'പുറത്താക്കപ്പെട്ട പാർലമെന്റ് അംഗം': ബയോ തിരുത്തി രാഘവ് ഛദ്ദ
വ്യാജ ഒപ്പിന്റെ പേരില്‍ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലെ ബയോ 'പുറത്താക്കപ്പെട്ട പാർലമെന്റ് അംഗം' എന്ന് തിരുത്തി ആംആദ്മി എം പി രാഘവ് ഛദ്ദ. എക്സിലെ ബയോയാണ് 'സസ്‌പെൻഡഡ് മെമ്പര്‍ ഓഫ് പാര്‍ലമെന്റ്, ഇന്ത്യ' എന്നാക്കിയത്. ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ പരിശോധിക്കാനുള്ള സമിതിയിലേക്ക് അഞ്ച് എം പിമാരുടെ പേര് അവരുടെ സമ്മതമില്ലാതെ ഉള്‍പ്പെടുത്തിയെന്നാണ് രാഘവ് ഛദ്ദയ്‌ക്കെതിരായ ആരോപണം.
മുൻപ് അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ വയനാട് എം പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയും സമാനമായ രീതിയില്‍ പ്രതിഷേധിച്ചിരുന്നു. പാർലമെന്റ് അംഗം എന്നതിന് പകരമായി (അ)യോഗ്യനാക്കപ്പെട്ട എം പി (Dis'Qualified MP) എന്നാണ് രാഹുൽ ട്വിറ്റർ, ഫേസ്ബുക്ക് പ്രൊഫൈൽ ബയോയിൽ മാറ്റിയത്.
മുമ്പ് എക്‌സില്‍ പങ്ക് വച്ച ഒരു വീഡിയോയില്‍ താന്‍ രാജ്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപെട്ടതിന്റെ കാരണമെന്തെന്ന് രാഘവ് ഛദ്ദ ചോദിച്ചിരുന്നു. 'എന്തിനാണ് എന്നെ സസ്‌പെന്‍ഡ് ചെയ്തത്? എന്തായിരുന്നു ഞാന്‍ ചെയ്ത കുറ്റം? ബിജെപി എന്ന ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാക്കളോട് ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടാണോ എന്നെ സസ്‌പെന്‍ഡ് ചെയ്തത്? അതോ ഡല്‍ഹി ഭരണ ബില്ലിനെ കുറിച്ചുള്ള എന്റെ ചിന്തകള്‍ മുന്നോട്ടുവച്ചതും ബിജെപിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചതുമാണോ ഞാന്‍ ചെയ്ത കുറ്റം എന്നായിരുന്നു വീഡിയോയില്‍ ഛദ്ദയുടെ ചോദ്യം. രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപി എന്ന് സ്വയം വിശേഷിപ്പിച്ച് കൊണ്ടാണ് ഛദ്ദ വീഡിയോ ആരംഭിച്ചത്.
ബിജെപിയുടെ ആരോപണങ്ങള്‍ തള്ളിയ ഛദ്ദ, താന്‍ വ്യാജ ഒപ്പിട്ടെന്ന് ആരോപിക്കുന്നു. പക്ഷേ ഏത് എംപിക്കും ഏത് സമിതിയുടെ രൂപീകരണത്തിനും പേര് നിര്‍ദ്ദേശിക്കാന്‍ കഴിയും എന്നതാണ് സത്യം. പേര് നിര്‍ദ്ദേശിച്ച വ്യക്തിയുടെ ഒപ്പോ രേഖാമൂലമുള്ള സമ്മതമോ അതിന് ആവശ്യമില്ലെന്നും ഛദ്ദ വിശദീകരിച്ചിരുന്നു.
അവകാശലംഘന പരാതിയിൽ പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ട് സമര്‍പ്പിക്കുന്നതുവരെ രാഘവ് ഛദ്ദയെ സസ്‌പെന്‍ഡ് ചെയ്യാന്‍ സഭാ നേതാവ് പിയൂഷ് ഗോയല്‍ കൊണ്ടുവന്ന പ്രമേയം രാജ്യസഭ പാസാക്കുകയായിരുന്നു. ഡൽഹി ഭരണ നിയന്ത്രണ ബിൽ പരിശോധിക്കാൻ സെലക്ട് കമ്മിറ്റിയെ രാഘവ് ഛദ്ദ നിർദേശിച്ചിരുന്നു. അതിലേക്ക് എംപിമാരായ സസ്മിത് പത്ര, എസ് ഫാങ്‌നോൺ കൊന്യാക് , നർഹരി അമിൻ , സുധാംശു ത്രിവേദി , എം തമ്പിദുരൈ എന്നിവരുടെ പേരാണ് നിർദേശിച്ചിരുന്നത്.
എന്നാൽ, തങ്ങളുടെ സമ്മതമില്ലാതെയാണ് പേരുകൾ സെലക്ട് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് എംപിമാർ ആരോപിക്കുകയായിരുന്നു
രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന രണ്ടാമത്തെ എഎപി അംഗമാണ് രാഘവ് ഛദ്ദ. തുടര്‍ച്ചയായി രാജ്യസഭാ ചെയര്‍മാന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന പേരില്‍ ജൂലൈ 24ന് എഎപി അംഗമായ സഞ്ജയ് സിങ്ങിനെയും രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡല്‍ഹി ഭരണ നിയന്ത്രണം സംബന്ധിച്ച ഓര്‍ഡിനന്‍സിന് പകരം കേന്ദ്ര സര്‍ക്കാര്‍ മുമ്പോട്ട് വച്ച ബില്ലിനെതിരെ ആവര്‍ത്തിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതി ധന്‍ഖര്‍ അദ്ദേഹത്തെ ശാസിക്കുകയുണ്ടായി.