കൊല്‍ക്കത്തയിലെ ബലാത്സംഗക്കൊല: ആരോപണവിധേയനായ ആർ ജി കർ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അഴിമതിക്കേസില്‍ അറസ്റ്റില്‍
കൊല്‍ക്കത്തിയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായ ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസില്‍ സെൻട്രല്‍ ബ്യൂറൊ ഓഫ് ഇൻവെസ്റ്റിഗേഷനാണ് (സിബിഐ) സന്ദീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ആഴ്ചയോളമായി സന്ദീപിനെ സിബിഐ ചോദ്യം ചെയ്തുവരികയാണ്. ബലാത്സംഗക്കേസില്‍ സന്ദീപിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന.
ആർ ജി കറിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലിയുടെ പരാതിയിലായിരുന്നു സാമ്പത്തിക തിരിമറിയില്‍ സന്ദീപിനെതിരെ അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തിരിമറിക്ക് പുറമെ മെഡിക്കല്‍ വേസ്റ്റ് അഴിമതി, സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യല്‍, സ്വജനപക്ഷപാതം എന്നീ ആരോപണങ്ങളും സന്ദീപിനെതിരെയുണ്ട്.
അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പ്, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് സന്ദീപിന് മുകളില്‍ ചുമത്തിയിരിക്കുന്നത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു സിബിഐ കേസേറ്റെടുത്തതും എഫ്ഐആർ രജിസ്റ്റർ ചെയ്തതും. കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നായിരുന്നു കേസേറ്റെടുത്തത്.
2021 ഫെബ്രുവരിയിലാണ് മെഡിക്കല്‍ കോളേജിന്റെ പ്രിൻസിപ്പല്‍ സ്ഥാനത്ത് സന്ദീപെത്തുന്നത്. 2023 സെപ്തംബർ വരെ സ്ഥാനത്തുതുടർന്നു. 2023 ഒക്ടോബറില്‍ ട്രാൻസ്ഫർ ലഭിച്ചെങ്കിലും ഒരു മാസത്തിനുള്ളില്‍ തന്നെ പ്രിൻസിപ്പലായി വീണ്ടും ചുമതലയേല്‍ക്കുകയായിരുന്നു.
ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്കിരയായതുവരെ പ്രിൻസപ്പലായി തുടർന്നിരുന്നു. ഓഗസ്റ്റ് ഒൻപതിനാണ് കോളേജിന്റെ സെമിനാർ ഹോളില്‍ ജൂനിയർ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നടപടി ആവശ്യപ്പെട്ടും ആരോഗ്യപ്രവർത്തകരുടേയും സ്ത്രീകളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യവ്യാപകമായ പ്രതിഷേധമുണ്ടായി.
ബലാത്സംഗക്കൊലയില്‍ സിവിക് വോളന്റീറായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.