ഖത്തറിന്റെ 'നിക്ഷേപ സാമ്രാജ്യം'; ഇന്ത്യന്‍ നാവികരുടെ മോചനത്തിനും മോദിയുടെ തിരക്കിട്ട സന്ദര്‍ശനത്തിനും പിന്നില്‍
ഖത്തറില്‍ തടവില്‍ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യന്‍ മുന്‍ നാവികസേനാ ഉദ്യോഗസ്ഥരെ മോചിപ്പിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് ഖത്തര്‍ ഇവരെ തടവിലാക്കിയിരുന്നത്. വധശിക്ഷക്ക് വിധിച്ച നാവികരുടെ ശിക്ഷയില്‍ ഇളവു വരുത്തുകയും പിന്നീട് മോചിപ്പിക്കുകയുമായിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷത്തില്‍ ഇടപെട്ടെന്നും ചാരപ്രവൃത്തി നടത്തിയെന്നും ആരോപിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് ഖത്തര്‍ ഇവരെ മോചിപ്പിച്ചത്?
പതിനാലാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറില്‍ എത്താനിരിക്കെയാണ് നാവികരുടെ മോചനം. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ തന്നിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 2016-ന് ശേഷം ആദ്യമായാണ് മോദി ഖത്തറില്‍ എത്തുന്നത്. ദുബൈയില്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ നടന്ന കോപ് 28 കാലാവസ്ഥ ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ഖത്തര്‍ അമീറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ്, നാവികരുടെ വധശിക്ഷയില്‍ ഇളവുവരുത്തിയത്. നാവികരുടെ മോചനം സാധ്യമല്ലാതെ മോദി ഖത്തറിലേക്ക് പോയിരുന്നെങ്കില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവരുമായിരുന്നു.
ഇന്ത്യന്‍ നാവികരുടെ ശിക്ഷ തങ്ങളുടെ വിശാലമായ സാമ്പത്തിക സ്വപ്‌നങ്ങള്‍ക്ക് പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്ന് ഖത്തര്‍ കണക്കുകൂട്ടിയതിന്റെ ഫലമായാണ് ഈ മോചിപ്പിക്കല്‍ എന്നാണ് വിലയിരുത്തല്‍. ഖത്തര്‍ ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റിക്ക് ഇന്ത്യയില്‍ വന്‍തോതിലുള്ള നിക്ഷേപ പദ്ധതികളാണുള്ളത്. ഊര്‍ജമേഖലയില്‍ നിര്‍ണായക പങ്കാളിത്തമാണ് രണ്ടു രാജ്യങ്ങളും തമ്മിലുള്ളത്.
ഇന്ത്യയുടെ ഏറ്റവും വലിയ എല്‍എന്‍ജി വിതരണക്കാരാണ് ഖത്തര്‍. ഇന്ത്യയെ പിണക്കുന്നത് തങ്ങളുടെ നിക്ഷേപ സ്വപ്‌നങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നും ഖത്തര്‍ കണക്കുകൂട്ടിയിരിക്കണം
2022-ല്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് നിക്ഷേപ പദ്ധതികള്‍ വേഗത്തിലാക്കാനായി ഒരു സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ എല്‍എന്‍ജി വിതരണക്കാരാണ് ഖത്തര്‍. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തിന്റെ അന്‍പത് ശതമാനവും ഖത്തറില്‍ നിന്നാണ്. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയും ഖത്തറും തമ്മില്‍ 7,800 കോടി രൂപയുടെ എല്‍എന്‍ജി വിതരണ കരാറില്‍ ഒപ്പുവച്ചത്. 2048 വരെയാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഖത്തറിന്റെ നിക്ഷേപ സാമ്രാജ്യം
വിദേശ രാജ്യങ്ങളിലെ നിക്ഷേപ പദ്ധതികള്‍ക്കായി രൂപീകരിച്ച ഖത്തര്‍ ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റിക്ക് (ക്യുഐഎ) ഇന്ത്യയിലെ വന്‍കിട കമ്പനികളില്‍ നിക്ഷേപമുണ്ട്. അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍, റിലയന്‍സ് റീട്ടെയില്‍, ബൈജൂസ് തുങ്ങിയ കമ്പനികള്‍ ഇതില്‍ പ്രധാനമാണ്. ഇന്ത്യയുമായുള്ള ബന്ധം മോശമായാല്‍, ക്യുഐഎയ്ക്ക് വലിയ തിരിച്ചടി നേരിടുമെന്ന് ഖത്തര്‍ കണക്കുകൂട്ടിയിട്ടുണ്ടാകണം.
2019-ല്‍ പതിനാറായിരം കോടി രൂപയുടെ നിക്ഷേപമാണ് ഭാരതി എയര്‍ടെലിന്റെ എയര്‍ടെല്‍ ആഫ്രിക്ക പ്രോജക്ടറില്‍ ക്യുഐഎ നിക്ഷേപിച്ചത്. പന്ത്രണ്ടായിരം കോടി രൂപയുടെ നിക്ഷേപമാണ് ഖത്തറിന് ബൈജൂസില്‍ ഉള്ളത്. 37,000 കോടി രൂപയുടെ നിക്ഷേപമാണ് 2020-ല്‍ അദാനി ട്രാന്‍സ്മിഷനില്‍ ഖത്തര്‍ നിക്ഷേപിച്ചത്. അദാനി ട്രാന്‍സ്മിഷനില്‍ ഖത്തറിന് 25.1 ശതമാനം ഓഹരി നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായത്. ഡെയ്‌ലി ഹണ്ടിന്റേയും ജോഷ് ആപ്പിന്റേയും മാതൃസ്ഥാപനമായ വെര്‍സെ ഇന്നോവേഷന്‍സില്‍ എണ്‍പതിത്തിരണ്ടായിരം കോടിയുടെ നിക്ഷേപമാണ് ക്യുഐഎ നടത്തിയിരിക്കുന്നത്.
2022-ല്‍ പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയില്‍ ഖത്തര്‍ അറുപത്തിയാറായിരം കോടി രൂപയുടെ നിക്ഷേപം നടത്തി. ചുരുങ്ങിയകാലം കൊണ്ട് ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ കമ്പനികളിലും ഖത്തര്‍ വലിയതോതിലുള്ള നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയെ പിണക്കുന്നത് തങ്ങളുടെ നിക്ഷേപ സ്വപ്‌നങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നും ഖത്തര്‍ കണക്കുകൂട്ടിയിരിക്കണം. ഇന്ത്യയുടെ ഭാഗത്തുനിന്നും കടുത്ത പ്രതികരണങ്ങള്‍ ഉണ്ടാകാതിരുന്നതും ഇതിനാലാണ്.
ഖത്തറില്‍ ഏകദേശം ഏഴ് ലക്ഷം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ആയിരക്കണക്കിന് ഇന്ത്യന്‍ കമ്പനികള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഗള്‍ഫ് സഹകരണ സമിതി (ജി സി സി) ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും മറ്റ് സാധനങ്ങളും വിമാനത്തിലെത്തിക്കാന്‍ ഇന്ത്യ സഹായിച്ചിട്ടുമുണ്ട്. പ്രതിരോധ രംഗത്തും ഇരു രാജ്യങ്ങള്‍ തമ്മില്‍ സഹകരണം നിലനില്‍ക്കുന്നുണ്ട്.
അതേമസമയം, ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനോട് പരസ്യമായ വിയോജിപ്പുകളും ഖത്തര്‍ ഉയര്‍ത്തിയിട്ടുണ്ട്. ബി ജെ പി നേതാവ് നൂപുര്‍ ശര്‍മ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
എന്തായിരുന്നു നാവികര്‍ക്ക് എതിരായ കേസ്?
മലയാളിയായ തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാര്‍, ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത എന്നിവരെയാണ് ഖത്തര്‍ മോചിപ്പിച്ചത്.
2022 ഓഗസ്റ്റ് 30ന് രാത്രിയാണ് എട്ടുപേരെയും ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്‌റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഭാഗമായാണ് ഇവര്‍ ദോഹയിലെത്തിയത്. ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് എട്ടുപേര്‍ക്കെതിരായി ചുമത്തിയ കുറ്റം.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഖത്തര്‍ പരമോന്നത കോടതി എട്ടുപേര്‍ക്കും വധശിക്ഷ വിധിച്ചത്. പിന്നാലെ, വിധിയില്‍ ഇളവ് തേടി ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു. സമാനമായ വിഷയങ്ങളില്‍ കാണാത്ത തരം വേഗതയാണ് ഇന്ത്യ ഈ വിഷയത്തില്‍ എടുത്തത്. 2023 നവംബറിലാണ് ഇന്ത്യയുട അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചത്. തുടര്‍ന്ന് വാദം കേട്ടു. 2023 ഡിസംബര്‍ 28-ന് ഖത്തര്‍ കോടതി വധശിക്ഷ റദ്ദാക്കി. മൂന്നുമുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷയാക്കിയാണ് വധശിക്ഷയില്‍ ഇളവ് വരുത്തിയത്. ഇതിന് പിന്നാലെയാണ് നയതന്ത്ര ചര്‍ച്ചകളിലൂടെ മുന്‍ നാവികസേന ഉദ്യോഗസ്ഥരെ മോചിപ്പിക്കാന്‍ ഇന്ത്യക്കായത്.