'സെബിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു, മാധബി ബുച്ച് രാജി വയ്ക്കാത്തത് എന്തുകൊണ്ട്?' കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി

'സെബിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു, മാധബി ബുച്ച് രാജി വയ്ക്കാത്തത് എന്തുകൊണ്ട്?' കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി

മാധബി ബുച്ചിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോർട്ടിനെ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു
Updated on
1 min read

നിക്ഷേപകരുടെ സമ്പത്ത് രക്ഷിക്കാൻ ഉത്തരവാദിത്തമുള്ള സെബിയുടെ ചെയർപേഴ്‌സന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് എന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തുടനീളമുള്ള സത്യസന്ധരായ നിക്ഷേപകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും രാഹുൽ പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വിമർശനം. മാധബി ബുച്ചിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോർട്ടിനെ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.

ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നിട്ടും സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ച് രാജി വെയ്ക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് രാഹുല്‍ ഗാന്ധി പ്രധാനമായും ഉന്നയിക്കുന്നത്. നിക്ഷേപകരുടെ പണം നഷ്ടപ്പെടുകയാണെങ്കില്‍, ആരാണ് ഉത്തരവാദി, പ്രധാനമന്ത്രി മോദിയോ സെബി ചെയര്‍പേഴ്സനോ ഗൗതം അദാനിയോ? എന്നും രാഹുല്‍ ചോദിക്കുന്നു. പുതിയ റിപ്പോര്‍ട്ട് വളരെ ഗുരുതരമാണ്, ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ഈ വിഷയം ഒരിക്കല്‍ കൂടി സ്വമേധയാ പരിശോധിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

'സെബിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു, മാധബി ബുച്ച് രാജി വയ്ക്കാത്തത് എന്തുകൊണ്ട്?' കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി
'ജാതി ഇന്ത്യയെ ഏകീകരിക്കുന്ന ഘടകം, തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമം'; ജാതി വ്യവസ്ഥയെ ന്യായീകരിച്ച് ആര്‍എസ്എസ് മുഖമാസിക

അതേസമയം, അദാനി ഗ്രൂപ്പിന് എതിരരെ നേരത്തെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ട ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി ) അന്വേഷണത്തിന് സര്‍ക്കാരും നരേന്ദ്രമോദിയും തയ്യാറാകാതിരുന്നതിന്റെ കാരണം കൂടിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് എന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറയുന്നു.

അതിനിടെ, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് തള്ളി സെബി രംഗത്തെത്തി. അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയിട്ടില്ലെന്നാണ് സെബിയുടെ പ്രതികരണം. അദാനി ഗ്രൂപ്പിന് എതിരായ 24 ആക്ഷേപങ്ങളില്‍ 23 എണ്ണവും സെബി അന്വേഷിച്ചിരുന്നു. ബാക്കിയുള്ള ഒന്നിലെ നടപടി കൂടി ഉടന്‍ പൂര്‍ത്തിയാക്കും. അദാനി ഗ്രൂപ്പിന് നോട്ടീസ് നല്‍കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നുവെന്നും സെബി പറയുന്നു.

ചെയര്‍പേഴ്സന്‍ മാധബി ബുച്ചിന് എതിരെ ഉയര്‍ന്ന ആരോപണവും നേരത്തെ അവര്‍ നിഷേധിച്ചിരുന്നു നിക്ഷേപകര്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ഇത്തരം റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുമ്പോള്‍ അതിലെ കാര്യങ്ങള്‍ പരിശോധിക്കണം. ഹിന്‍ഡന്‍ബര്‍ഗ് അവരുടെ റിപ്പോര്‍ട്ട് എപ്പോഴും കൃത്യമാവണമെന്ന് പറയുന്നില്ലെന്നും സെബി പ്രസ്താവനയില്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in