കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറെ പൂട്ടാൻ ആർ അശോക്;
കനക്പുരയിൽ തീപാറും

കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറെ പൂട്ടാൻ ആർ അശോക്; കനക്പുരയിൽ തീപാറും

'അശോക ചക്രവർത്തിക്ക്' സ്വാഗതമെന്ന് ഡി കെ, 'ബിഗ് ഫൈറ്റ്' എന്ന് അശോക്
Updated on
2 min read

ബിജെപിയുടെ ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ  ദേശീയ ശ്രദ്ധ ആകർഷിക്കുന്ന കനത്ത പോരാട്ടത്തിന് വേദിയാകുകയാണ് കനക്പുര മണ്ഡലം. മത്സരം കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറും അധ്യക്ഷനുമായ ഡി കെ ശിവകുമാറും ബിജെപിയുടെ കരുത്തനായ സാരഥികളിലൊരാളായ ആർ അശോകും തമ്മിലാകുമ്പോൾ കണ്ടു നിൽക്കുന്നവർക്കും ആവേശമാണ്.

ഓൾഡ് മൈസൂർ മേഖലയിൽപെടുന്ന രാമനഗര ജില്ലയിൽ ആർക്കാവതി നദിക്കരയിലാണ് കനക്പുര എന്ന മണ്ഡലം. നേരത്തെ പേര് സാത്തന്നൂർ എന്നായിരുന്നു. മണ്ഡല പുനർനിർണയം വന്നപ്പോഴാണ് സാത്തനൂർ കനക്പുര ആയത്. 1989 മുതൽ മണ്ഡലത്തിൽ ചുവടുറപ്പിച്ചതാണ്  ദൊഡ്ഡലഹള്ളി കെംപെ ഗൗഡ ശിവകുമാറെന്ന ഡി കെ. 2002ലെ ഉപതെരഞ്ഞെടുപ്പിൽ  മണ്ഡലത്തിൽ എച് ഡി ദേവെ ഗൗഡയോട് അടിയറവ് പറഞ്ഞത് മാത്രമാണ് ഏക തിരിച്ചടി. ഇതൊഴിച്ചുനിർത്തിയാൽ 1999ൽ ദേവെ ഗൗഡയുടെ മകൻ എച് ഡി കുമാരസ്വാമിയോട് പോരിനിറങ്ങിയതുൾപ്പെടെ ഓരോ തവണയും ഭൂരിപക്ഷം ഉയർന്നതല്ലാതെ മണ്ഡലത്തിൽ നിന്ന് മറിച്ചൊരനുഭവം ശിവകുമാറിനുണ്ടായിട്ടില്ല. ജെഡിഎസിന്റെ കുത്തക മേഖലയിൽ ഇങ്ങനെ മിന്നും പ്രകടനം കാഴ്ചവച്ചവർ ചുരുക്കം. എട്ട് തവണയാണ് മണ്ഡലം ഡി കെയെ തുണച്ചത്. 2018ൽ 1,27 552  വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ശിവകുമാറിന്റെ ജയം. മണ്ഡലം ഉൾപ്പെടുന്ന പ്രദേശം വൊക്കലിഗ ബെൽറ്റാണ്. കോൺഗ്രസിന്റെ വോട്ടു ബാങ്കാണ് ഇത്. വൊക്കലിഗ സമുദായക്കാരാണ്‌ കനകപൂരയിൽ   ഏറ്റുമുട്ടുന്ന  ശിവകുമാറും ആർ അശോകും.

"അശോക ചക്രവർത്തി വരട്ടെ, സ്വാഗതം. ചക്രവർത്തിക്ക് നല്ല സ്വീകരണം നൽകും. ബിജെപി പ്രവർത്തകരും വരട്ടെ, ആതിഥ്യ മര്യാദയ്ക്ക് പേരുകേട്ട നാടാണ് കനക്പുര. കനക്പുരയിൽ നല്ല മിലിട്ടറി ഹോട്ടലുകൾ ( മാംസാഹാരം ലഭിക്കുന്ന ഹോട്ടൽ ) ഉണ്ട്. അവർ വന്നു ഭക്ഷണം കഴിച്ചു പോട്ടെ"  ആർ അശോകിന്റെ സ്ഥാനാർഥിത്വം മത്സരം കടുപ്പിക്കുമോയെന്ന ചോദ്യത്തിന് ശിവകുമാറിന്റെ പരിഹാസം കലർന്ന മറുപടി.

കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറെ പൂട്ടാൻ ആർ അശോക്;
കനക്പുരയിൽ തീപാറും
കര്‍ണാടകയില്‍ ഹിജാബ് വിരുദ്ധ പോരാളിക്കും ടിക്കറ്റില്ല; ബിജെപിക്കെതിരെ ഉഡുപ്പി എംഎൽഎ രഘുപതി ഭട്ട്

വോട്ടെടുപ്പിന് മുൻപുള്ള ഒരാഴ്ച പ്രചാരണം നയിച്ചാൽ മാത്രം മതി എന്ന ആത്മവിശ്വാസത്തിലായിരുന്ന ഡി കെ ശിവകുമാറിന് ഇത്തവണ ശക്തമായ വെല്ലുവിളിയുമായാണ് ബൊമ്മെ മന്ത്രിസഭയിൽ റവന്യു മന്ത്രിയായ ആർ അശോക് ഇറങ്ങുന്നത്. ശക്തനായ എതിരാളികളുടെ അഭാവത്തിൽ ഡി കെ ശിവകുമാർ നടത്തുന്ന തേരോട്ടം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ബെംഗളൂരുവിലെ കെപിസിസി ആസ്ഥാനത്ത് അധിക സമയം ചിലവഴിക്കാൻ ഇനി ഡി കെ ശിവകുമാറിനായെന്ന് വരില്ല. സകല സന്നാഹങ്ങളുമായി കനക്പുരയിൽ തന്നെ നിലയുറപ്പിക്കേണ്ടി വരും. 'ഡബിൾ എൻജിൻ' മാഹാത്മ്യം പറഞ്ഞ് വൊക്കലിഗ- ദളിത് വോട്ടുകൾ പെട്ടിയിലാക്കിയാൽ വിജയമുറപ്പിക്കാമെന്നാണ് ആർ അശോകിനെ ഇറക്കുമ്പോൾ ബിജെപി കണക്കുക്കുട്ടുന്നത്. അധികം വേരോട്ടമില്ലാത്ത മേഖലയിൽ ശക്തനായ നേതാവിനെ ഇറക്കുന്നത്  തൊട്ടടുത്ത മണ്ഡലങ്ങളിലെയും വിജയ സാധ്യതയേറ്റുമെന്നാണ്  പ്രതീക്ഷ. അധികം വൈകാതെ, ദേശീയ നേതാക്കളുടെ വൻപട തന്നെ മണ്ഡലത്തിലിറങ്ങും.

കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറെ പൂട്ടാൻ ആർ അശോക്;
കനക്പുരയിൽ തീപാറും
തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് ഈശ്വരപ്പ, ശിവമോഗയിൽ പ്രതിഷേധം; സ്ഥാനാർഥി പട്ടികയിൽ തീരുമാനമാകാതെ കർണാടക ബിജെപി

"മത്സരം കടുത്തതാകും കനക്പുരയിൽ. പാർട്ടി ഇങ്ങനെയൊരു ദൗത്യം തന്നെ ഏൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല. എന്തായാലും പാർട്ടി ഉത്തരവ് അനുസരിക്കും. പാർട്ടിക്ക് വിജയം സമ്മാനിക്കും" ആർ അശോകിന്റെ പ്രതികരണമിങ്ങനെ.
കനക്പുരയിൽ വിജയമുറപ്പില്ലാത്തതുകൊണ്ട് തന്നെ സിറ്റിങ് സീറ്റായ പത്മനാഭ നഗറിലും ബിജെപി ആർ അശോകിന് ടിക്കറ്റ് നൽകിയിട്ടുണ്ട്. അശോക് കനക്പുരയിൽ ഇറങ്ങിയ സ്ഥിതിക്ക് പത്മനാഭ നഗറിൽ കൂടുതൽ കരുത്തനെ ഇറക്കി മത്സരം കടുപ്പിക്കാൻ കോൺഗ്രസ് നീക്കമുണ്ട്. നിലവിൽ മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഡി കെ ശിവകുമാറിന്റെ സഹോദരനും ബെംഗളൂരു റൂറൽ എം പിയുമായ ഡി കെ സുരേഷിനെ ഇറക്കിയേക്കുമെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in