പബ്ജി പ്രണയം: പാക് യുവതിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു, കൂടുതൽ അന്വേഷണം

പബ്ജി പ്രണയം: പാക് യുവതിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു, കൂടുതൽ അന്വേഷണം

അതിനിടെ, നേപ്പാളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ രഹസ്യാന്വേഷണ സംഘം ശ്രമിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു
Updated on
1 min read

കാമുകനൊപ്പം കഴിയാൻ അനധികൃതമായി നേപ്പാൾ വഴി ഇന്ത്യയിലെത്തിയ പാകിസ്താൻ സ്വദേശി സീമ ഹൈദറിനെ ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ചോദ്യം ചെയ്തു. സച്ചിൻന്റെ പിതാവ് നേത്രപാൽ സിങിനെയും കസ്റ്റഡിയിലെടുത്തിരുന്നു. രഹസ്യ കേന്ദ്രത്തിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. ഗൗതം ബുദ്ധ നഗറിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സീമയുടെ ഐഡി കാർഡുകളും മറ്റ് രേഖകളും ഹൈക്കമ്മീഷനിലേക്ക് അയച്ചു. വാട്സ് ആപ്പ് ചാറ്റുകളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ഗ്രേറ്റർ നോയിഡ പോലീസിൽ നിന്ന് എടിഎസ് സംഘം സീമയുടെയും സച്ചിന്റെയും മൊഴികളുടെ പകർപ്പ് എടുത്തിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയ മൊഴികളും വസ്തുതകളും പുനഃരന്വേഷിക്കും. അതിനിടെ, നേപ്പാളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ രഹസ്യാന്വേഷണ സംഘം ശ്രമിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. സിസിടിവി ക്യാമറ വീഡിയോകളും പരിശോധിക്കും. നേപ്പാളിൽ തങ്ങുന്നതിനിടെ സീമ പോയ റൂട്ടുകളെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം സമ്പൂർണ റൂട്ട് മാപ്പ് തയ്യാറാക്കിയതായാണ് വിവരം.

സീമയ്ക്ക് താമസ സൗകര്യം ഒരുക്കി നല്‍കിയതിനാണ് സച്ചിനും പിതാവും അറസ്റ്റിലായത്

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആശങ്കയുള്ളതിനാല്‍ ഇരുവരെയും ചോദ്യം ചെയ്യണമെന്ന് തീവ്രവാദ വിരുദ്ധ സ്വകാഡ് ഉത്തര്‍പ്രദേശ് പോലീസിനെ അറിയിക്കുകയായിരുന്നു. ഇരുവരെയും ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത സമയത്ത് തന്നെ വിവരങ്ങള്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറിയിരുന്നു. സീമ ഹൈദറിന്റെയും കുടുംബത്തിന്റെയും മുഴുവൻ വിവരങ്ങളും തീവ്രവാദ വിരുദ്ധ സ്വകാഡ് അന്വേഷിക്കും.

ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന കാമുകൻ സച്ചിൻ മീണയെ വിവാഹം കഴിക്കാനാണ് നാല്‌ മക്കൾക്കൊപ്പം അനധികൃതമായി സീമ ഇന്ത്യയിലേക്ക് കടന്നത്. ഗെയിമിങ്ങ് പ്ലാറ്റ് ഫോമായ പബ്ജിയിലൂടെയാണ് പാക് പൗരയായ 27 കാരി സീമ ഗുലാം 22 കാരനായ സച്ചിനെ പരിചയപ്പെടുന്നത്. ബുപുര മേഖലയില്‍ താമസിക്കുന്ന യുവാവിന്റെ വാടക വീട്ടിലാണ് സീമയും മക്കളും താമസിച്ചിരുന്നത്. ഈ വര്‍ഷം മേയിലാണ് നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചത്. സംഭവത്തിൽ സീമയെയും സച്ചിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ കോടതി ഇവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in