പഞ്ചാബിൽ ഖലിസ്ഥാനികളുടെ വളർച്ചയ്ക്ക് വളമാകുന്നത് ആം ആദ്മിയോ?
ഖലിസ്ഥാന്‍ പ്രസ്ഥാനം, ഒരു കാലത്ത് ഇന്ത്യയെ വിറപ്പിച്ച വിഘടനവാദി സംഘടനയുടെ പേര് വീണ്ടും രാജ്യത്ത് ചര്‍ച്ചയാവുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ ഖലിസ്ഥാൻ്റെ പതാക ഉയര്‍ത്തിയെന്ന ആരോപണം കഴിഞ്ഞ വര്‍ഷം വലിയ വാര്‍ത്താ പ്രാധാന്യം നേടി. എന്നാല്‍, കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃതസറിന് സമീപം, ആയുധങ്ങളേന്തിയ ഒരു സംഘം അജ്‌നാല പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഖലിസ്ഥാന്‍ പ്രസ്ഥാനം എന്ന പേര് വീണ്ടും ഉയർന്നുകേൾക്കുകയാണ്. ഖലിസ്ഥാന്‍ വക്താവും മതപ്രഭാഷകനും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാല്‍ സിംഗിൻ്റെ അനുയായികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തോക്കും, വാളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ജനക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ വളഞ്ഞത്. തട്ടിക്കൊണ്ടുപോകല്‍, കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ കേസുകളുടെ പേരില്‍ അറസ്റ്റ് ചെയ്ത അമൃത്പാല്‍ സിംഗിൻ്റെ അനുചരന്‍ ലവ് പ്രീത് തുഫാന്‍ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കണം എന്നതായിരുന്നു ജനക്കൂട്ടത്തിൻ്റെ പ്രധാന ആവശ്യം. വിഷയം സംഘര്‍ഷത്തിലേക്ക് തിരിഞ്ഞതോടെ ലവ് പ്രീത് തുഫാന്‍ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കാമെന്നും പോലീസ് അറിയിച്ചു.
എന്നാല്‍, വിഷയം ഇവിടെ അവസാനിക്കുന്നില്ല. ഖലിസ്ഥാന്‍ എന്ന വിഘടനവാദ ആശയത്തെ തടയുന്നതില്‍ പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. ആംആദ്മി സര്‍ക്കാര്‍ അധികാരമേറ്റ പതിനൊന്ന് മാസത്തിനിടെ ഖലിസ്ഥാന്‍ വാദം ശക്തമായെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. കഴിഞ്ഞ ദിവസം ഖലിസ്ഥാനി നേതാവിൻ്റെ അറസ്റ്റിന് പിന്നാലെ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചിട്ടും ആംആദ്മി സര്‍ക്കാര്‍ നടപടിയെടുക്കാത്തതും ആരോപണങ്ങളുടെ ശക്തി കൂട്ടുന്നു.
2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് എഎപി പഞ്ചാബില്‍ ആദ്യ ചുവടുവയ്പ്പ് നടത്തുന്നത്. 2022ല്‍ വന്‍ ഭൂരിപക്ഷത്തോടെ സംസ്ഥാന ഭരണം പിടിച്ചെടുത്തുവെങ്കിലും പിന്നീടുണ്ടായ സംഭവപരമ്പരകള്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ ചുമതലയേറ്റ് ഒരു മാസം തികയും മുന്‍പ്, ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകരും വലതുപക്ഷ ഹിന്ദു സംഘടനകളും തമ്മില്‍ ഏറ്റുമുട്ടലായിരുന്നു തുടക്കം. പട്യാലയില്‍ നടന്ന ഈ സംഘര്‍ഷത്തിന് പിന്നാലെ പാര്‍ലമെൻ്റ് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ സ്ഥാനാര്‍ത്ഥി ജയിച്ചുകയറി. ശിരോമണി അകാലിദളിൻ്റെ പ്രസിഡൻ്റും ഖലിസ്ഥാന്‍ അനുകൂല നേതാവുമായ സിമ്രന്‍ജിത് സിംഗ് മന്‍ വിജയിച്ചത് ആം ആദ്മിക്കേറ്റ വലിയൊരു തിരിച്ചടിയാണെന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ വിലയിരുത്തല്‍.
വാരിസ് പഞ്ചാബ് ദേ
ഖലിസ്ഥാന്‍ വക്താവ്, മതപ്രഭാഷകന്‍ 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാല്‍ സിംഗിൻ്റെ അത്ഭുതകരമായ വളര്‍ച്ചയാണ് ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ദുബായിൽ നിന്ന് കഴിഞ്ഞ വർഷം പഞ്ചാബിൽ മടങ്ങിയെത്തിയ അമൃത് പാൽ സിംഗ് വാരിസ് പഞ്ചാബ് ദേയുടെ തലവനായി മാറുകയായിരുന്നു. വാരിസ് പഞ്ചാബ് ദേ സ്ഥാപിച്ച നടൻ ദീപ് സിദ്ധു കാറപകടത്തിൽ മരിച്ചതോടെയാണ് അമൃത്പാല്‍ സിംഗ് സംഘടനയുടെ നേതാവാകുന്നത്.
ഇദ്ദേഹത്തിൻ്റെ അനുയായിയാണ് ലവ്പ്രീത് തൂഫാന്‍. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃത്സറില്‍ വൻ സംഘര്‍ഷമുണ്ടായത്. തോക്കുകളും വടിവാളുകളുമായി പോലീസ് സ്റ്റേഷനിലേക്ക് ജനക്കൂട്ടം ഇരച്ച് കയറുകയും തുടർന്നുളള ഏറ്റുമുട്ടലിൽ ആറ് പോലീസുകാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഖലിസ്ഥാൻ്റെ കാര്യത്തിൽ മൻ സർക്കാർ തീകൊണ്ട് കളിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. അമൃത്സറിലെ സംഘർഷത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ അമരീന്ദർ സിംഗും ഇതിനോടകം എഎപിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിദ്വേഷ പ്രശ്നം
2019ൽ സമർപ്പിച്ച തരൺ തരൺ സ്‌ഫോടനക്കേസിൻ്റെ കുറ്റപത്രത്തിൽ, കൊല്ലപ്പെട്ട രണ്ടു സിക്കുകാർ മതത്തിന് വേണ്ടി ജീവൻ ത്യജിച്ചുവെന്നാണ് എഎൻഐ പറഞ്ഞത്. അകാലിദൾ-ബിജെപി സർക്കാരിൻ്റെ ഭരണകാലത്താണ് സംഭവം നടക്കുന്നത്. തുടർന്ന് കേസിൽ കാര്യമായി മുന്നേറാൻ സർക്കാരിന് കഴിയാതെ വന്നതോടെ അടുത്ത തിരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. 2017ൽ കോൺഗ്രസ്സ് വിജയിക്കുകയും എഎപി ആദ്യ ചുവടുവയ്പ്പ് നടത്തുകയും ചെയ്തു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രധാന വിഷയമായിരുന്നു.
ആംആദ്മിയുടെ പഞ്ചാബി നിലപാടുകള്‍
പഞ്ചാബില്‍ അധികാരം പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും പഞ്ചാബി വികാരം തിരിച്ചറിഞ്ഞായിരുന്നു പ്രവര്‍ത്തിച്ചത്. സംസ്ഥാനത്തിന്റെ ക്രമസമാധാനം നിലനിര്‍ത്തും, ഗുരു ഗ്രന്ഥ സാഹിബ് ഉള്‍പ്പെടെയുള്ള മതനിന്ദാ കേസുകള്‍, സ്‌ഫോടനങ്ങള്‍, ബഹ്ബല്‍ കാലന്‍ വെടിവയ്പ്പ് എന്നിവയില്‍ കാര്യക്ഷമായ ഇടപെടല്‍, ഇത്തരം കേസുകളുണ്ടായാല്‍ 24 മണിക്കൂറിനുള്ളില്‍ നീതി നടപ്പിലാക്കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളുമായിരുന്നു എഎപി മുന്നോട്ട് വച്ചത്.
എന്നാല്‍, കെജ്രിവാളിന്റെ പ്രഖ്യാപനങ്ങള്‍ മിക്കതും ഇതുവരെ നടപ്പായില്ലെന്നാണ് ഇപ്പോഴുയരുന്ന പ്രധാന ആക്ഷേപം. ഈ വിഷയങ്ങളാണ് ഇപ്പോള്‍ ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകള്‍ ഉന്നയിക്കുന്നതും.
മയക്കുമരുന്ന് പ്രശ്നം
പഞ്ചാബില്‍ വർഷങ്ങളായി തുടരുന്ന മയക്കുമരുന്ന് കടത്ത് സംബന്ധിച്ച വിഷയം ഉള്‍പ്പെടെയാണ് അമൃത്പാല്‍ സിംഗ് നിരന്തരം ഉന്നയിക്കുന്നത്. മയക്കുമരുന്ന് വ്യാപകമായി സംസ്ഥാനത്ത് എത്തുന്നത്, സിഖുകാരെ അടിമകളാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്നും ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ വാദിക്കുന്നു. സംസ്ഥാനം ഭരിച്ചിരുന്ന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ നിരന്തരമായി പരാജയപ്പെട്ടെന്നും ഇതില്‍ മാറ്റം കൊണ്ടുവരാന്‍ ആംആദ്മി സര്‍ക്കാരിനും കഴിഞ്ഞിട്ടില്ലെന്നും ഖാലിസ്ഥാന്‍ ഗ്രൂപ്പുകള്‍ ആരോപിക്കുന്നു.
അകാലി നേതാക്കള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും, കള്ളക്കടത്ത് തടയുന്നതില്‍ സര്‍ക്കാരുകളുടെ നിരന്തരമായ പരാജയവും ജനങ്ങളുടെ മതിപ്പ് നേടാന്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ ഉപയോഗിക്കുന്നു.
സോഷ്യൽ മീഡിയ
സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള നവ മാധ്യമങ്ങളായിരുന്നു പഞ്ചാബില്‍ ആശയ പ്രചാരണത്തിന് ആംആദ്മി മാര്‍ഗമാക്കിയത്. സമാനമായ രീതിയിലാണ് ഇപ്പോള്‍ ഖലിസ്ഥാന്‍ അനുകൂല കേന്ദ്രങ്ങളും സംസ്ഥാനത്ത് ചുവടുറപ്പിക്കുന്നത് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്തിടെ കൊല്ലപ്പെട്ട ഗായകന്‍ സിദ്ദു മൂസേവാലയുടെ പാട്ടുകള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ആശയ പ്രചാരണത്തിന് ഉപയോഗിക്കപ്പെട്ടു. ഖലിസ്ഥാനികളെ മഹത്വവല്‍ക്കരിക്കുന്ന സിദ്ദു മൂസെവാലയുടെ എസ്.വൈ.എല്‍ എന്ന ഗാനം അതിനുദാഹരണമാണ്. ഈ ഗാനം നിരോധിക്കുന്നതിന് കേന്ദ്രം രംഗത്തെത്തിയിരുന്നു. ഇതിനിടെ, സിദ്ദു മൂസേവാല കൊല്ലപ്പെട്ടതും ഖലിസ്ഥാന്‍ ഗ്രൂപ്പുകള്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിച്ചു.
കൂടാതെ, ഖാലിസ്ഥാന്‍ അനുകൂലമായ നിരവധി ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെ നിയന്ത്രിക്കാന്‍ എഎപി സര്‍ക്കാരിന് സാധിച്ചിട്ടില്ല. കേന്ദ്ര സർക്കാർ പരിധിയിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ വരുന്നതെന്ന് വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നത്.
വലിയ വാഗ്ദാനങ്ങളും ആം ആദ്മിയും
ആം ആദ്മി പാർട്ടിയേയും അവരുടെ വാഗ്ദാനങ്ങളെയും ഇരുകൈയ്യും നീട്ടിയാണ് പഞ്ചാബിലെ ജനങ്ങൾ സ്വീകരിച്ചത്. എന്നാൽ പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ സാധിക്കാത്തത് ആം ആദ്മിക്ക് വലിയ വെല്ലുവിളിയാണ്. ഇത്തരം പ്രശനങ്ങൾ വീണ്ടും ആവർത്തിക്കുകയും ഖലിസ്ഥാൻ അനുകൂല സംഘടനകൾ അത് മുതലെടുക്കാന്‍ ശ്രമിക്കുകയുമാണ്.