ഒരാള്‍ക്ക് ഒരു പദവിയെന്ന് രാഹുല്‍ ഗാന്ധി; അശോക് ഗെഹ്ലോട്ടിന്റെ മോഹങ്ങള്‍ പൊലിയുന്നു

ഒരാള്‍ക്ക് ഒരു പദവിയെന്ന് രാഹുല്‍ ഗാന്ധി; അശോക് ഗെഹ്ലോട്ടിന്റെ മോഹങ്ങള്‍ പൊലിയുന്നു

വിശ്വസ്തരിൽ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഗെഹ്ലോട്ട് മുന്നോട്ടുവെക്കാനുള്ള സാധ്യതയേറുന്നു
Updated on
1 min read

രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം നിലനിർത്തി എഐസിസി അധ്യക്ഷനാകാമെന്ന അശോക് ഗെഹ്ലോട്ടിന്റെ സ്വപ്നത്തിന് തടയിട്ട് രാഹുൽ ഗാന്ധി. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി നയം തുടരുമെന്ന് രാഹുൽഗാന്ധി വ്യക്തമാക്കി. ഗാന്ധി കുടുംബത്തിന്റെ നോമിനിയായി കോൺഗ്രസ് അധ്യക്ഷനാകുമെന്ന് കരുതുന്ന ഗെഹ്ലോട്ട് ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. തന്റെ വിശ്വസ്തരിൽ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഗെഹ്ലോട്ട് മുന്നോട്ടുവെക്കാനുള്ള സാധ്യതയേറുകയാണ്.

തന്റെ വിശ്വസ്തരിൽ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഗെഹ്ലോട്ട് മുന്നോട്ടുവെക്കാനുള്ള സാധ്യതയേറുന്നു

ബുധനാഴ്ച ഗെഹ്ലോട്ട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗെഹ്ലോട്ട് മത്സരിക്കുമെന്ന വാർത്തകള്‍ ശക്തമായതിന്റെ പിന്നാലെയാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. എറണാകുളത്ത് മാധ്യമങ്ങളെ കാണവെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളിയായ സച്ചിന്‍ പൈലറ്റ് ആ സ്ഥാനത്തേക്ക് എത്തുമോയെന്നതാണ് ഗെഹ്ലോട്ടിന്റെ ആശങ്ക. ഇരട്ട പദവി തർക്കങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഗെഹ്ലോട്ട് പ്രതികരിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്, മുഖ്യമന്ത്രി സ്ഥാനങ്ങള്‍ ഒരേ സമയം വഹിക്കാമെന്നും 'ഒരാള്‍ക്ക് ഒരു പദവി' നാമനിർദേശത്തിലൂടെ ലഭിക്കുന്ന സ്ഥാനങ്ങള്‍ക്ക് മാത്രമാണെന്നുമാണ് ഗെഹ്ലോട്ടിന്റെ നിലപാട്. എന്നാല്‍, രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് രംഗത്തുവന്നിരുന്നു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരിക്കാമെന്നും ഭാരത് ജോഡോ യാത്രയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in