പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുട്ടികളുണ്ടാവാൻ ദുർമന്ത്രവാദം; യുവതിയെ മനുഷ്യന്റെ എല്ലുപൊടി കഴിപ്പിച്ചു, ഭർത്താവടക്കം ഏഴുപേർക്കെതിരെ കേസ്

അന്ധവിശ്വാസ വിരുദ്ധനിയമം, ബ്ലാക്ക് മാജിക് ആക്ട് എന്നീ വകുപ്പുൾപ്പെടെ നാല് വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്
Updated on
1 min read

മഹാരാഷ്ട്രയിലെ പൂനെയിൽ ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ കൊണ്ട് മനുഷ്യന്റെ എല്ലുപൊടി കഴിപ്പിച്ചു. 28കാരിയായ യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് എല്ലുപൊടി കഴിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ ഭർത്താവും ബന്ധുക്കളും അടക്കം ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു. അന്ധവിശ്വാസ വിരുദ്ധനിയമം, ബ്ലാക്ക് മാജിക് ആക്ട് എന്നീ വകുപ്പുൾപ്പെടെ നാല് വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

ദമ്പതികൾക്ക് കുട്ടികൾ ഇല്ലാതിരുന്നതിനാലാണ് മന്ത്രവാദക്രിയകൾ നടത്തിയിരുന്നതെന്നും അമാവസി ദിനത്തില്‍ പ്രത്യേക പൂജ നടത്തിയാല്‍ കുട്ടികളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് സ്ഥിരമായി മന്ത്രവാദം നടത്തിവന്നതായും പോലീസ് അറിയിച്ചു. പൂനെയിൽ കംപ്യൂട്ടർ എഞ്ചിനീയറാണ് യുവതി.

സംഭവത്തിൽ രണ്ട് പരാതികളുമായാണ് യുവതി പോലീസിനെ സമീപിച്ചത്. മന്ത്രവാദ ചടങ്ങിന്റെ ഭാഗമായാണ് യുവതിയെ എല്ലുപൊടി കഴിപ്പിച്ചത്. അമാവാസി ദിനങ്ങളിൽ സ്ഥിരമായി യുവതിയെകൊണ്ട് വീട്ടിൽ ദുർമന്ത്രവാദ ക്രിയകൾ ചെയ്യിപ്പിക്കുമായിരുന്നു. സ്ത്രീയെ ബലമായി ഒരു അജ്ഞാത ശ്മശാനത്തിലേക്ക് കൊണ്ടുപോയി മനുഷ്യന്റെ എല്ലുപൊടി കഴിക്കാൻ ആവശ്യപ്പെട്ടു. കൂടാതെ അവിടെയുള്ള വെള്ളച്ചാട്ടത്തിൽ അഘോരി ക്രിയകൾ ചെയ്യിച്ചു. വീഡിയോ കോൾ വഴി മന്ത്രവാദി നൽകുന്ന നിർദേശം അനുസരിച്ചാണ് ഇത്തരം കാര്യങ്ങൾ ചെയ്തതെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. വിസമ്മതിച്ചപ്പോൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. പിന്നീട് പലതവണ ഇക്കാര്യങ്ങൾ ആവർത്തിച്ചതായും പറയുന്നു. യുവതി ഗർഭം ധരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരുന്നത്. 2022 മെയ് മാസത്തിൽ യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

2019ൽ വിവാഹം നടന്ന സമയത്ത് ഭർതൃവീട്ടുകാർ പണം, സ്വർണം, വെള്ളി ആഭരണങ്ങൾ ഉൾപ്പെടെ സ്ത്രീധനം വാങ്ങിയെന്നാണ് യുവതിയുടെ ആദ്യ പരാതി. പിന്നീട് മാതാപിതാക്കളിൽ നിന്ന് പണം വാങ്ങി നല്കാൻ ആവശ്യപ്പെട്ട് പ്രതികൾ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായും യുവതി പരാതിയിൽ പറയുന്നുണ്ട്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഏഴ് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡിസിപി ശർമ അറിയിച്ചു. ദുർമന്ത്രവാദം നടന്ന ശ്മശാനം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേർത്തു. യുവതിയുടെ ഭർതൃവീട്ടുകാർ കുടുംബം വിദ്യാസമ്പന്നരാണെങ്കിലും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് രണ്ട് തവണ യുവതി ഭർത്താവിനും കുടുംബത്തിനും എതിരെ വനിതാ കമ്മീഷനിലടക്കം പരാതി നൽകിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in