ്ങൾ. ശനിയാഴ്ച രാത്രി വൈകി അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയതായി ബജ്‌റംഗ് പുനിയ സ്ഥിരീകരിച്ചു. ബജ്റംഗ് പുനിയ, സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവർധ് കഡിയാന്‍ എന്നിവരാണ് അമിത് ഷായെ കണ്ടത്. രാത്രി 11 മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുനിന്നു.
നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് താരങ്ങള്‍
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗിക പീഡനാരോപണം ഉന്നയിച്ച ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നിഷ്പക്ഷമായ അന്വേഷണവും ദ്രുത നടപടിയും വേണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നൽകിയ അന്ത്യശാസനം ശനിയാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ഗുസ്തി താരങ്ങൾ അമിത് ഷായെ കണ്ടത്. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും നീതി ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞതായി ഗുസ്തി താരങ്ങൾ വ്യക്തമാക്കി.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ പ്രതിഷേധം കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ച സാഹചര്യത്തിൽ മെഡലുകൾ ഹരിദ്വാറിലെ ഗംഗാ നദിയിൽ ഒഴുക്കികളയുമെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചിരുന്നു . പിന്നീട് കർഷക സംഘടനാ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് തീരുമാനത്തിൽ നിന്ന് താത്കാലികമായി പിന്മാറി. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടന ദിവസം ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ പോലീസ് കടുത്ത നടപടി സ്വീകരിച്ചിരുന്നു. വിനേഷ് ഫോഗട്ടിനെയും സംഗീത ഫോഗട്ടിനെയും സാക്ഷി മാലിക്കിനെയും ഉൾപ്പെടെ പോലീസ് നിരത്തിലൂടെ വലിച്ചിഴച്ചത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. തുടർന്ന് ജന്തർ മന്തറിലെ സമരസ്ഥലം അടച്ച പോലീസ്, ഇന്ത്യാ ഗേറ്റിലും പ്രതിഷേധിക്കാൻ വിലക്കേര്‍പ്പെടുത്തി.
നിലവിൽ രണ്ട് എഫ്ഐആറുകളാണ് ബ്രിജ് ഭൂഷണെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത താരത്തിന്റെ പരാതിയിന്മേൽ ഒന്നും മറ്റ് പരാതികളിന്മേൽ രണ്ടാമത്തെ എഫ്ഐആറും. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ ആത്മഹത്യ ചെയ്യുമെന്നാണ് ബ്രിജ് ഭൂഷൺ പ്രതികരിച്ചത്. കോടതിക്ക് മുൻപിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ, ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്നും ബ്രിജ് ഭൂഷൺ വ്യക്തമാക്കിയിരുന്നു.