കര്‍ഷകരുടെ 'രക്ഷകന്‍', കേന്ദ്രത്തിനും സമരക്കാര്‍ക്കും ഇടയിലെ മധ്യസ്ഥന്‍; പ്രതിച്ഛായ മാറ്റി ഭഗവന്ത് മന്‍
ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ നിരത്തിയിട്ടിരിക്കുന്ന ആംബുലന്‍സുകള്‍, എന്തിനും സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം... രണ്ടാം കര്‍ഷക പ്രക്ഷോഭത്തില്‍ പൂര്‍ണമായും കര്‍ഷക പക്ഷത്ത് നില്‍ക്കുകയാണ് പഞ്ചാബ് സര്‍ക്കാര്‍. അതിര്‍ത്തിക്കപ്പുറം, ഹരിയാന സര്‍ക്കാര്‍ കണ്ണീര്‍വാതകവും ഗ്രനേഡുകളും ലാത്തിയും ഉപയോഗിച്ച് കര്‍ഷകരെ വിരട്ടിയോടിക്കാന്‍ നോക്കുമ്പോള്‍, അതിര്‍ത്തിക്കിപ്പുറത്ത് പഞ്ചാബ് പോലീസ് കര്‍ഷകര്‍ക്ക് കൂട്ടുനില്‍ക്കുന്നു. കര്‍ഷക സമരത്തില്‍ രണ്ട് രാഷ്ട്രീയങ്ങള്‍ ഏറ്റുമുട്ടുകയാണ്. സമരത്തിന്റെ തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പേരാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റേത്. കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയിലും ഭഗവന്ത് മാന്‍ മുഖ്യ സാന്നിധ്യമായിരുന്നു.
കര്‍ഷക നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാതെ. ചണ്ഡീഗഡില്‍ എത്തിയാണ് ഇത്തവണ കേന്ദ്രമന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്. കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ മുണ്ട, പിയൂഷ് ഗോയല്‍, നിത്യാനന്ദ് റായ് എന്നിവര്‍ ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍, കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ ഭഗവന്ത് മന്നിനേയും ക്ഷണിച്ചു. കേന്ദ്രസര്‍ക്കാരും ഇതിനെ എതിര്‍ത്തില്ല. അങ്ങനെ ചര്‍ച്ചയുടെ മധ്യസ്ഥനായി ഭഗവന്ത് മന്‍ മാറുകയായിരുന്നു.
സമരത്തെ അടിച്ചമര്‍ത്താന്‍ പഞ്ചാബ് പോലീസ് ശ്രമിച്ചില്ല എന്നത് കര്‍ഷകര്‍ക്കിടയില്‍ മന്നുമായി വൈകാരിക അടുപ്പമുണ്ടാകുന്നതിന് കാരണമായി. സമരത്തില്‍ പങ്കെടുക്കുന്ന വലിയ വിഭാഗം കര്‍ഷകരും പഞ്ചാബില്‍ നിന്നുള്ളവരാണ്. കര്‍ഷക മുന്നേറ്റത്തെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നത് രാഷ്ട്രീയമായ തിരിച്ചടിക്ക് കാരണമാകും എന്ന് പഞ്ചാബിലെ എഎപി ഘടകം കണക്കുകൂട്ടി. അതിനാല്‍, 'രക്ഷക പരിവേഷം' എടുത്തണിയാനാണ് മന്‍ തീരുമാനിച്ചത്.
പഞ്ചാബിലെ ഗ്രാമവികസന ഫണ്ടുകളുടെ വിഹിതം നല്‍കാന്‍ വിസമ്മതിച്ച കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലുമായി ഇതിനോടകം തന്നെ മന്‍ ഉടക്കിനില്‍ക്കുകയാണ്. 5,500 കോടി രൂപയാണ് ഈ പദ്ധതിയില്‍ കേന്ദ്രം പഞ്ചാബിന് നല്‍കാനുള്ളത്. വ്യാഴാഴ്ച കര്‍ഷകരുടെ സാന്നിധ്യത്തില്‍ ഈ വിഷയവും മന്‍ ഉയര്‍ത്തിക്കാട്ടി.
കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍, സംസ്ഥാനത്തിന്റെ കൂടി താത്പര്യമാണെന്ന രീതിയിലാണ് കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ മന്‍ നിലപാട് സ്വീകരിച്ചത്. ചര്‍ച്ചയിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യം, കര്‍ഷകരെ കടുത്തനിലപാടുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷ കേന്ദ്രത്തിനുണ്ട്. സമരത്തെ അനുകൂലിക്കുമ്പോഴും, കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന നിലപാടാണ് ഭഗവന്ത് മന്‍ സ്വീകരിച്ചത്.
പഞ്ചാബുമായുള്ള അതിര്‍ത്തിയെ ഇന്ത്യ-പാക് അതിര്‍ത്തിയ്ക്ക് സമാനമായ രീതിയിലേക്ക് കൊണ്ടെത്തിച്ചെന്നും ഭഗവന്ത് മാന്‍ ചര്‍ച്ചയില്‍ വിമര്‍ശനം ഉന്നയിച്ചു. ഹരിയാന പോലീസ് തങ്ങളുടെ അതിര്‍ത്തിയ്ക്ക് അപ്പുറത്തേക്ക് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ നിരന്തരം പ്രയോഗിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഹരിയാന അതിര്‍ത്തി അനിശ്ചിതകാലത്തേക്ക് ബാരിക്കേഡുകള്‍ വച്ച് അടച്ചാല്‍, പഞ്ചാബിന്റെ അവശ്യവസ്തുക്കളുടെ കൈമാറ്റത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഞ്ചാബ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടാണ്, സമരം അക്രമാസക്തമാകരുത് എന്ന് ഭഗവന്ത് മന്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നത്.
2022-ല്‍ അധികാരത്തിലേറിയ സമയത്തുള്ള ജനപിന്തുണ നിലവില്‍ ഭഗവന്ത് മന്നിന് ഇല്ലെന്നാണ് എഎപിയുടെ തന്നെ വിലയിരുത്തല്‍. തുടര്‍ച്ചയായി വിവാദങ്ങളില്‍ ചെന്നുചാടുന്നത് സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നു എന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. അതുകൊണ്ട്, വീണുകിട്ടിയ അവസരമായാണ് ഭഗവന്ത് മന്‍ കര്‍ഷക സമരത്തെ നോക്കിക്കാണുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് എഎപിക്ക് അനുകൂലമായി കളമൊരുക്കാന്‍ കര്‍ഷക സമരത്തിന്റെ മധ്യസ്ഥ റോളില്‍ നില്‍ക്കുന്നത് സഹായിക്കുമെന്ന് ഭഗവന്ത് മന്‍ കണക്കുകൂട്ടുന്നു.