കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ചു കൊലപാതകം: പ്രതികൾ രാജസ്ഥാനിൽ പിടിയിൽ

കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ചു കൊലപാതകം: പ്രതികൾ രാജസ്ഥാനിൽ പിടിയിൽ

മാർച്ച് 31നായിരുന്നു പശുക്കടത്ത് ആരോപിച്ച് ഇദിരീസ് പാഷയെ സംഘം മർദിച്ചു കൊന്നത്
Published on

കർണാടകയിലെ രാമനഗരയിൽ പശുക്കടത്ത് ആരോപിച്ചു മുസ്ലിം യുവാവിനെ മർദിച്ചു കൊന്ന  കേസിൽ മുഖ്യ പ്രതി ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ . കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഹിന്ദുത്വ സംഘടനാ പ്രവർത്തകൻ   പുനീത് കരഹള്ളി ഉൾപ്പെടെയുള്ളവരാണ് രാജസ്ഥാനിൽ അറസ്റ്റിലായത് . സംഭവത്തിൽ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യപ്രതി പുനീതിന്റെ വീഡിയോ പുറത്തു വന്നതിനു തൊട്ടു പിറകെയാണ് അറസ്റ്റുണ്ടായത്.

വാഹനത്തിലുണ്ടായിരുന്ന 16 കന്നുകാലികളെ സംബന്ധിച്ച മുഴുവൻ രേഖകളും അക്രമി സംഘത്തിന് കാണിച്ചു കൊടുത്തെങ്കിലും പശുക്കടത്ത്  ആരോപിച്ചായിരുന്നു മർദ്ദനം

മാർച്ച് 31 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും വിൽപനക്കായി അറവു മാടുകളെ ലോറിയിൽ കൊണ്ട് പോകുകയായിരുന്ന ഇദിരീസ് പാഷ എന്ന യുവാവിനെയും സഹായികളെയും ഗോ സംരക്ഷണ സേന എന്നവകാശപ്പെട്ടെത്തിയ സംഘം തടഞ്ഞു ആക്രമിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 16 കന്നുകാലികളെ സംബന്ധിച്ച മുഴുവൻ രേഖകളും അക്രമി സംഘത്തിന് കാണിച്ചു കൊടുത്തെങ്കിലും പശുക്കടത്ത്  ആരോപിച്ചായിരുന്നു മർദ്ദനം. മർദ്ദനം തുടർന്നപ്പോൾ  ഇദിരീസും സംഘവും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു, എന്നാൽ ഇദിരീസിനെ സംഘം പിന്തുടർന്ന് മർദിച്ചു കൊല്ലുകയായിരുന്നെന്നാണ് ആരോപണം. പിറ്റേ ദിവസം പുലർച്ചെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇദിരീസിന്റെ  കുടുംബം മൃതദേഹവുമായി പ്രതിഷേധിച്ചതോടെയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച പോലീസ് പുനീത് കരഹള്ളിക്കും മറ്റു നാല് പേർക്കുമെതിരെ കേസെടുക്കാൻ തയ്യാറായത് . ബസവരാജ്‌ ബൊമ്മെ സർക്കാർ പാസാക്കിയ കന്നുകാലി കശാപ്പ് നിരോധന നിയമമാണ് നിർദോഷിയായ യുവാവിന്റെ ജീവൻ അപഹരിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത് . 2021ലാണ് കർണാടകയിൽ ഗോവധം പൂർണമായും നിരോധിക്കുന്നതും പതിമൂന്നു വയസിൽ താഴെയുള്ള കന്നുകാലികളുടെ കശാപ്പു തടയുന്നതുമായ നിയമം പ്രാബല്യത്തിൽ വന്നത്.

ബസവരാജ്‌ ബൊമ്മെ സർക്കാർ പാസാക്കിയ കന്നുകാലി കശാപ്പ് നിരോധന നിയമമാണ് നിർദോഷിയായ യുവാവിന്റൻറെ ജീവൻ അപഹരിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്

നിയമം നടപ്പിലാക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം കൂടി തേടിയതോടെ ഗോ രക്ഷാ സേന പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തിറങ്ങുകയും പശുക്കടത്ത് ആരോപിച്ചു ആളുകളെ തടഞ്ഞു നിർത്തി മർദിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു . പ്രായമായ പശുക്കൾ അറവുശാലകളിൽ എത്താതിരിക്കാൻ സംസ്ഥാനത്തെങ്ങും ഗോ ശാലകൾ തുറക്കുമെന്ന ബിജെപി സർക്കാരിന്റെ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. 

അതേസമയം, പശുക്കടത്തിന്റെ പേരിലുണ്ടായ കൊലപാതകം കർണാടകയിൽ തിരഞ്ഞെടുപ്പ് വിഷയമായും ഉയര്‍ന്നു കഴിഞ്ഞു. കോൺഗ്രസും ജെഡിഎസും സംഭവം ഉയർത്തികാട്ടിയതോടെ ബിജെപി വെട്ടിലായിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in